- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അർഹിക്കുന്ന പരിഗണന നൽകുമെന്ന് ഉറപ്പ്; ദേശീയ അധ്യക്ഷന്റെ ചടുല നീക്കങ്ങൾ ഫലം കണ്ടു; തൃശൂരിൽ ശോഭ കൂട്ടി ശോഭാ സുരേന്ദ്രൻ; ഒന്നര വർഷത്തിന് ശേഷം ബിജെപി യോഗത്തിൽ വനിതാ നേതാവ് എത്തി; നദ്ദയുടെ പരിപാടികളുടെ മാറ്റ് കുറയുന്നില്ല; ശോഭാ സുരേന്ദ്രനെ എത്തിച്ചത് ആർഎസ്എസ് ഇടപെടൽ; ഇനി ബിജെപിയിൽ സജീവമാകും
തൃശൂർ: ജെപി നദ്ദയുടെ യോഗത്തിലേക്ക് ശോഭാ സുരേന്ദ്രൻ എത്തി. പാർട്ടിയും സംഘടനയും ആഗ്രഹിക്കുന്നതു കൊണ്ടാണ് വരവെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. ഇന്നലെ രാത്രി നടത്തി ഇടപെടലാണ് ശോഭാ സുരേന്ദ്രനെ യോഗത്തിന് എത്തുന്നത്. പ്രശ്‌നമെല്ലാം പരിഹരിച്ചെന്നും ഒന്നിച്ചു പോകുമെന്നും ശോഭ പറഞ്ഞു. ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പാർട്ടി യോഗത്തിന് ശോഭ എത്തുന്നത്. കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലാണ് ഇതിന് കാരണമാകുന്നത്. ആർഎസ്എസ് സഹപ്രാന്തപ്രചാരക് സുദർശൻ നടത്തിയ ഇടപെടലും നിർണ്ണായകമായി.
ശോഭാ സുരേന്ദ്രനുമായുള്ള തർക്കം അനന്തമായി നീട്ടിക്കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ വ്യക്തമാക്കിയിരുന്നു. ബിജെപി കോർകമ്മിറ്റി യോഗത്തിലാണ് നദ്ദ നിലപാട് വ്യക്തമാക്കിയത്. ശോഭാ സുരേന്ദ്രന്റെ പരാതി രമ്യമായി പരിഹരിക്കണമെന്നും അണികളിൽ ആശയക്കുഴപ്പം സൃഷ്ടിക്കരുതെന്നും ദേശീയ അധ്യക്ഷൻ നിർദ്ദേശം നൽകി. ഇതാണ് ശോഭയുടെ മടങ്ങി വരവിന് സാധ്യത ഒരുക്കുന്നത്. പാർട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങൾ ജെ.പി. നദ്ദയുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്യും. ശോഭയെ പാർട്ടി കോർ കമ്മറ്റിയിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന. താമസിയാതെ തീരുമാനം പ്രഖ്യാപിക്കും. വർക്കലയിൽ ശോഭ മത്സരിക്കാനും സാധ്യത ഏറെയാണ്. പാലക്കാടും ശോഭയ്ക്ക് നൽകാൻ സാധ്യതയുണ്ട്. ബിജെപി നേതാവ് എ എൻ രാധാകൃഷ്ണനെ ശോഭയെ അനുനയിപ്പിക്കാൻ ചുമതലപ്പെടുത്തിയിരുന്നു. ഈ ദൗത്യം പരാജയപ്പെട്ടതോടെ ആർഎസ്എസ് നേരിട്ട് ഇടപെട്ടു. സുദർശനന്റെ നിർദ്ദേശം ശോഭ അംഗീകരിക്കുകയും ചെയ്തു.
രാജ്യത്തെ മാറ്റത്തിന്റെ കാറ്റ് കേരളത്തിലും അലയടിക്കുമെന്ന് ശോഭാ സുരേന്ദ്രൻ നേരത്തെ ഫെയ്‌സ് ബുക്കിൽ പ്രതികരിച്ചിരുന്നു. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെ സന്ദർശനം ഒരു മാറ്റത്തിന്റെ ശുഭസൂചനയാണ് എന്നും ശോഭാ സുരേന്ദ്രൻ ഫേസ്‌ബുക്കിൽ കുറിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ജിയുടെ കേരള സന്ദർശനം ഒരു പരിവർത്തനത്തിന്റെ ശുഭസൂചനയാണ്. ഒരേ രാഷ്ട്രീയ പ്രത്യശാസ്ത്രം കൈമുതലായുള്ള, ഒരുമിച്ചു നിൽക്കുന്നതിൽ അധികാര നഷ്ടം ഉണ്ടാകുമെന്നതിനാൽ രണ്ട് വേദികളിൽ നിൽക്കുന്ന മുന്നണി സംവിധാനമാണ് കേരളത്തിലുള്ളത്. ഒരു മുന്നണി അഴിമതിയുടെ കാര്യത്തിൽ ഒരു നടപ്പുശീലം കൊണ്ടുവന്നാൽ അടുത്ത ഭരണത്തിൽ വരുന്ന മുന്നണിക്ക് അത്രത്തോളം തന്നെ അഴിമതി ചെയ്യാനുള്ള ലൈസൻസായി എന്ന നിലയിലാണ് കേരളത്തിന്റെ രാഷ്ട്രീയം മുന്നോട്ടുപോകുന്നത്.
