കോഴിക്കോട്: കള്ളപ്പണക്കാരെ മുഴുവൻ മണിച്ചിത്രത്താഴിട്ടു പൂട്ടുമെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ. ബിജെപിക്കു മടിയിൽ കനമില്ലാത്തതു കൊണ്ട് പേടിയില്ലെന്നും അവർ പറഞ്ഞു.

കോൺഗ്രസ്, സിപിഐ(എം) സഹകരണ മുന്നണിക്കെതിരെ ബിജെപി സംഘടിപ്പിച്ച ജനകീയ സദസ് ഉദ്ഘാടനം ചെയ്യവെയാണു കോൺഗ്രസിലെയും സിപിഎമ്മിലെയും മുഴുവൻ കള്ളപ്പണക്കാരെയും മണിച്ചിത്രത്താഴിട്ടു പൂട്ടുമെന്നു ശോഭ സുരേന്ദ്രൻ പറഞ്ഞത്.

കള്ളപ്പണക്കാരെ ഇല്ലാതാക്കി സാമ്പത്തിക ശുചീകരണം വാഗ്ദാനം ചെയ്താണ് ബിജെപി അധികാരത്തിലെത്തിയത്. ജനങ്ങളോടുള്ള വാഗ്ദാനം ബിജെപി പാലിക്കും. കോൺഗ്രസും സിപിഎമ്മും ഒന്നിച്ചു നിന്നാലെ ബിജെപിയോടു പിടിച്ചു നിൽക്കാൻ കഴിയൂ എന്ന സ്ഥിതിയായി കേരളത്തിൽ.

സിപിഐ(എം) പാട്ടകുലുക്കി പിരിച്ച പണമെന്ന പേരിൽ ഇത്രയും നാൾ ഒഴുക്കിയിരുന്നതു കള്ളപ്പണമായിരുന്നു. 4000 കോടി രൂപ ആസ്തിയുള്ള പാർട്ടിയാണ് സിപിഐ(എം). സിപിഎമ്മിന്റെ വസ്തുവകകളും പാർട്ടിയുടെ മുഴുവൻ സമയ പ്രവർത്തകരുടെ ശമ്പള സ്രോതസും വെളിപ്പെടുത്താമോയെന്നും ശോഭ സുരേന്ദ്രൻ ചോദിച്ചു.