കൊച്ചി: സിപിഐ(എം) പ്രവേശനവുമായി ബന്ധപ്പെട്ട് കണ്ണൂരിലെ സിപിഐ(എം) നേതാവ് ഒ.കെ വാസു ചർച്ച നടത്തിയെന്ന വാർത്ത നിഷേധിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ. താനുമോയോ തന്റെ ഭർത്താവുമായോ സിപിഐ(എം) പ്രവേശനത്തെക്കുറിച്ച് ഒരാളും ചർച്ചചെയ്തിട്ടില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ മറുനാടൻ മലയാളിയോട് പ്രതികരിച്ചു.

അത്തരം ചർച്ചയ്ക്ക് ദല്ലാളുമാർ വന്നാൽ ശക്തമായി പ്രതികരിക്കും. 13 വയസുമുതൽ ബിജെപിയുമായി അടുത്ത് പ്രവർത്തിച്ച വരുകയാണെന്നും, ബെടകാക്കി തനിക്കാക്കാനുള്ള സിപിഐ(എം) ശ്രമം വിലപ്പോവില്ല. നിലവാരമില്ലാത്ത ചില നേതാക്കൾ പാർട്ടി വിട്ട് പോയിട്ടുണ്ടെങ്കിൽ, അത് അവരെ ബിജെപി പുറത്താക്കുന്നതിന് മുമ്പുള്ള ഒളിച്ചോട്ടമായിട്ടേ തനിക്ക് കാണാനാവൂ എന്നും ശോഭ സുരേന്ദ്രൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

അതേസമയം ഏതാനം മാസങ്ങൾക്ക് ബന്ധുവിന്റെ വിവാഹം ക്ഷണിക്കാൻ ഒ.കെ വാസു തന്നെ വിളിച്ചിരുന്നതായി മുൻ സംസ്ഥാന അദ്ധ്യക്ഷൻ സി.കെ പത്മനാഭൻ മറുനാടൻ മലയാളിയോട് പറഞ്ഞു. പക്ഷെ സിപിഎമ്മിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട ഒരു വിഷയവും ആ ഫോൺസംഭാഷണത്തിൽ ഉണ്ടായിട്ടില്ല. വിവാഹം ക്ഷണിച്ചെങ്കിലും അതിന് പോകാൻ കഴിഞ്ഞിരുന്നില്ലെന്നും സികെപി പറഞ്ഞു. എന്നാൽ വാർത്ത സബന്ധിച്ച കൂടുതൽ ചോദ്യങ്ങളിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. ഇത്തരം ഒരു വാർത്ത തന്റെ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സൂര്യൻ വടക്ക് ഉദിച്ചാൽപോലും സംഘപ്രസ്ഥാനത്തെ വിട്ട് തനിക്ക് പോകാനാവില്ലെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം വേലായുധനും പ്രതികരിച്ചു. ഒ.കെ വാസുമായുള്ള ബന്ധം അവസാനിപ്പിച്ചിട്ട് ചുരുങ്ങിയത് മുന്ന് വർഷമെങ്കിലും ആയിക്കാണും. ഇത്തരം വാർത്തകൾ കെട്ടിച്ചമക്കുന്നത് മികച്ച മാദ്ധ്യമപ്രവർത്തനത്തിന് ചേർന്നതല്ല. ആരോഗ്യസബന്ധമായ ബുദ്ധിമുട്ടുകൾ ഉള്ളപ്പോൾ പോലും നിരന്തരമായ സംഘടപ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും പി.എം വേലായുധൻ മറുനാടൻ മലയാലിയോട് പ്രതികരിച്ചു.

സംസ്ഥാനത്തെ ബിജെപി തളർത്താൻ സിപിഐ(എം) മാസ്റ്റർപ്ലാൻ തയ്യാറാക്കി പ്രവർത്തനം ആരംഭിച്ചതായി ഒകെ വാസു മറുനാടനോട് വെളിപ്പെടുത്തിയിരുന്നു. കണ്ണൂരിൽ 2014 ൽ ബിജെപി വിട്ട് സിപിഎമ്മിലേക്ക് എത്തിയ ഒ.കെ വാസു മാസ്റ്റർക്കാണ് മാസ്റ്റർപ്ലാനിന്റെ ഒരു പ്രധാന ചുമതലയെന്നായിരുന്നു റിപ്പോർട്ട്. ബിജെപി നേതൃത്വത്തിൽ ഉണ്ടായിരുന്നവരിൽ, അസംതൃപ്തരുടെ ലിസ്റ്റ് സിപിഐ(എം) പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്. വിവിധ പാർട്ടി ജില്ലാ കമ്മിറ്റികളിലും അസംതൃപ്തരുടെ ലിസ്റ്റ് തയ്യാറാക്കി, ഇവരെ സിപിഎമ്മിലേക്ക് എത്തിക്കാൻ പരിശ്രമം നടത്തുന്നുണ്ട്. ജില്ലാ കമ്മിറ്റികൾക്ക് കഴിയാത്ത സംസ്ഥാന നേതാക്കളുടെ ലിസ്റ്റാണ് പാർട്ടി ഒ.കെ വാസു മാസ്റ്റർക്ക് കൈമാറിയിരിക്കുന്നതെന്നായിരുന്നു വാർത്ത.

ബിജെപിയിൽ നിന്ന് വരുന്നവർക്ക് മതിയായ പരിഗണന നൽകുമെന്നാണ് സിപിഐ(എം) നിലപാട്. മുൻ സംസ്ഥാന പ്രസിഡന്റ് സികെ പത്മനാഭൻ, സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം വേലായുധൻ, മുൻ സസ്ഥാന സെക്രട്ടറി ബി രാധാകൃഷ്ണ മേനോൻ, ശോഭാ സുരേന്ദ്രന്റെ ഭർത്താവും സംസ്ഥാന കമ്മിറ്റി അംഗവുമായ കെ കെ സുരേന്ദ്രൻ, എറണാകുളം ജില്ലാ പ്രസിഡന്റ് പി.ജെ തോമസ് തുടങ്ങിയവരുൾപ്പടെ 15 ഓളം സംസ്ഥാന നേതാക്കളുടെ പട്ടികയാണ് ആദ്യഘട്ടത്തിൽ അടർത്തിയെടുക്കാനായി സിപിഐ(എം) തയ്യാറാക്കിയിരിക്കുന്നത്.

ഈ ലിസ്റ്റിലുള്ള മുഴുവൻ പേരുമായും ചർച്ചകൾ തുടരുകയാണെന്നും പിണറായി സർക്കാരിന്റെ ഒന്നാം വാർഷിക ദിനത്തിന് മുന്നോടിയായി ബിജെപി നേതാക്കളുടെ ഒരു പട സിപിഎമ്മിന്റെ ഭാഗമാവുമെന്നും സിപിഐ(എം) കണ്ണൂർ നേതാവ് ഒ.കെ വാസുമാസ്റ്റർ മറുനാടൻ മലയാളിയോട് വെളിപ്പെടുത്തിയിരുന്നു. ഇതാണ് ബിജെപി നേതാക്കൾ നിഷേധിക്കുന്നത്.