- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടിപിആർ കുറയാതെ കോഴിക്കോട്ടെ പെരുവയൽ പഞ്ചായത്ത്; കടകൾ കൃത്യമായി തുറക്കാനാവാതെ വ്യാപാരികൾ; ഒടുവിൽ ടെസ്റ്റ് ചെയ്യാനെത്തുന്നവർക്കു സമ്മാനപദ്ധതി; ഒന്നാം സമ്മാനം 5001 രൂപയും രണ്ടാം സമ്മാനം ബിരിയാണി പോട്ടും; ടിപിആർ ചലഞ്ച് ഗതികേടിന്റെ ചലഞ്ചെന്ന് വ്യാപാരികൾ
കോഴിക്കോട്: കോവിഡ് പശ്ചാത്തലത്തിൽ കടകൾ കൃത്യമായി തുറക്കാനാവാതെ പ്രയാസത്തിലാണ് വ്യാപാരികൾ. ഈ സാഹചര്യത്തിലാണ് പ്രതിസന്ധി മറികടക്കാൻ പുതിയ പരീക്ഷണങ്ങളുമായി വ്യാപാരികൾ രംഗത്തുവരുന്നത്. കോഴിക്കോട് പെരുവയൽ പഞ്ചായത്തിലെ കുറ്റിക്കാട്ടൂർ ഭാഗത്ത് കഴിഞ്ഞ രണ്ടാഴ്ചയായി ടി പി ആർ കൂടുതലാണ്. അതിനാൽ തന്നെ വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുകയും വ്യാപാരികൾക്ക് വരുമാനം നിലച്ച അവസ്ഥയുമാണ്. ഈ സാഹചര്യത്തിലാണ് കോവിഡ് ടെസ്റ്റ് ചെയ്യാനെത്തുന്ന പഞ്ചായത്തിലെ ജനങ്ങൾക്കായി സമ്മാനങ്ങൾ നൽകാൻ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചത്.
വളരെ കുറഞ്ഞ ആളുകൾ ടെസ്റ്റ് ചെയ്യുകയും അത് വെച്ച് കണക്കാക്കിയുള്ള ടി പി ആർ നോക്കുകയും ചെയ്യുന്നതിനാലാണ് ഈ പഞ്ചായത്ത് ഇത്തരം പ്രതിസന്ധിയിലേക്ക് മാറിയത്. സമ്മാനങ്ങളിൽ ആകൃഷ്ടരായി കൂടുതൽ പേർ പരിശോധനയ്‌ക്കെത്തുമ്പോൾ ടി പി ആർ കുറയുമെന്നാണ് ഇവരുടെ പ്രതീക്ഷ. പരിശോധനാ ക്യാമ്പുകളിൽ രോഗ ലക്ഷണം ഇല്ലാത്തവർ പരിശോധിച്ചാൽ ടി പി ആർ കുറയും എന്നതാണ് ചലഞ്ചിന് പിന്നിലെ താത്പര്യമെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു.
ഇന്നലെയാണ് ഗതികേടിന്റെ ചലഞ്ച് എന്ന് വ്യാപാരികൾ വിശേഷിപ്പിക്കുന്ന പദ്ധതി ആരംഭിച്ചത്. 29 മുതൽ ഓഗസ്റ്റ് രണ്ടാം തിയ്യതി വരെ പെരുവയൽ ഗ്രാമപഞ്ചായത്തിൽ നടക്കുന്ന മെഗാ കോവിഡ് ടെസ്റ്റ് ക്യാമ്പുകളിൽ പങ്കെടുക്കുന്നവർക്കാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പെരുവയൽ പഞ്ചായത്ത് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമ്മാനങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
ഒന്നാം സമ്മാനമായി അയ്യായിരത്തി ഒന്ന് രൂപയും രണ്ടാം സമ്മാനം ബിരിയാണി പോട്ടും മൂന്നാം സമ്മാനമായി പ്രഷർ കുക്കറുമാണ് നറുക്കെടുപ്പിലൂടെ നൽകുന്നത്. ഇത് സംബന്ധിച്ച പരസ്യ ബോർഡുകൾ കഴിഞ്ഞ ദിവസം കുറ്റിക്കാട്ടൂർ പ്രദേശത്തും അങ്ങാടിയിലും സ്ഥാപിച്ചിരുന്നു. ഇതോടെ ടെസ്റ്റിനായി ധാരാളം ആളുകൾ എത്തുന്നുണ്ട്.എന്നാൽ പെരുവയൽ പഞ്ചായത്തും പി എച് സി യും ചേർന്ന് നടത്തുന്ന ഈ ടെസ്റ്റിങ് ക്യാമ്പിന് വ്യാപാരികൾ നടത്തുന്ന സമ്മാന പദ്ധതിയുമായി യാതൊരു ബന്ധവും ഇല്ലെന്ന മുന്നറിയിപ്പ് ക്യാമ്പ് നടക്കുന്ന സ്ഥലങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.