തിരുവനന്തപുരം: സിപിഎം നിയന്ത്രണത്തിലുള്ള തൃശൂർ ജില്ലയിലെ കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിൽ നൂറ് കോടിയുടെ വായ്പ തട്ടിപ്പ് കണ്ടെത്തിയ സംഭവം അതീവ ഗുരുതരമാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള സഹകരണ ബാങ്കുകളിൽ ഇത്തരത്തിൽ നടക്കുന്ന ക്രമക്കേടുകൾ മുൻപും പലതവണ പുറത്തുവന്നതാണ്.

സഹകരണ സംഘങ്ങൾ സാധാരണക്കാരായ ജനങ്ങളെ ശാക്തീകരിക്കുന്നതിനും അവരെ സാമ്പത്തികമായി മുന്നോട്ടു കൊണ്ടു വരുന്നതിനും വേണ്ടിയാകേണ്ടതാണ്. എന്നാൽ കള്ളപ്പണം സൂക്ഷിക്കാനുള്ള ലോക്കറുകളായി സിപിഎം അതിനെ മാറ്റി തീർത്തു. ഇക്കാര്യത്തിൽ സിപിഐഎമ്മിന് ശക്തമായ പിന്തുണ നൽകുന്ന നിലപാടാണ് കോൺഗ്രസിനും.

ഇതിനെ തുടർന്നാണ് കേന്ദ്രത്തിൽ ഒരു സഹകരണ വകുപ്പ് രൂപീകൃതമായപ്പോൾ ഇക്കൂട്ടർ സംഘടിതമായി അതിനെ ആക്രമിക്കാൻ ശ്രമിച്ചതും. കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നടന്ന തട്ടിപ്പ് കേരളത്തിൽ സിപിഐ എം നടത്തിയ തട്ടിപ്പുകളുടെ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി.