തിരുവനന്തപുരം: ദേശീയ നിർവാഹസമിതിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ബിജെപി നേതൃത്വത്തിനുള്ള പരോക്ഷ ഒളിയമ്പാണ് ഇത്. പിപി മുകുന്ദൻ ഫെയ്‌സ് ബുക്കിലൂടെ പുനഃസംഘടനയിൽ കടന്നാക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ശോഭാ സുരേന്ദ്രനും പ്രതികരണവുമായി എത്തുന്നത്.

വ്യാഴാഴ്ച പുറത്തുവന്ന ദേശീയ നിർവാഹകസമിതിയിൽ കേരളത്തിൽ നിന്ന് ശോഭാ സുരേന്ദ്രനേയും അൽഫോൻസ് കണ്ണന്താനത്തേയും ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെ പാർട്ടിക്കകത്ത വലിയ രീതിയിൽത്തന്നെ അസ്വാരസ്യം നിലനിൽക്കുന്നുണ്ട്. ശോഭാ സുരേന്ദ്രനെ പോലുള്ളവർ പാർട്ടി വിടുമെന്ന അഭ്യൂഹവും ശക്തമാണ്. ഇതിനിടെയാണ് ശോഭയുടെ പ്രതികരണം എത്തുന്നത്. ബിജെപിയിൽ ഉറച്ചു നിൽക്കുമെന്ന സൂചനകളാണ് ഈ പോസ്റ്റിലും ശോഭ നൽകുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ പലവട്ടം ശോഭാ സുരേന്ദ്രൻ നിലപാട് സ്വീകരിച്ചിട്ടുണ്ട്.

പതിമൂന്നാമത്തെ വയസ്സിൽ ബാലഗോകുലത്തിലൂടെ സാമൂഹ്യപ്രവർത്തനം ആരംഭിച്ച ആളാണ് താനെന്നും ഇതു വരെ പദവികൾക്കു പുറകെ പോയിട്ടില്ലെന്നും പദവികളിലേക്കുള്ള പടികൾ പ്രലോഭിപ്പിച്ചിട്ടില്ലെന്നും ശോഭാ സുരേന്ദ്രൻ ഫോസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ജനാധിപത്യ സമൂഹത്തിൽ ജനപിന്തുണയാണ് പ്രധാനമെന്നും എന്നാൽ തന്നെ പൂജിക്കാത്തവരെ ചുട്ടുകൊല്ലുമെന്നും, കൊടുങ്കാറ്റായി വന്ന് പറത്തിക്കളയുമെന്നും, കടലിലെറിഞ്ഞു കൊല്ലുമെന്നും ഹിരണ്യകശ്യപു ഭയപ്പെടുത്തിയിട്ടും സ്വന്തം നിലപാടിൽ ഉറച്ചു നിന്ന പ്രഹ്ലാദനെയും, പ്രഹ്ലാദനെ നിരന്തരം ആക്രമിച്ച ഹിരണ്യകശ്യപുവിനെയും ഓർക്കുന്നത് നല്ലതാണെന്നും അവർ പറഞ്ഞു.

'' ജനങ്ങൾക്കിടയിലെ പ്രവർത്തനത്തിന് ഒരു ചുമതലയുടെയും ആവശ്യമില്ലെന്ന് തെളിയിച്ച ഒരുപാടു മഹദ് വ്യക്തികളുടെ ഉദാഹരണം ഭാരതത്തിലും കേരളത്തിലും നമുക്കു മുന്നിലുണ്ട്. നമ്മുടെ ജനാധിപത്യ സമൂഹത്തിൽ ജനപിന്തുണയാണ് പ്രധാനം. എന്നാൽ, തന്നെ പൂജിക്കാത്തവരെ ചുട്ടുകൊല്ലുമെന്നും, കൊടുങ്കാറ്റായി വന്ന് പറത്തിക്കളയുമെന്നും, കടലിലെറിഞ്ഞു കൊല്ലുമെന്നും ഹിരണ്യകശ്യപു ഭയപ്പെടുത്തിയിട്ടും സ്വന്തം നിലപാടിൽ ഉറച്ചു നിന്ന പ്രഹ്ലാദനെയും, പ്രഹ്ലാദനെ നിരന്തരം ആക്രമിച്ച ഹിരണ്യകശ്യപുവിനെയും ഓർക്കുന്നത് നല്ലതാണ്,'' ശോഭാ സുരേന്ദ്രൻ ഫേസ്‌ബുക്കിലെഴുതി.

നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ രംഗത്തെത്തിയിരുന്നയാളാണ് ശോഭാ സുരേന്ദ്രൻ. സുരേന്ദ്രൻ രണ്ട് മണ്ഡലത്തിൽ മത്സരിക്കുന്നതിനേയും ശോഭ പരിഹസിച്ചിരുന്നു. പിന്നീട് കഴക്കൂട്ടത്ത് മത്സരിക്കാൻ അവസരം കിട്ടിയതോടെ ശോഭ വഴങ്ങി. എന്നാൽ പ്രതീക്ഷിച്ച വോട്ടുകൾ ശോഭയ്ക്ക് കിട്ടിയില്ല. ഇതിന് പിന്നാലെയാണ് ദേശീയ നിർവ്വാഹക സമിതിയിൽ നിന്നും ശോഭയെ മാറ്റുന്നത്.

ശോഭാ സുരേന്ദ്രന്റെ കുറിപ്പ് പൂർണരൂപം

കഴിഞ്ഞ ഒന്ന് രണ്ട് ദിവസമായി നിരവധി പ്രവർത്തകരും അഭ്യുദയകാംക്ഷികളും നിരന്തരം വിളിച്ചു കൊണ്ടിരിക്കുകയാണ്. പതിമൂന്നാമത്തെ വയസ്സിൽ ബാലഗോകുലത്തിലൂടെ സാമൂഹ്യപ്രവർത്തനം ആരംഭിച്ചതാണ്. ഇതു വരെ പദവികൾക്കു പുറകെ പോയിട്ടില്ല: പദവികളിലേക്കുള്ള പടികൾ പ്രലോഭിപ്പിച്ചിട്ടുമില്ല. എന്നാൽ, ഞാൻ ജീവനെപ്പോലെ സ്‌നേഹിക്കുകയും സത്യസന്ധമായി സേവിക്കുകയും ചെയ്യുന്ന പ്രസ്ഥാനം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകൾക്കിടെ പല ദൗത്യങ്ങൾ ഏൽപ്പിച്ചു, അവ കലർപ്പില്ലാത്ത സമർപ്പണമനോഭാവത്തോടെ നിറവേറ്റി എന്ന് ഉറച്ചു വിശ്വസിക്കുന്നു.

ശ്രീരാമ ഭഗവാൻ സേതുസമുദ്രം നിർമ്മിച്ചപ്പോൾ അണ്ണാറക്കണ്ണനും തന്നാലായത് എന്നതു പോലെ. ജനങ്ങൾക്കിടയിലെ പ്രവർത്തനത്തിന് ഒരു ചുമതലയുടെയും ആവശ്യമില്ലെന്ന് തെളിയിച്ച ഒരുപാടു മഹദ് വ്യക്തികളുടെ ഉദാഹരണം ഭാരതത്തിലും കേരളത്തിലും നമുക്കു മുന്നിലുണ്ട്. നമ്മുടെ ജനാധിപത്യ സമൂഹത്തിൽ ജനപിന്തുണയാണ് പ്രധാനം. എന്നാൽ, തന്നെ പൂജിക്കാത്തവരെ ചുട്ടു കൊല്ലുമെന്നും, കൊടുങ്കാറ്റായി വന്ന് പറത്തിക്കളയുമെന്നും, കടലിലെറിഞ്ഞു കൊല്ലുമെന്നും ഹിരണ്യകശ്യപു ഭയപ്പെടുത്തിയിട്ടും സ്വന്തം നിലപാടിൽ ഉറച്ചു നിന്ന പ്രഹ്ലാദനെയും, പ്രഹ്ലാദനെ നിരന്തരം ആക്രമിച്ച ഹിരണ്യകശ്യപുവിനെയും ഓർക്കുന്നത് നല്ലതാണ്.