സൂറിച്ച്: സ്വിറ്റ്‌സർലണ്ടിലെ ഏതാനും കാന്റനുകളിൽ ഷോപ്പുകളുടെ പ്രവർത്തന സമയം ദീർഘിപ്പിച്ചതിനെതിരേ പ്രതിഷേധവുമായി യൂണിയനുകൾ രംഗത്ത്. ഇതുസംബന്ധിച്ച നിയമനിർമ്മാണം 29ന് പാർലമെന്റിൽ നടക്കാനിരിക്കെയാണ് പ്രതിഷേധവുമായി ഷോപ്പ് വർക്കർമാരുടെ യൂണിയൻ രംഗത്തെത്തിയിരിക്കുന്നത്.

തിങ്കൾ മുതൽ വെള്ളി വരെ രാവിലെ ആറു മുതൽ രാത്രി എട്ടുവരെയും ശനിയാഴ്ചകളിൽ രാവിലെ ആറു മുതൽ രാത്രി ഏഴു വരെയും ഷോപ്പുകൾ തുറന്നു പ്രവർത്തിക്കാനാണ് ഫെഡറൽ നിയമം കൊണ്ടുവരുന്നത്. അതേസമയം സൂറിച്ച് പോലെയുള്ള ചില കാന്റനുകളിൽ നിലവിൽ ഇതേ പ്രവർത്തി സമയമാണ് ഷോപ്പുകൾക്കുള്ളത്. പുതുതായി 14 കാന്റനുകളിലാണ് ഷോപ്പുകളുടെ പ്രവർത്തന സമയം ദീർഘിപ്പിക്കാൻ സർക്കാർ തയ്യാറെടുക്കുന്നത്.

ഇതിനെതിരേ 2520 ഷോപ്പ് വർക്കർമാർക്കിടയിൽ നടന്ന സർവേയിൽ 96 ശതമാനം പേരും പുതിയ നിയമത്തിന് എതിർത്താണ് വോട്ടു ചെയ്തിരിക്കുന്നത്. 1.85 ശതമാനം പേർ നിയമത്തിന് അനുകൂലമായി വോട്ടു രേഖപ്പെടുത്തി. 2.1 ശതമാനം പേർക്ക് പ്രത്യേകിച്ച് അഭിപ്രായമൊന്നുമില്ല. രാത്രി വൈകി ജോലി ചെയ്യുന്നതിന് വർക്കർമാർ എതിരാണെന്നും രാജ്യമെമ്പാടുമുള്ള ഷോപ്പ് വർക്കർമാർക്ക് ഇതേ അഭിപ്രായമാണെന്നും യൂണിയ വക്താവ് ചൂണ്ടിക്കാട്ടി.
അതേസമയം സ്വിസ് കൊമേഴ്‌സ് ഗ്രൂപ്പായ സിഐസിഡിഎസ് പുതിയ നിയമത്തിന് അനുകൂലമായി രംഗത്തെത്തിയിട്ടുണ്ട്. മാറിവരുന്ന ഉപഭോക്തൃ അഭിരുചികളെ തൃപ്തിപ്പെടുത്തുന്നതിന് പുതിയ നിയമം സഹായകമാകുമെന്നാണ് സിഐസിഡിഎസ് പറയുന്നത്.