റിയോ ഡി ജെനെയ്‌റോ: റിയോ ഒളിമ്പിക്‌സ് ഷൂട്ടിംഗിൽ പൂർണ്ണമായും ഉന്നം പിഴച്ച് ഇന്ത്യൻ ഷൂട്ടർമാർ. ഷൂട്ടിംഗിൽ ഒരു ഇനത്തിൽ പോലും മെഡൽ നേടാൻ സാധിക്കാതെ സംപൂജ്യരായാണ് ഇ്ന്ത്യൻ ഷൂട്ടർമാർ മടങ്ങുന്നത്. ഷൂട്ടിങ് റേഞ്ചിലെ അവസാന മത്സരത്തിലിൽ 50 മീറ്റർ റൈഫിൾ ത്രി പൊസിഷനിൽ ഗഗൻ നാരംഗും ചെയിൽ സിങും പ്രാഥമിക റൗണ്ടിൽ പുറത്തായി. ഇതോടെ ഇന്ത്യൻ താരങ്ങൾ പൂർണ്ണമായും നിരാശരാക്കിയാണ് റിയോയിൽ നിന്നും മടങ്ങുന്നത്.

ബെയ്ജിങ് ഒളിമ്പിക്‌സ് സ്വർണ മെഡൽ ജേതാവ് അഭിനവ് ബിന്ദ്രയും 2012 ലണ്ടൻ ഒളിമ്പിക്‌സ് വെങ്കല മെഡൽ ജേതാവ് ഗഗൻ നാരംഗുമടക്കം 12 പേരടങ്ങിയ ഷൂട്ടിങ് സംഘം ഏറെ പ്രതീക്ഷകളുമായാണ് റിയോയിൽ എത്തിയത്. പ്രകടനം മെച്ചപ്പെടുത്താൻ വേണ്ട ശ്രമങ്ങളെല്ലാം ഇന്ത്യൻ സർക്കാറും ചെയ്തു കൊടുത്തിരുന്നു. അവസാന ഇനമായ 50 മീറ്റർ റൈഫിൾ പൊസിഷനിൽ 1169 പോയന്റോടെ 24ാം സ്ഥാനത്താണ് യോഗ്യതാ റൗണ്ടിൽ ചെയിൻ സിങ് ഫിനിഷ് ചെയ്തത്.

ഇതേ ഇനത്തിൽ മത്സരിച്ച ഗഗൻ നാരംഗിന് 1162 പോയന്റോടെ ഏറെ പിന്നിൽ 33ാം സ്ഥാനത്തു ഫിനിഷ് ചെയ്യാനെ സാധിച്ചുള്ളു. ആദ്യ എട്ടു പേർക്കായിരുന്നു ഫൈനൽ യോഗ്യത. റഷ്യയുടെ സെർജി കാമെൻസ്‌ക്കിയാണ് ഒളിമ്പിക് റെക്കോഡോടെ 1184 പോയന്റുമായി യോഗ്യത റൗണ്ടിൽനിന്ന് ഫൈനലിലേക്ക് മുന്നേറിയത്. 10 മീറ്റർ എയർ പിസ്റ്റൾ, 50 മീറ്റർ റൈഫിൾ പ്രോൺ, 50 മീറ്റർ റൈഫിൾ ത്രി പൊസിഷനിലും മത്സരിച്ച ഗഗൻ നാരംഗിന് മൂന്നിലും ആദ്യ റൗണ്ടിൽ പുറത്താകാനായിരുന്നു വിധി. ചെയിൻ സിങും 50 മീറ്റർ റൈഫിൾ പ്രോണിൽ നേരത്തെ പുറത്തായിരുന്നു.

നിലവിൽ കേന്ദ്രമന്ത്രിയായ രാജ്യവർധൻ സിങ് റാത്തോഡാണ് ഒളിംപിക് ഷൂട്ടിങ്ങിലെ ഇന്ത്യയുടെ മെഡൽ നേട്ടത്തിന് തുടക്കമിട്ടത്. പുരുഷവിഭാഗം ഡബിൾ ട്രാപ്പിൽ മൽസരിച്ച റാത്തോഡ്, വെള്ളിമെഡൽ സ്വന്തമാക്കി. 2008ലെ ബെയ്ജിങ് ഒളിംപിക്‌സിൽ അഭിനവ് ബിന്ദ്രയിലൂടെ ഇന്ത്യ ആദ്യമായി ഷൂട്ടിങ്ങിൽ സ്വർണം വെടിവച്ചിട്ടു. 10 മീറ്റർ എയർ റൈഫിളിലായിരുന്നു ബിന്ദ്രയുടെ സുവർണനേട്ടം. ഒളിംപിക് ചരിത്രത്തിലെ ഇന്ത്യൻ താരത്തിന്റെ ഏക വ്യക്തിഗത സ്വർണമെഡൽ നേട്ടവുമാണിത്.

2012ലെ ലണ്ടൻ ഒളിംപിക്‌സിലും ഇന്ത്യ മോശമാക്കിയില്ല. ഒരു വെള്ളിയും വെങ്കലവുമായിരുന്നു ലണ്ടനിൽ ഇന്ത്യയുടെ സമ്പാദ്യം. പുരുഷ വിഭാഗം 10 മീറ്റർ എയർറൈഫിളിൽ ഗഗൻ നാരംഗ് വെങ്കലവും 25 മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റളിൽ വിജയകുമാർ വെള്ളിയും നേടിയിരുന്നു.