- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശോഭയെ അനുനയിപ്പിക്കാൻ എഎൻ രാധാകൃഷ്ണൻ; അടുത്ത മാസം 9ന് നേതാക്കളുടെ യോഗവും വിളിച്ച് ആർഎസ്എസ്; ബിജെപിയിലെ തർക്കം അവസാനിപ്പിക്കാൻ പരിവാറുകാരുടെ പ്രത്യക്ഷ ഇടപെടൽ; ദൗത്യം ഏറ്റെടുത്ത് എഎൻആറും; വനിതാ നേതാവിന് മത്സരിക്കാൻ ഇഷ്ടമുള്ള സീറ്റ് നൽകിയേക്കും
കൊച്ചി: ബിജെപി. സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനെ അനുനയിപ്പിക്കാൻ അവസാന വട്ട നീക്കത്തിന് ആർഎസ്എസ്. അടുത്ത മാസം 9ന് ആർഎസ്എസ് ഈ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കാൻ യോഗം ചേരും. അതിന് മുമ്പ് ശോഭാ സുരേന്ദ്രനെ അനുനയിപ്പിക്കാനാണ് നീക്കം. ബിജെപി നേതൃത്വവുമായി കഴിഞ്ഞ ദിവസം ഇക്കാര്യം സംസാരിച്ചതായും സൂചനയുണ്ട്. ശോഭാ സുരേന്ദ്രൻ വിഷയത്തിൽ ഇടപെടാൻ മധ്യസ്ഥനേയും നിയോഗിച്ചിട്ടുണ്ട്. എ എൻ രാധാകൃഷ്ണനനെയാണ് ഈ ദൗത്യം പരിവാർ നേതൃത്വം ഏൽപ്പിച്ചിട്ടുള്ളത്.
ആർ എസ് എസിന്റെ മനസ്സ് അറിഞ്ഞാണ് ശോഭയ്ക്കെതിരെ തൽകാലം നടപടി വേണ്ടെന്ന് ഔദ്യോഗിക നേതൃത്വം തീരുമാനിച്ചത്. എന്നാൽ കാര്യങ്ങൾ നീട്ടിക്കൊണ്ടു പോകാനാകില്ലെന്ന നിലപാടിലാണ് വി മുരളീധരപക്ഷം. ഈ സാഹചര്യത്തിലാണ് അനുനയ നീക്കം. നിയമസഭാ തിരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തിൽ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ ബിജെപി. കോർ കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത പ്രഭാരി സി.പി. രാധാകൃഷ്ണൻ ആവശ്യപ്പെടുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പ് ശോഭയെ നേതൃത്വത്തിലേക്കു തിരിച്ചുകൊണ്ടുവരാൻ സി.പി. രാധാകൃഷ്ണനും മുൻകൈയെടുക്കും. അതിന് മുമ്പ് കേരളത്തിലെ ആർഎസ്എസ് നേതൃത്വം പ്രശ്ന പരിഹാര ഫോർമുല കണ്ടെത്താനാണ് ശ്രമിക്കുന്നത്. അതുകൊണ്ടാണ് രാധാകൃഷ്ണനെ ചുമതല ഏൽപ്പിച്ചത്.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ മനസ്സ് കൂടി അറിഞ്ഞാകും ഈ നീക്കം. പികെ കൃഷ്ണദാസിനേയും സുരേന്ദ്രനേയും ശോഭാ സുരേന്ദ്രനേയും ഒരു ഫോർമുലയിൽ എത്തിക്കാനാണ് നീക്കം. ശോഭാ സുരേന്ദ്രനെ കോർ കമ്മറ്റിയിൽ ഉൾപ്പെടുത്തുകയും ഇതിനൊപ്പം ആഗ്രഹിക്കുന്ന നിയമസഭാ സീറ്റ് നൽകുകുയുമാകും ചെയ്യുക. ഇതിനൊപ്പം ദേശീയ നേതൃത്വത്തിലേക്കും ശോഭയെ പരിഗണിച്ചേക്കും. അങ്ങനെ പല ഫോർമുലകൾ മുന്നിലുണ്ട്. ശോഭയുമായി എ എൻ രാധാകൃഷ്ണൻ നടത്തുന്ന ചർച്ചകളാകും നിർണ്ണായകം. നിലവിൽ ഒരു ഗ്രൂപ്പുമായും എ എൻ രാധാകൃഷ്ണന് അടുപ്പമില്ല. ഈ സാഹചര്യത്തിലാണ് രാധാകൃഷ്ണനെ ദൗത്യം ഏൽപ്പിക്കുന്നത്. ഒ രാജഗോപാലും കുമ്മനം രാജശേഖരനും ശോഭയെ അനുനയിപ്പിക്കാൻ രംഗത്തിറങ്ങും,
