കോവിഡ് എന്ന മഹാമാരി നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറി കഴിഞ്ഞ ഈ അവസ്ഥയിൽ നമ്മൾ ഏറ്റവും കൂടുതൽ കേട്ട് തഴമ്പിച്ച ഒരു വാക്കാണ് സാമൂഹിക അകലം അഥവാ സോഷ്യൽ ഡിസ്റ്റൻസിങ്. ഇതിനെ ആസ്പദമാക്കി അയർലൻഡ് മലയാളി ദിബു മാത്യു രചനയും സംവിധാനവും നിർവഹിച്ച ഹ്രസ്വചിത്രം 'ഹൃദയപൂർവം' രണ്ടാം ഭാഗം പുറത്തിറങ്ങി. ഈ കോവിഡും ആയി വളരെ അധികം തെറ്റിദ്ധരിപ്പിക്കപ്പെട്ട വാക്കും ചിലപ്പോൾ ഇതായിരിക്കും. സോഷ്യൽ ഡിസ്റ്റൻസിങ് മാത്രം പാലിച്ചു കോവിഡിൽ നിന്ന് രക്ഷ പെടാം എന്ന് ചിലരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ട്. എന്നാൽ കോവിഡിനെ പ്രതിരോധിക്കാനുള്ള ഏതാനും ചില മാർഗങ്ങളിൽ ഒന്ന് മാത്രമാണ് ഇതെന്ന് പലപ്പോഴും നമ്മൾ മറന്നു പോകുന്നു.

സോഷ്യൽ ഡിസ്റ്റൻസിങ്ങിനൊപ്പം മറ്റു മാർഗങ്ങൾ കൂടി ശരിയായി സ്വീകരിച്ചാൽ മാത്രമേ ഈ മഹാമാരിയിൽ നിന്ന് നമുക്ക് രക്ഷപെടാൻ സാധിക്കുകയുള്ളൂ. ഈ കാര്യങ്ങളെല്ലാം വളരെ രസകരമായി തന്നെ ഈ ഹ്രസ്വ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. ഒരു ഹൗസ് പാർട്ടിയുടെ പശ്ചാത്തലത്തിൽ പുരൊഗമിക്കുന്ന കഥ വളരെ മനോഹരമായി തന്നെ ചിത്രീകരിച്ചിട്ടുണ്ട്. മനുഷ്യന്റെ ശത്രു വൈറസല്ല മറിച്ചു മനുഷ്യൻ തന്നെ ആകാതിരിക്കണമെങ്കിൽ നമ്മൾ ഈ കാലഘട്ടത്തിൽ എങ്കിലും സാമൂഹിക പ്രതിബദ്ധതയോടു കൂടി പെരുമാറിയെ മതിയാകൂ.

ഈ ഹ്രസ്വ ചത്രത്തിൽ അഭിനയിച്ചിരിക്കുന്നവർ അയർലണ്ടിലെ ബ്ലാഞ്ചാർഡ്സ്ടൗൺ നിവാസികളായ റോളി ചാക്കോ, ജോസ് ജോൺ, സഞ്ജയ് സതീശൻ, ടോണി ജോസഫ്, ബിബിൻ മാത്യു, ആൻസി വിൻസെന്റ്, ദിബു മാത്യു എന്നിവരാണ്. ഈ കാലഘട്ടത്തിലെ നല്ലൊരു സന്ദേശം നൽകുന്ന ഈ ഹ്രസ്വ ചിത്രം തീർച്ചയായും ശ്രദ്ധിക്ക പെടുക തന്നെ ചെയ്യും.