കോഴിക്കോട്: അക്രമരാഷ്ട്രീയത്തിനെതിരെ മഹിളാ മോർച്ച സംഘടിപ്പിച്ച കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യവെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ നടത്തിയ പ്രസംഗം ചർച്ചയാകുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും സിനിമാക്കാരേയും കടന്നാക്രമിക്കുകയാണ് ശോഭ. അക്രമത്തിന്റെ വഴിയേ ബിജെപിക്കാർ എത്തണമെന്ന ആഹ്വാനവും ഇതിലുണ്ടെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് കൂടിയാണ് ഈ പ്രസംഗം വിവാദമാകുന്നത്.

കൊലപാതക പരമ്പരകളിലൂടെ സിപിഐ(എം) കേരളത്തെ അനാഥമാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. പാലക്കാട്ട് അച്യുതാനന്ദന്റെ മണ്ഡലത്തിലും കണ്ണൂരിൽ പിണറായിയുടെ മണ്ഡലത്തിലും പാവപ്പെട്ടവരെ കൊന്നുതള്ളുകയാണ്. അക്രമ രാഷ്ട്രീയം തെറ്റാണെന്ന് പറഞ്ഞ സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്റെ വിവേകമെങ്കിലും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കാണിക്കണമെന്നും അവർ കോഴിക്കോട്ട് ആവശ്യപ്പെട്ടു.

ബ്യൂട്ടി പാർലറിൽ പോയി മുഖത്തു ചായം തേച്ചു നടക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശേഷം പുറത്തുവന്ന് അക്രമരാഷ്ട്രീയത്തിനെതിരെ പ്രസംഗിക്കും. സി പി എമ്മിനെ കുറ്റംപറയുന്നതോടൊപ്പം ബിജെപിയെയും കുറ്റപ്പെടുത്തും. ഇങ്ങനെ നട്ടെല്ലില്ലാത്ത ആണുങ്ങൾ പ്രവർത്തിക്കുന്ന പ്രസ്ഥാനമായി കോൺഗ്രസ് മാറി. എന്നാൽ കോൺഗ്രസിനെപ്പോലെ മുട്ടിലിഴയാൻ ബിജെപിയെ കിട്ടില്ല. കോടിയേരി ബാലകൃഷ്ണൻ വിളിച്ചാൽ അങ്കചേകവരുടെ നാടായ കണ്ണൂരിലേക്കടക്കം പൊതുമൈതാനത്ത് ദ്വന്ദ്വയുദ്ധത്തിന് ബിജെപി തയ്യാറാണ്.

സമയവും സ്ഥലവും അറിയിച്ചാൽ മതി. നേതാക്കളും പ്രവർത്തകരുമെല്ലാം ദ്വന്ദയുദ്ധത്തിന് തയ്യാറാണ്. അല്ലാതെ ഉറങ്ങിക്കിടക്കുന്നവരെ വെട്ടികൊല്ലുകയല്ല വേണ്ടത്. പ്രവർത്തകന്മാരുടെ ചോര കുടിക്കാനല്ല. നേതാക്കന്മാരുമായി ദ്വന്ദയുദ്ധത്തിനാണ് ഇനി ബിജെപി ഉദ്ദേശിക്കുന്നത്. വേണമെങ്കിൽ പിണറായി പഞ്ചായത്തിലും കോടിയേരിയുടെ വീട്ടുപടിക്കലും കാവികൊടി ഉയർത്തുമെന്നും ശോഭാസുരേന്ദ്രൻ പറഞ്ഞു.

സാഹിത്യ, സാംസ്‌കാരിക നായകന്മാർ മാർക്സിസ്റ്റ് പാർട്ടിയുടെ നാക്കായി മാറുമ്പോൾ അതിനെതിരെ പ്രതികരിക്കാൻ ബിജെപിക്ക് ആരുടെയും സർട്ടിഫിക്കേറ്റ് വേണ്ട. ഒരു പുറത്ത് മാത്രം കണ്ണുള്ള ജീവികളായി കേരളത്തിലെ സാംസ്‌കാരിക പ്രവർത്തകർ മാറിയിരിക്കയാണ്. ഇതുകൊണ്ടാണ് പാലക്കാട്ടെ വിമലാദേവിയുടെ കണ്ണീര് ഇവർക്ക് കാണാൻ സാധിക്കാതിരുന്നത്. ഫെഫ്ക്കയുടെ പേരിൽ മാർക്സിസ്റ്റ് പാർട്ടിക്ക് ഉലുവാ കഷായം വച്ചുകൊടുക്കുന്ന ആളാണ് ബി ഉണ്ണികൃഷ്ണൻ.

ഇയാളാണ് സിനിമാക്കാരുടെ മൊത്തംകുത്തക അവകാശപ്പെട്ട് എറണാകുളത്ത് പരിപാടി സംഘടിപ്പിച്ചത്. അതിൽ മമ്മുട്ടിയില്ല, മോഹൻലാലില്ല, സുരേഷ് ഗോപിയില്ല, ജയറാമുമില്ല. പിന്നെങ്ങനെ അത് സിനിമാക്കാരുടെ പരിപാടിയാകും. ജീവിക്കാൻ വേണ്ടി വരുംകാലത്ത് ബിജെപിയുടെ വളയിട്ട കൈകൾ ആയുധമേന്താൻ പോലും തയ്യാറാകുമെന്നും അക്രമരാഷ്ട്രീയത്തിനെതിരെ മഹിളാ മോർച്ച സംഘടിപ്പിച്ച സിറ്റി പൊലീസ് കമ്മിഷണർ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യവെ അവർ വ്യക്തമാക്കി.

കോടിയേരി ബാലകൃഷ്ണനും സിപിഐ(എം) നേതാക്കളും വിചാരിച്ചാൽ അവസാനിക്കുന്നതാണ് സംസ്ഥാനത്തെ അക്രമ രാഷ്ട്രീയം. എന്നാൽ ക്രിമിനലുകളെ വേട്ടയാടാൻ വിട്ട് നേതാക്കൾ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണ്. ക്രമസമാധാന പാലനത്തിന് ഉത്തരവാദിത്തമുള്ള പിണറായി വിജയൻ ധർമ്മടത്ത് നടന്ന കൊലപാതകത്തിന്റെ ഉത്തരവാദിത്തമേൽക്കണം. ജീവിക്കാനും പ്രവർത്തന സ്വാതന്ത്ര്യത്തിനും സിപിഎമ്മിനു മുന്നിൽ യാചിക്കാൻ ബിജെപിയും ആർഎസ്എസും തയ്യാറല്ല. അക്രമം വ്യാപിപ്പിക്കാനാണ് നീക്കമെങ്കിൽ പ്രതിരോധം രാജ്യത്തെങ്ങുമുയർത്തേണ്ടിവരുമെന്ന് ശോഭാസുരേന്ദ്രൻ പറഞ്ഞു.