ശോഭയ്ക്കെതിരേ നടപടിയെടുക്കാതെ മുന്നോട്ടുപോകാനാവില്ലെന്ന നിലപാടാണ് ഇന്നലെ കോർ കമ്മറ്റിയിൽ മുരളീധരവിഭാഗം സ്വീകരിച്ചത്. നടപടിയിലേക്ക് എത്തിക്കുംവിധം ചർച്ചകൾ നയിക്കാൻ തീരുമാനിച്ചാണ് മുരളീധരവിഭാഗം വന്നത്. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ശോഭയ്ക്കുനേരെ രൂക്ഷവിമർശനമാണ് നടത്തിയത്. പ്രഭാരികൾ നേരിട്ട് ആവശ്യപ്പെട്ടിട്ടുപോലും ശോഭ തിരഞ്ഞെടുപ്പുപ്രവർത്തനങ്ങൾക്ക് ഇറങ്ങിയില്ല. സംസ്ഥാന നേതൃത്വത്തിനുനേരെ അനാവശ്യ വിമർശനങ്ങൾ ഉന്നയിച്ച് ശോഭ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ പാർട്ടിയെ പ്രതിരോധത്തിലാക്കി. ഇനിയുമിത് കണ്ടില്ലെന്നു നടിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ജനറൽ സെക്രട്ടറിമാർ ചർച്ചയിൽ സുരേന്ദ്രന്റെ വാദങ്ങളെ പിന്താങ്ങി.
ജോർജ് കുര്യനും സുധീറും കൃഷ്ണകുമാറും ശോഭയ്ക്കെതിരെ ആഞ്ഞടിച്ചു. കൃഷ്ണദാസ് പക്ഷവും മുതിർന്നനേതാക്കളും ഇതിനോടു യോജിച്ചില്ല. ശോഭയെ പ്രവർത്തനരംഗത്തേക്കു കൊണ്ടുവരാൻ സംസ്ഥാന നേതൃത്വത്തിൽനിന്ന് ഒരുനടപടിയും ഉണ്ടായില്ലെന്നായിരുന്നു അവരുടെ നിലപാട്. ശോഭയ്ക്ക് എന്തുചുമതലയാണ് തിരഞ്ഞെടുപ്പിൽ നൽകിയതെന്ന ചോദ്യവും അവർ ഉന്നയിച്ചു. ഇതോടെയാണ് പ്രഭാരിയായ രാധാകൃഷ്ണൻ ഇടപെടൽ നടത്തിയത്. പ്രശ്നത്തിന് പരിഹാരം ഉണ്ടാകുമെന്ന ഉറപ്പും നൽകി. ശോഭയ്ക്കെതിരായ നടപടിനീക്കങ്ങളെ ചെറുത്തെങ്കിലും അവർക്കെുനേരെ ഉയർന്ന വിമർശനങ്ങളെ പ്രതിരോധിക്കാൻ കൃഷ്ണദാസ് പക്ഷം തയ്യാറായില്ലെന്നും ശ്രദ്ധേയമാണ്. ഇന്നലത്തെ യോഗത്തിൽ എഎൻ രാധാകൃഷ്ണൻ പങ്കെടുത്തില്ല.
അധികാരത്തിന് വേണ്ടി വിലപേശിയ ശോഭയുടെ പ്രവൃത്തി തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ദോഷം ചെയ്തെന്ന വിമർശനമാണ് മുരളി പക്ഷം ഉന്നയിച്ചത്. കോർ കമ്മറ്റിയിൽ ബഹുഭൂരിപക്ഷം ഉള്ളതിനാൽ കടന്നാക്രമാണമാണ് അവർ നടത്തിയത്. എന്നാൽ ബിജെപിയുടെ മൊത്തം ഭാരവാഹികളിൽ വിരുദ്ധ അഭിപ്രായമുള്ളവർ ഏറെയുണ്ട്. അതുകൊണ്ട് തന്നെ കോർ കമ്മറ്റിക്ക് പുറത്ത് ചർച്ചകൾ നടന്നാൽ ഔദ്യോഗിക പക്ഷത്തിനും വിമർശനം ഉയരുമെന്ന് ഉറപ്പാണ്. ശോഭയെ പ്രകോപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോർ കമ്മറ്റിയിലെ ചർച്ചകളിൽ ബിജെപി ഔദ്യോഗിക വിഭാഗം നിറഞ്ഞത്.
