തിരുവനന്തപുരം: ശോഭാ സുരേന്ദ്രൻ ഇഫക്ടിൽ ഞെട്ടി കേരളം. കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ എത്തിയതിന് പിന്നാലെ ശബരിമലയും ചർച്ചാവിഷയമായി. കാര്യവട്ടം ധർമ ശാസ്താ ക്ഷേത്ര മുറ്റത്ത് നൂറു കണക്കിനു സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കു നടുവിൽ വിരിഞ്ഞ താമരപ്പൂ ഉയർത്തിക്കാട്ടി ശോഭ സുരേന്ദ്രന്റെ തീപ്പൊരി പ്രസംഗവും കേരളം ഏറ്റെടുക്കുകയാണ്. തൃശൂരിൽ സുരേഷ് ഗോപിയും മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും ശബരിമയിൽ വോട്ട് ചോദിക്കുന്നു. ഇതോടെ സിപിഎം പ്രതിരോധത്തിലുമായി. കോൺഗ്രസും ഏറ്റവും നല്ല പ്രചരണായുധം ശബരിമലയാണെന്ന് തിരിച്ചറികയുണ്.

'ഈ തിരഞ്ഞെടുപ്പിൽ കടകംപള്ളി സുരേന്ദ്രനെ എതിരാളിയായി കിട്ടിയതിൽ ഞാൻ ദൈവത്തോടു നന്ദി പറയുന്നു. ഇവിടുത്തെ ജനങ്ങളുടെ വോട്ട് നേടി മന്ത്രിയായ ശേഷം ശബരിമലയിലെ വിശ്വാസങ്ങൾ ചവിട്ടിയരയ്ക്കാനുള്ള ദുഷ്‌ചെയ്തികൾക്കു നേതൃത്വം നൽകിയ അദ്ദേഹത്തിനുള്ള ശിക്ഷ ഇത്തവണ ഈ നാടു തന്നെ നൽകും. ഞാനിവിടേക്കു വരുന്നുവെന്ന് അറിഞ്ഞ് സന്തോഷത്തോടെ വിളിച്ചവരിൽ ബിജെപിക്കാർ മാത്രമല്ല, കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ആൾക്കാരുമുണ്ട്. ഈശ്വര നിയോഗമാണിത്. മികച്ച ഭൂരിപക്ഷത്തിലുള്ള വിജയം ഉറപ്പ്-കഴക്കൂട്ടത്ത് ശോഭ തുടങ്ങുന്നത് ഇങ്ങനെയാണ്.

ശബരിമലയിൽ സ്വീകരിച്ച നിലപാടുകളിൽ മന്ത്രി ക്ഷമാപണം നടത്തിയെങ്കിലും ദേശീയ സെക്രട്ടറി സീതാറാം യച്ചൂരി വിരുദ്ധമായ നിലപാട് സ്വീകരിച്ചതോടെ വിശ്വാസം വീണ്ടും ചർച്ചാവിഷയമായി. ഓൾ ഇന്ത്യ പ്രഫഷനൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എസ്.എസ്.ലാൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി കൂടി എത്തിയതോടെ കഴക്കൂട്ടം മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങിയത്. എന്നാൽ കേരളത്തിൽ ആകെ ശബരിമല വിഷയം കത്തി പടരുകയാണ് വീണ്ടും. മുഖ്യമന്ത്രി പിണറായി വിജയന് ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ഇറങ്ങേണ്ടി വന്നു. അപ്പോൾ നവോത്ഥാനത്തിന് വേണ്ടി നിന്ന പിണറായിക്ക് കൃത്യമായ ഉത്തരം നൽകാനാകുന്നില്ല. ഈ രാഷ്ട്രീയ സാഹചര്യത്തെയാണ് ശോഭ കത്തിക്കുന്നതും.

ഇന്നലെ വൈകിട്ടാണ് ശോഭ റോഡ് ഷോയുമായി പ്രചരണം തുടങ്ങിയത്. ശോഭയുടെ പ്രസംഗത്തിനൊടുവിൽ പാർട്ടി മുദ്രാവാക്യങ്ങളെക്കാൾ ഉയർന്നതു ശരണം വിളികളായിരുന്നു. ശബരിമലയ്ക്ക് ഈ പ്രചരണ കാലത്തും ആയുസുണ്ടെന്ന് തെളിയിക്കുന്ന ഇടപെടൽ. അയ്യപ്പക്ഷേത്ര ദർശനം നടത്തി ക്ഷേത്ര മുറ്റത്തു നിന്ന് ശരണം വിളികളോടെ ആരംഭിച്ച റോഡ് ഷോയുമായി ശോഭ പര്യടനം തുടങ്ങുമ്പോൾ ദേവസ്വം മന്ത്രിയുടെ മണ്ഡലത്തിൽ ശബരിമല തന്നെയാണു ബിജെപിക്ക് മുഖ്യശരണം. എന്നാൽ അതിനൊപ്പം കഴക്കൂട്ടം ബൈപാസ് വികസനത്തിനായി മോദി സർക്കാർ 860 കോടി ചെലവഴിച്ചതുൾപ്പെടെയുള്ള വികസനവും ചർച്ചയാക്കുമെന്നും ശോഭ പറഞ്ഞു.