ഇതേ സമീപനമാണ് അക്രമരാഷ്ട്രീയത്തിന്റെ കാര്യത്തിലും, യുവജനവിരുദ്ധ നയങ്ങളുടെ കാര്യത്തിലും ഈ മുന്നണികൾ സ്വീകരിച്ചുവരുന്നത്. അങ്ങനെ ചോദ്യം ചോദിക്കാൻ ധാർമിക ശക്തി നഷ്ടപ്പെട്ട ഒരു കൂട്ടം രാഷ്ട്രീയക്കാർ പരസ്പരം അഡ്ജസ്റ്റ്‌മെന്റിൽ പോകുന്നതാണ് ഇവിടുത്തെ രാഷ്ട്രീയത്തിന്റെ പൊതുചിത്രം. കേരളത്തിലെ ജനങ്ങൾ വിദ്യാസമ്പന്നരാകയാൽ ഇത്തരം മലീമസമായ രാഷ്ട്രീയ പ്രക്രിയകളിൽ നിന്ന് പുറത്തുവരുന്നതിന് നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇവിടെയാണ് അഴിമതിക്കും അക്രമരാഷ്ട്രീയത്തിനും ബദലായി ബിജെപി ഉയർന്നുവരുന്നത്. ഇന്ന് കേരളത്തിൽ അഞ്ചിലൊരാൾ ബിജെപിക്കാരനാണ്.
ബിജെപിക്ക് വേരോട്ടമുള്ളത് വിദ്യാസമ്പന്നരായ ചെറു നഗരങ്ങളിലെ വോട്ടർമാർക്കിടയിലാണ്. കഴിഞ്ഞ ആറു വർഷത്തെ ഇന്ത്യയിലെ പൊതു രാഷ്ട്രീയ ചിത്രം മനസ്സിലാക്കുന്നവർക്കും വായിക്കുന്നവർക്കും ബിജെപി രാജ്യത്ത് നടത്തുന്ന വികസന പ്രവർത്തനങ്ങളെ തിരസ്‌കരിക്കാൻ കഴിയുന്നതല്ല. ആ മാറ്റത്തിന് കാറ്റ് കേരളത്തിലും അലയടിക്കും. ബിജെപി വിഭാവനം ചെയ്യുന്ന പുതിയ കേരളത്തിന്റെ ദിശാബോധം നിർണയിക്കുന്ന സന്ദർശനമാണ് ദേശീയ പ്രസിഡന്റ് ശ്രീ ജെ പി നദ്ദ ജിയുടേത്. ഇനി ജനങ്ങളുടെ വിലയിരുത്തലിന്റെ സമയമാണ്. അതിനായി കാത്തിരിക്കാം-ഇതായിരുന്നു ശോഭയുടെ കുറിപ്പ്.
പ്രശ്‌ന പരിഹാരമാകാതിരുന്നതോടെ ഇന്നലെ നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ നിന്നും ശോഭാ സുരേന്ദ്രൻ വിട്ടുനിന്നു. പ്രശ്‌നം പരിഹരിക്കണമെന്ന് ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടും സംസ്ഥാന നേതൃത്വം തടയിടുകയാണെന്നാണ് ശോഭയുടെ പരാതി. താൻ ഉന്നയിച്ച പ്രശ്‌നങ്ങൾ പരിഹരിക്കാത്തിടത്തോളം യോഗങ്ങളിൽ നിന്ന് വിട്ടു നിൽക്കുമെന്ന് ശോഭ ആവർത്തിച്ചു. ഇതിന് പിന്നാലെയായിരുന്നു നദ്ദ വിഷയത്തിൽ ഇടപെട്ടത്. ഇതോടെയാണ് പ്രശ്‌ന പരിഹാരം സാധ്യമായത്.
മറുനാടന് മലയാളി ബ്യൂറോ