പ്രസിഡന്റും മുൻ പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരും എഎൻ രാധാകൃഷ്ണനും അടങ്ങുന്നതാണ് കോർ കമ്മറ്റി. ഇതിൽ ശോഭാ ഗ്രൂപ്പിൽപ്പെട്ട ആരുമില്ല. രാജഗോപാൽ മാത്രമാണ് പരസ്യമായിട്ടെങ്കിലും ശോഭയെ പിന്തുണച്ചിട്ടുള്ളത്. എന്നാൽ പാർട്ടി യോഗങ്ങളിൽ നിശബ്ദമാകുന്ന ശൈലിയാണ് രാജഗോപാൽ. ഈ സാഹചര്യത്തിൽ തന്റെ ഭാഗങ്ങൾ വിശദീകരിച്ച് ശോഭാ വിഭാഗം കുറിപ്പുകൾ നൽകിയിരുന്നു. പുകച്ചു പുറത്തുചാടിക്കാനുള്ള നീക്കം ഔദ്യോഗിക പക്ഷം നടത്തുന്നുവെന്നും ആരോപിച്ചു. ഇതാണ് അക്ഷരാർത്ഥത്തിൽ സംഭവിച്ചത്. യോഗത്തിൽ രാജഗോപാൽ പങ്കെടുത്തതുമില്ല.
അവർ മുമ്പ് മത്സരിച്ച ആറ്റിങ്ങൽ, പാലക്കാട് എന്നിവിടങ്ങളിലെ പ്രവർത്തകർ ശോഭ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങണമെന്ന് കാല് പിടിച്ച് ആവശ്യപ്പെട്ടിട്ടും അവർ അത് നിരാകരിച്ചത് ശരിയായില്ലെന്ന് ജനറൽ സെക്രട്ടറി ജോർജ് കുര്യൻ പറഞ്ഞു. മറ്റൊരു ജന.സെക്രട്ടറി സി.കൃഷ്ണകുമാറും ശോഭക്കെതിരെ ആഞ്ഞടിച്ചു. പട്ടികജാതിക്കാരുടെ പേര് പറഞ്ഞ് പാർട്ടിയിൽ നിന്നും നേടേണ്ടതെല്ലാം നേടിയ ശേഷം പാർട്ടിയെ തള്ളിപ്പറഞ്ഞ പി.എം വെലായുധനെതിരെ നോട്ടീസ് നൽകണമെന്ന് ജനറൽ സെക്രട്ടറി പി. സുധീർ ആവശ്യപ്പെട്ടു.
ദളിത് വിഭാഗത്തിൽ നിന്നും യുവനേതാക്കൾ ഉയർന്നു വരുന്നത് ഇഷ്ടമില്ലാത്ത നേതാവാണ് വെലായുധനെന്നും സുധീർ പറഞ്ഞു. വി മുരളീധര വിഭാഗത്തിലെ പ്രധാനികളാണ് കൃഷ്ണകുമാറും സുധീറും ജോർജ് കുര്യനും. ഇവർ തുടങ്ങി വച്ച വിമർശനത്തെ കൃത്യമായി പ്രതിരോധിക്കാൻ ആരും കോർ കമ്മറ്റിയിൽ തയ്യാറായില്ല. ഇതിനിടെ സംസ്ഥാന പ്രസിഡന്റിനെതിരെ താൻ കേന്ദ്രനേതൃത്വത്തിന് കത്തയച്ചുവെന്ന വാർത്തകൾ ചിലരുടെ സൃഷ്ടിയാണെന്നും ഫേസ്ബുക്കിൽ അതിന് മറുപടി പറഞ്ഞിട്ടുണ്ടെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്നും വിട്ടുനിൽക്കുകയും പരസ്യപ്രതികരണം നടത്തുകയും ചെയ്ത ശോഭയുടെ നിലപാടിനോട് യോജിപ്പില്ലെന്നും കൃഷ്ണദാസ് വ്യക്തമാക്കിയെന്നാണ് സൂചന. കെ.സുരേന്ദ്രന്റെ നേതൃത്വത്തെ കുമ്മനവും പുകഴ്ത്തി. സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ അനുവദിക്കരുതെന്നുമായിരുന്നു കുമ്മനം രാജശേഖരന്റെ അഭിപ്രായം. പ്രശ്നങ്ങൾ പറഞ്ഞു തീർക്കണമെന്ന് എംടി രമേശും ആവശ്യപ്പെട്ടു. ഇതിനിടെ രമേശിനെ വിമർശിക്കാനും മുരളീധര വിഭാഗം തയ്യാറായി.
മറുനാടന് മലയാളി ബ്യൂറോ