ദോഹ: വാടകക്കരാറിന്റെ കാലാവധി ഒരു വർഷത്തേക്കു കൂടി നീട്ടാൻ കാബിനറ്റ് തീരുമാനമായതോടെ ഷോപ്പുടമകൾക്ക് ഉടനെയൊന്നും വാടക വർധിപ്പിക്കാൻ സാധിക്കില്ല. അടുത്ത വർഷം ഫെബ്രുവരി വരെ ഷോപ്പുകളുടെ വാടക വർധിപ്പിക്കുന്നത് മരവിപ്പിച്ചിരിക്കുകയാണ് സർക്കാർ. 2017 ഫെബ്രുവരി വരെ ഷോപ്പുകളുടെ വാടക നിരക്ക് വർധിപ്പിക്കാൻ പാടില്ലെന്നാണ് സർക്കാർ പ്രസ്താവന പുറപ്പെടുവിച്ചരിക്കുന്നത്. മാളുകളിലും കൊമേഴ്‌സ്യൽ കോംപ്ലെക്‌സുകളിലും ഉള്ള എല്ലാത്തരം ഷോപ്പുകളും ഇതിന്റെ പരിധിയിൽ വരുന്നുണ്ടെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

ഷോപ്പുകളുടെ ലഭ്യതയിൽ വന്നിട്ടുള്ള കുറവു മൂലം വാടകനിരക്ക് കുത്തനെ  ഉയരുന്ന സാഹചര്യം കണക്കിലെടുത്താണ് ഷോപ്പുകളുടെ വാടക അടുത്ത വർഷം ഫെബ്രുവരിക്കു ശേഷം മാത്രമേ ഉയർത്താവൂ എന്നു പ്രഖ്യാപിച്ചത്. അതിനായി നിലവിലുള്ള എല്ലാ വാടകക്കരാറിന്റെയും കാലാവധി ഒരുവർഷം കൂടി നീട്ടി ദീർഘിപ്പിച്ച് സർക്കാർ ഉത്തരവിറക്കുകയായിരുന്നു.

ഇത് ഷോപ്പുകളുടെ വാടകക്കരാറിനെ മാത്രമേ ബാധിക്കുകയുള്ളൂവെന്നും ഓഫീസ് സ്‌പേസുകൾ ഈ പരിധിയിൽ വരില്ലെന്നും പ്രമുഖ അഭിഭാഷകർ ചൂണ്ടിക്കാണിക്കുന്നു. കുത്തനെ ഉയരുന്ന വാടകനിരക്കിന് തടയിടാൻ കൂടിയാണ് സർക്കാരിന്റെ ഈ നടപടി. 2008 ഫെബ്രുവരിയിലാണ് വാടക നിരക്ക് സംബന്ധിച്ച് നിയമം രാജ്യത്ത് പ്രാബല്യത്തിലായത്. വർഷാവർഷം ഒരു നിശ്ചിത പരിധിക്കുള്ളിൽ നിന്നുകൊണ്ട് ഷോപ്പുടമകൾക്ക് വാടക കൂട്ടാമെന്ന് പിന്നീട് സർക്കാർ പ്രഖ്യാപിച്ചിരുന്നു.

ഈ പ്രഖ്യാപനത്തിന്റെ കാലാവധി അടുത്ത മാസം പകുതിയോടെ തീരുമെന്നതിനാൽ അഡൈ്വസറി കൗൺസിലാണ് ഉയരുന്ന വാടക നിരക്കു സംബന്ധിച്ച പ്രശ്‌നം കാബിനറ്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇതേത്തുടർന്നാണ് വാടക വർധിപ്പിക്കുന്നത് മരവിപ്പിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കുന്നതും. അതേസമയം ലീസിനെടുത്തിരിക്കുന്ന പ്രോപ്പർട്ടികളെയും ഇതിൽ നിന്ന്  ഒഴിവാക്കിയിട്ടുണ്ട്.