വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയ്ക്ക് നിൽക്കുമ്പോൾ ഷൂ കൂടി ഊരി പരിശോധനയ്ക്ക് നൽകേണ്ടിവരുന്ന ബുദ്ധിമുട്ട് ഉടനടി അവസാനിച്ചേക്കും. ഷൂ ഊരാതെ തന്നെ സുരക്ഷാ പരിശോധന നടത്താൻ സഹായിക്കുന്ന സ്‌കാനറുകൾ ഉടൻ നിലവിൽ വരുമെന്ന് അധികൃതർ വ്യക്തമാക്കി. ഇതോടെ, ഊരിയ ഷൂ ട്രേയിലാക്കി ക്യൂവിൽ നിൽക്കേണ്ട അവസ്ഥ ഒഴിവാകും.

പരിശോധനയ്ക്കായി സ്‌കാനറിൽ കയറി നിൽക്കുമ്പോൾത്തന്നെ, ഷൂവിനുള്ളിൽ അപകടകാരിയായ വസ്തുക്കളെന്തെങ്കിലുമുണ്ടെങ്കിൽ അതും കണ്ടെത്താൻ ശേഷിയുള്ള ഉപകരണമാണ് വരാൻ പോകുന്നത്. ഇത് സുരക്ഷാ പരിശോധന വേഗത്തിൽ പൂർത്തിയാക്കാനും യാത്രക്കാർക്ക് വേഗം ചെക്കിൻ ചെയ്യാനും അവസരമുണ്ടാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

പാരീസിൽനിന്ന് മയാമിയിലേക്കുള്ള അമേരിക്കൻ എയർലൈൻസ് വിമാനം ഷൂ ബോംബ് ഉപയോഗിച്ച് തകർക്കാനുള്ള റിച്ചാർഡ് റീഡ് എന്ന ഭീകരനെ പിടികൂടിയതുമുതൽക്കാണ് ഷൂവും സുരക്ഷാ പരിശോധനക്ക് ഹാജരാക്കണമെന്ന നിയമം വന്നത്. റിച്ചാർഡ് റീഡിനെ മറ്റു യാത്രക്കാർ ചേർന്ന് കീഴ്‌പ്പെടുത്തിയതോടെയാണ് അന്ന് ഭീകരാക്രമണം തടയാനായത്.

2001 മുതൽക്ക് ഷൂ ഊരി സ്‌കാനറുകളിലൂടെ കടത്തിവിടണമെന്നത് നിർബന്ധമാക്കുകയും ചെയ്തു. ഇത് സുരക്ഷാ പരിശോധനയ്ക്ക് കൂടുതൽ സമയം നഷ്ടപ്പെടുത്തുന്നുവെന്ന് കണ്ടാണ് നിൽക്കുന്നയിടത്തുനിന്ന് തന്നെ ഷൂ കൂടി സ്‌കാൻ ചെയ്യാൻ സാധിക്കുന്ന തരത്തിലുള്ള ഉപകരണത്തിനായുള്ള ശ്രമം തുടങ്ങിയത്.

ഡർബിഷയറിലെ സെക്യൂരിറ്റി സ്‌ക്രീനിങ് ടെക്‌നോളജീസ് വികസിപ്പിച്ചെടുത്ത സ്റ്റെപ്പ് ഓൺ ഷൂ സ്‌കാനറാണ് പുതിയതായി വിമാനത്താവളങ്ങളിൽ അവതരിപ്പിക്കുക. ഷൂവിനുള്ളിൽ അപകടകാരികളായ വസ്ത്ക്കളെന്തെങ്കിലും ഒളിപ്പിച്ചിട്ടുണ്ടെങ്കിൽ ഇത് സ്‌കാനിങ്ങിൽ വ്യക്തമാകും. സമാനമായ ഉപകരണങ്ങൾ വേറെയും സ്ഥാപനങ്ങൾ വികസിപ്പിച്ചിട്ടുണ്ട്. ഏറ്റവും സുരക്ഷിതമായ മാർഗം ഏതെന്ന് വിലയിരുത്താനുള്ള ശ്രമത്തിലാണ് അധികൃതരിപ്പോൾ.

സുരക്ഷാ പരിശോധന വേഗത്തിലാക്കാൻ സഹായിക്കുന്ന മറ്റ് പരിശോധനാ മാർഗങ്ങളും ഗവേഷകർ കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്. ലെതർ ജാക്കറ്റുകൾ ഇട്ടുകൊണ്ടുതന്നെ സുരക്ഷാ പരിശോധന പൂർത്തിയാക്കാൻ സഹായിക്കുന്ന വാക്ക്-ത്രൂ സ്‌ക്രീനിങ് സംവിധാനം വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് കാർഡിഫ് ആസ്ഥാനമായ സെക്വേസ്റ്റിം എന്ന സ്ഥാപനം. ഫ്യൂച്ചർ ഏവിയേഷൻ സെക്യൂരിറ്റി സൊല്യൂഷൻസ് എന്ന പരിപാടിയുടെ ഭാഗമായാണ് ഇത്തരം ഗവേഷണങ്ങൾക്ക് സർക്കാർ ഫണ്ട് നൽകുന്നത്.