- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലതിക സുഭാഷിന്റെ മുണ്ഡനം ചെയ്ത തല കേരള രാഷ്ട്രീയത്തിൽ എന്നും ഒരു നൊമ്പരമായിരിക്കുമെന്ന് ശോഭന ജോർജ്ജ്; പഴയ സഹപ്രവർത്തകയെ കോട്ടയത്തെ വീട്ടിലെത്തി കണ്ട് ഖാദി ബോർഡ് വൈസ് ചെയർപേഴ്സൺ
കോട്ടയം: കോൺഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച ലതിക സുഭാഷിനെ സന്ദർശിച്ച് ഖാദി ബോർഡ് വൈസ് ചെയർപേഴ്സൺ ശോഭനാ ജോർജ്. ലതിക സുഭാഷിന്റെ മുണ്ഡനം ചെയ്ത തല കേരള രാഷ്ട്രീയത്തിൽ എന്നും ഒരു നൊമ്പരമായിരിക്കുമെന്നും ശോഭന ജോർജ്ജ് പറഞ്ഞു. അതേസമയം, ലതികയെ സന്ദർശിച്ചതിൽ രാഷ്ട്രീയമില്ലെന്നും 30 വർഷത്തെ അടുത്തബന്ധമാണ് ലതികമായുള്ളതെന്നും ശോഭന പറഞ്ഞു. വിഷമഘട്ടത്തിലുള്ള തന്റെ സഹോദരിയെ കാണാനായി എത്തിയതാണെന്നായിരുന്നു അവരുടെ വിശദീകരണം.
പൊതുരംഗത്ത് സ്ത്രീകൾ നേരിടുന്ന അവഗണനയെ ശക്തമായ ഭാഷയിലാണ് ശോഭനാ ജോർജ് വിമർശിച്ചത്. 'പുരുഷന്മാരേക്കാളും ത്യാഗവും കഷ്ടപ്പാടും സഹിച്ചാണ് ഒരു സ്ത്രീ പൊതുരംഗത്ത് നിൽക്കുന്നത്. ആരെങ്കിലും അത് ചിന്തിച്ചിട്ടുണ്ടോ, ആരെങ്കിലും അതിന് ഒരു മൂല്യം കല്പിച്ചിട്ടുണ്ടോ. കേരളത്തിലെ പൊതുരംഗത്ത് നിൽക്കുന്ന എല്ലാ സ്ത്രീകൾക്കും വേണ്ടിയാണ് താനിത് ചെയ്തത് എന്ന് ലതിക പറഞ്ഞു. ഒരു പദവി കിട്ടണമെന്ന് കരുതിയല്ല സ്ത്രീ പൊതുരംഗത്തേക്കിറങ്ങുന്നത്. വീട്ടിലെ കാര്യങ്ങൾ നോക്കി, മറ്റു കാര്യങ്ങൾ ക്രമീകരിച്ചാണ് എന്തെല്ലാം പ്രതികൂലഘടകങ്ങളെ തരണം ചെയ്തിട്ടാണ് ഇത്ര വർഷക്കാലം ഒരു സ്ത്രീ ഇവിടെ നിൽക്കുന്നത്. നമ്മളോട് താല്പര്യമില്ലെങ്കിൽ നമ്മളെ ഒഴിവാക്കാൻ ഒരുപാട് കാര്യങ്ങൾ അവർ കാണും. അക്കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടാണ്. ഒരു സ്ത്രീയെ സംബന്ധിച്ച് തലമുടി മൊട്ടയടിക്കുക എന്ന് പറയുന്നത് കടുംതീരുമാനമാണ്. ലതികയെ സംബന്ധിച്ചിടത്തോളം അവരുടെ മനസ്സ് മാറ്റാൻ ഇനി ആർക്കും പറ്റില്ല.'
എംഎൽഎ ആയിരിക്കേ അറസ്റ്റ് വരിക്കേണ്ടി വന്നപ്പോൾ അനുഭവിച്ച മാനസിക സംഘർഷത്തെ കുറിച്ചും ആത്മഹത്യാശ്രമം നടത്തിയതിനെ കുറിച്ചും ശോഭന മനസ്സു തുറന്നു.' ലതിക തല മുണ്ഡനം ചെയ്തെങ്കിൽ ഞാൻ എന്റെ ജീവിതത്തിൽ ഒരു ചെറിയ നിമിഷം തെറ്റിയിരുന്നെങ്കിൽ ഞാൻ മരിച്ചുപോകുമായിരുന്നു. കേരള മുഖ്യമന്ത്രി ഭരിക്കുന്ന ഒരു നാട്ടിലാണ് ഇല്ലാത്ത ഒരു കുറ്റം പറഞ്ഞ് അന്നത്തെ ഏറ്റവും സീനിയറായ വനിതാ എംഎൽഎയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നത്. ഞാൻ എട്ടുഗുളിക കഴിക്കുകയും എട്ടെണ്ണം കൈയിൽ കരുതുകയും ചെയ്തിരുന്നു. കൈയിലുണ്ടായ ബാക്കി എട്ടെണ്ണം കഴിക്കാൻ സമയം കിട്ടിയില്ല. ഞാനിതൊന്നും ഇതുവരെ ആരോടും പറഞ്ഞിട്ടില്ല. അന്ന് പത്രങ്ങളിൽ വന്നു ശോഭനാ ജോർജ് മയങ്ങിവീണു ബോധംകെട്ടു എന്നൊക്കെ' അവർ കൂട്ടിച്ചേർത്തു.
പൊതുരംഗത്ത് നിലനിൽക്കുന്ന പുരുഷമേധാവിത്വത്തിനതിരേയും അവർ ആഞ്ഞടിച്ചു. 'പുരുഷന്റെ ജോലിക്ക് മാത്രമേ ഉള്ളൂ കൂലി, അതിന് മാത്രമേ ഉള്ളൂ വില? സ്ത്രീയുടെ സങ്കടത്തിന്, പ്രതിജ്ഞാബദ്ധതയ്ക്ക് മൂല്യമില്ലേ? ഞങ്ങൾ ഒരു തൊഴിലുമില്ലാതെ ഇറങ്ങിവന്നവരാണോ, അതോ ഞങ്ങൾ വീടുകളിൽ ഇരിക്കട്ടേ എന്നാണോ തീരുമാനം. പൊതുവേദിയിൽ സ്ത്രീകൾ വേണ്ട എന്നാണ് തീരുമാനമെങ്കിൽ അത് തീരുമാനിക്കൂ. ഞങ്ങൾക്ക് ഞങ്ങളുടെ മാർഗമറിയാം. 10 വർഷത്തോളം രമേശ് ചെന്നിത്തലയെന്ന് പറയുന്ന മനുഷ്യന്റെ പിറകേ കെപിസിസി എക്സ്ക്യൂട്ടീവ് അംഗമാക്കണമെന്ന് പറഞ്ഞ് ഞാൻ നടന്നതാണ്. സ്ഥാനമാനമല്ല ഇതിനെ അംഗീകാരമായാണ് കാണുന്നത്. പൊതുപ്രവർത്തന രംഗത്ത് നിന്ന് ഒരാൾക്ക് അംഗീകാരമല്ലാതെ മറ്റെന്താണ് കിട്ടുന്നത്.' ശോഭന രോഷത്തോടെ ചോദിച്ചു.
മറുനാടന് മലയാളി ബ്യൂറോ