'ഈശ്വരാ എന്റെ ശരീരത്തിലൂടെ ശരിക്കും ഒരു മിന്നൽപ്പിണർ കടന്നു പോയത് പോലെ തോന്നി. ഈ സിനിമയെയും അത് നൽകുന്ന സന്ദേശത്തെയും ലോകം കാണട്ടെ .മാപ്പ് എന്ന ഷോർട്ട് ഫിലിം കണ്ട ഒരു പ്രേക്ഷകന്റെ പ്രതികരണം ആണിത്. രണ്ടു ദിവസം കൊണ്ട് മുപ്പത്തിനായിരത്തിൽപരം പേർ കണ്ട സഞ്ജയ് എ പറമ്പത്ത് ഒരുക്കിയ ഈ ഹ്രസ്വ ചിത്രം ഇപ്പോൾ ഓൺലൈൻ മാധ്യമങ്ങളിലെ ചർച്ചാ വിഷയമാണ്.

പ്രശസ്ത സിനിമ താരം അഞ്ജു അരവിന്ദിനെയും ബാലതാരം അക്ഷയയെയും കേന്ദ്രകഥാപാത്രങ്ങളാക്കി സഞ്ജയ് ഒരുക്കിയിരിക്കുന്ന ഈ ഹ്രസ്വചിത്രം സ്ത്രീ സമൂഹം രണ്ടു കൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു. തന്റെ ഒരു സുഹൃത്തിന്റെ 7 വയസ്സായ മകൾക്കുണ്ടായ അനുഭവം ആണ് ഈ ചിത്രമെടുക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് സംവിധായകൻ പറയുന്നു.

തിരക്കഥ ആദ്യം കേട്ടപ്പോൾ കരച്ചിലടക്കാൻ പറ്റിയില്ലെന്നും, ആ വികാരം തന്നെയാവും ഈ ഫിലിം കാണുന്ന ഓരോ സ്ത്രീക്കും ഉണ്ടാവുകയെന്നും അഞ്ജു അരവിന്ദ് പറഞ്ഞു. 'മുലകുടി മാറാത്ത പൈതങ്ങൾക്കറിയുമോ കാമഭാവത്തിൻ കാട്ടാളരീതികൾ ' എന്ന് തുടങ്ങുന്ന സഞ്ജയിന്റെ തന്നെ വരികളും പ്രേക്ഷകരെ ഒരു പാട് ആകർഷിച്ചിട്ടുണ്ട്.

പരിചയ സമ്പന്നനായ ക്യാമറമാൻ കൃഷ്ണയുടെ പ്രാഗൽഭ്യം വെറും 4 മണിക്കൂർ കൊണ്ട് ഈ ഹ്രസ്വചിത്രം ചിത്രീകരിക്കാൻ തങ്ങളെ ഏറെ സഹായിച്ചിട്ടുണ്ടെന്ന് സഞ്ജയും അഞ്ജു അരവിന്ദും പറഞ്ഞു. പക്ഷേ 5 മിനുട്ട് കൊണ്ട് വലിയൊരു വിഷയം അതിന്റേതായ ഗൗരവത്തോടെ പ്രേക്ഷകരുടെ മുന്നിലെത്തിച്ചിരിക്കുന്നു.

ബാല്യം പിന്നിട്ടിട്ടില്ലാത്ത കുഞ്ഞുങ്ങളോട് കാമവെറിയന്മാർ ചെയ്ത് കൂട്ടുന്ന ക്രൂരതകൾക്കെതിരെ സമൂഹത്തിന് ഒരു നല്ല സന്ദേശം നൽകുക എന്ന് ലക്ഷ്യത്തോടെ സഞ്ജയ് പരമ്പത്തും സംഘവും അണിയിച്ചൊരുക്കിയ ഷോർട്ട് ഫിലിമാണ് 'മാപ്പ്'. രണ്ടാഴ്ച തികഞ്ഞിട്ടില്ല അഞ്ചലിനടുത്ത് ഏരൂരിൽ 5 വയസ്സായ പെൺ കുഞ്ഞിനെ ബന്ധു പീഡിപ്പിച്ച് കൊന്നത്.

കണ്മുന്നിൽ ഇതുപോലെ നിരവധി സംഭവങ്ങൾ.അയൽവാസി ,ബന്ധുക്കൾ,തുടങ്ങി അദ്ധ്യാപകർ വരെ പീഡിപ്പിക്കുന്നതിന്റെ വാർത്തകൾ മാത്രം.നിഷ്‌കളങ്കരായ കുഞ്ഞുങ്ങൾ അതിനെ സമിപിക്കുന്നതെങ്ങനെയാകും . ഈ അവസരത്തിലാണ് 'മാപ്പ്' എന്ന ഷോർട്ട് ഫിലിമിന്റെ പ്രസക്തി.ഒരു സംഭവ കഥയെ അടിസ്ഥാനമാക്കിയാണ് സഞ്ജയ് പരമ്പത്ത് ഭമാപ്പ്' അണിയിച്ചൊരുക്കിയിരിക്കുന്നത് .സഞ്ജയുടെ കന്നി സംരംഭമാണിത്.