ലണ്ടൻ: മോശം ഫോമിന്റെ പേരിൽ വിരാട് കോലിയെ വിമർശിക്കുന്നവർക്ക് മറുപടിയുമായി മുൻ പാക് താരം ഷൊയൈബ് അക്തർ. എത്രയൊക്കെ വിമർശിച്ചാലും കഴിഞ്ഞ ഒരു ദശകത്തിനിടെ ഉണ്ടായ ഏറ്റവും മഹാനായ ക്രിക്കറ്റാണ് വിരാട് കോലിയെന്ന് അക്തർ തന്റെ യുട്യൂബ് ചാനലിൽ പറഞ്ഞു.

കോലിയെക്കുറിച്ച് ഞാനൊരുപാട് വിമർശനങ്ങൾ കേട്ടു. കോലിയെ ടീമിൽ നിന്നൊഴിവാക്കണമെന്നും, കോലിയുടെ കാലം കഴിഞ്ഞുവെന്നും, കോലിയിൽ നിന്ന് ഇനിയൊന്നും പ്രതീക്ഷിക്കാനില്ലെന്നുമെല്ലാമുള്ള വിമർശനങ്ങളാണ് കൂടുതലും കേട്ടത്. എന്നോട് ഇത്തരം വിമർശനങ്ങൾ ഉന്നയിച്ചവരോടെല്ലാം ഞാൻ പറഞ്ഞത്. കഴിഞ്ഞ 10 വർഷത്തിനിടെ ക്രിക്കറ്റിൽ ഉണ്ടായ മഹാനായ കളിക്കാരനാണ് വിരാട് കോലി. അയാൾക്ക് ഒന്നോ രണ്ടോ മോശം വർഷങ്ങളുണ്ടായിട്ടുണ്ടാകും. അപ്പോഴും അയാൾ റൺസടിച്ചിട്ടുണ്ട്. സെഞ്ചുറികൾ ഇല്ലെന്നെയുള്ളൂവെന്നും അക്തർ പറഞ്ഞു.

വിരാട് കോലിയുടെ ഫോമില്ലായ്മയെ മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ് അടക്കമുള്ളവർ വിമർശിച്ചിരുന്നു. കോലിയെ വിമർശിക്കുന്നവർ അദ്ദേഹത്തെ മാധ്യമങ്ങളിലൂടെ നാണം കെടുത്തുകയാണെന്നും അക്തർ പറഞ്ഞു. അയാളുടെ നേട്ടങ്ങളെ കുറച്ചു കാണുകയാണ് അവർ. എങ്ങനെയാണ് അവർക്ക് കോലിയെ ടീമിൽ നിന്ന് പുറത്താക്കണമെന്ന് പറയാനാവുന്നത്. കപിൽദേവ് എന്റെ സീനിയർ താരമാണ്.അദ്ദേഹത്തോട് എനിക്ക് ബഹുമാനവുമുണ്ട്. ഇതിഹാസ താരമായ അദ്ദേഹത്തിന് അദ്ദേഹത്തിന്റെ അഭിപ്രായം പറയാം, അതിൽ തെറ്റൊന്നുമില്ല. എന്നാൽ 70 രാജ്യാന്തര സെഞ്ചുറികളുള്ള മഹാനായൊരു താരത്തെക്കുറിച്ച് ഇങ്ങനെ പറയാമോ.

നിലവിലെ ഫോം നഷ്ടം മറികടക്കാൻ കോലി ബാറ്റിംഗിൽ കൂടുതൽ ശ്രദ്ധിക്കണമെന്നും ഇപ്പോഴത്തെ വിമർശനങ്ങൾ കോലിയെ കൂടുതൽ കരുത്തനാക്കുകയെ ഉള്ളൂവെന്നും അക്തർ പറഞ്ഞു. വലിയ താരമായതുകൊണ്ടാണ് ഇതൊക്കെ സംഭവിക്കുന്നത്. അതിൽ ഭയപ്പെടരുത്. കരുത്തനായ ഒരു വ്യക്തിയെ ആണ് നിങ്ങൾ വിമർശിക്കുന്നത്. അതുകൊണ്ടുതന്നെ ക്രീസിൽ ഉറച്ചു നിന്ന് പൊരുതാനാണ് കോലി ശ്രമിക്കേണ്ടതെന്നും അക്തർ പറഞ്ഞു.