കഴക്കൂട്ടത്ത് ശോഭയ്ക്ക് ആവേശകരമായ സ്വീകരണമാണ് പാർട്ടി ഒരുക്കിയത്. കാര്യവട്ടം ജംക്ഷനിൽ നിന്ന് പുഷ്പ വൃഷ്ടിയും പഞ്ചവാദ്യവും വെടിക്കട്ടുമായാണ് സ്ഥാനാർത്ഥിയെ വരവേറ്റത്. കർണാടക ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണനും എത്തിയിരുന്നു. ക്ഷേത്ര ദർശനം നടത്തിയിറങ്ങിയ ശോഭയ്ക്കു മത്സരത്തിനു കെട്ടിവയ്ക്കാനുള്ള തുക നൽകിയത് ക്ഷേത്രത്തിലെ മാതൃ സമിതിയും. ഒട്ടേറെ ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ നടന്ന റോഡ് ഷോ മണ്ഡലത്തിലെ പ്രധാന റോഡുകളിലൂടെയെല്ലാം കടന്നു പോയി.

ഇരുമുന്നണികളെയും മാറിമാറി പിന്തുണച്ച ചരിത്രമുള്ള മണ്ഡലം ശ്രദ്ധനേടിയത് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി നേതാവ് വി.മുരളീധരൻ രണ്ടാം സ്ഥാനത്തെത്തിയതോടെയാണ്. 2011ലെ 7508 വോട്ട് 42,732 വോട്ടായി ഉയർന്നു. കേന്ദ്രസഹമന്ത്രിയായ മുരളീധരന് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടത്തുനിന്ന് മത്സരിക്കാനായിരുന്നു താൽപര്യം. സംസ്ഥാനതലത്തിൽ പ്രവർത്തിക്കാനുള്ള താൽപര്യം അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല. പിന്നെ ശോഭയുടെ ഊഴമായി. ബിജെപിക്ക് അകത്തുള്ള എല്ലാ പാരകളേയും അതിജീവിച്ച് ശബരിമലയുമായി ശോഭ എത്തി.

2001ൽ കോൺഗ്രസ് നേതാവ് എം.എ.വാഹിദ് സ്വതന്ത്രനായി മത്സരിച്ച് രണ്ടു മുന്നണികളെയും തോൽപിച്ച മണ്ഡലമാണ് കഴക്കൂട്ടം. അപ്പോഴും അതിനു മുൻപും ലീഗിനായിരുന്നു യുഡിഎഫിൽ സീറ്റ്. 2016 വരെ വാഹിദ് മണ്ഡലം നിലനിർത്തി. കഴിഞ്ഞ തവണ കടകംപള്ളി 7374 വോട്ടിനു മണ്ഡലം തിരിച്ചു പിടിച്ചു. ഗ്രാമ-നഗര മേഖലകൾ ഇടകലർന്നു കിടക്കുന്ന മണ്ഡലമാണ് കഴക്കൂട്ടം. മെട്രോ നഗരമായി കുതിക്കുന്ന ഐടി മേഖല. ഒരു വശത്ത് വിശാലമായ തീരദേശം. തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ലഭിച്ചത് 48,799 വോട്ട്. യുഡിഎഫിന് 31,979വോട്ടും എൻഡിഎയ്ക്കു 36,309 വോട്ടും.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശശി തരൂരിന് കഴക്കൂട്ടം നിയമസഭാ മണ്ഡലത്തിൽ ലഭിച്ച ലീഡ് 1490 വോട്ട്. കുമ്മനമാണ് കഴക്കൂട്ടത്ത് രണ്ടാമതെത്തിയത്. 21 കോർപറേഷൻ വാർഡുകൾ ഉൾപ്പെടുന്നതാണ് മണ്ഡലം. തദ്ദേശ വാർഡുകളിൽ മിക്കതും ഭരിക്കുന്നത് എൽഡിഎഫ്. രണ്ടാം സ്ഥാനത്ത് ബിജെപിയും. ലോക്‌സഭയിലെ ശശി തരൂരിന്റെ ചെറിയ ലീഡിനെ മറികടക്കുന്ന വോട്ടുകൾ കഴക്കൂട്ടത്ത് നേടുകയാണ് ശോഭയുടെ ലക്ഷ്യം.