കുവൈത്ത് സിറ്റി: കോവിഡ് വ്യാപനത്തിൽ നിയന്ത്രണ നടപടി ശക്തമാക്കി കുവൈത്ത്. എന്നാൽ കൂടുതൽ നിയന്ത്രണനടപടികൾ ഉണ്ടായേക്കാമെന്ന ധാരണയിൽ ആളുകൾ സാധനങ്ങൾ വാങ്ങിക്കൂട്ടാൻ തുടങ്ങിയതോടെ അധികൃതർ ഭക്ഷ്യക്ഷാമമുണ്ടാകില്ലെന്നും സാധനങ്ങൾ വാങ്ങിക്കൂട്ടേണ്ട കാര്യമില്ലെന്നും അറിയിച്ചു.

കുവൈത്തിൽ ഒരു വർഷം വരേക്കുള്ള ഭക്ഷ്യ കരുതലുണ്ടെന്നാണ് വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കുന്നത്. ഏറ്റവും മോശമായ സാഹചര്യം ഉടലെടുത്ത് ഭക്ഷ്യ ഇറക്കുമതി അസാധ്യമായ ഘട്ടത്തിൽപോലും ഒരു വർഷംവരെ രാജ്യത്ത് ക്ഷാമമുണ്ടാവില്ല. ചിലപ്പോൾ ഒരുവർഷത്തിനപ്പുറവും ബാക്കിയുണ്ടാവുമെന്ന് സ്‌റ്റോക്ക് വിലയിരുത്തിയ ശേഷം അധികൃതർ പറഞ്ഞു. പൂർണ കർഫ്യൂ ഏർപ്പെടുത്തേണ്ടിവന്നാലും അവശ്യവസ്തുക്കൾ ലഭ്യമാക്കുന്നതിന് സംവിധാനം കാണും.

കർഫ്യൂ ആരംഭിച്ചതിനുശേഷം ചില ഉൽപന്നങ്ങൾക്ക് വില വർധിച്ചിട്ടുണ്ടെങ്കിലും അസാധാരണ വർധനയില്ല. പല സമയങ്ങളിലായി പർച്ചേസിന് എത്തിയിരുന്നവർ പകൽ കേന്ദ്രീകരിക്കപ്പെട്ടതും തിരക്ക് വർധിക്കാൻ കാരണമായി. ഈ തിരക്ക് വൈറസ് വ്യാപനത്തിന് കാരണമാകുമെന്ന മുന്നറിയിപ്പ് ആരോഗ്യ വിദഗ്ദ്ധർ നൽകുന്നു.