മെൽബൺ: സ്‌കിൽഡ് വിദേശ ജോലിക്കാർക്ക് ഓസ്‌ട്രേലിയയിലെത്താൻ സുവർണാവസരമൊരുങ്ങുന്നു. 457 മൈഗ്രേഷൻ വിസ കൂടാതെ ഒരു വർഷം വരെ ഓസ്‌ട്രേലിയയിൽ തങ്ങാൻ അനുവദിക്കുന്ന ഷോർട്ട് ടേം വിസയാണ് ഓസ്‌ട്രേലിയ വിദേശ സ്‌കിൽഡ് വർക്കർമാർക്കായി ഒരുക്കുന്നത്. ഷോർട്ട് ടേം മൊബിലിറ്റി വിസാ എന്ന പേരിൽ തയാറാക്കുന്ന വിസയിൽ വിദേശത്തു നിന്നുള്ള സ്‌കിൽഡ് വർക്കർമാർക്ക് ഒരു വർഷം വരെ ഓസ്‌ട്രേലിയയിൽ തങ്ങാം.

വിദേശത്തു നിന്ന് സ്‌കിൽഡ് വർക്കർമാരെ കൊണ്ടുവരാൻ എംപ്ലോയർമാർക്ക് സൗകര്യമൊരുക്കാനാണ് ഫെഡറൽ സർക്കാർ വിസാ സംവിധാനം ലഘൂകരിക്കുന്നതെന്ന് ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി. ഷോർട്ട് ടേം മൊബിലിറ്റി വിസാ സംബന്ധിച്ചുള്ള റെക്കമെന്റേഷനുകൾ ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റ് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ഉടൻ തന്നെ പ്രാബല്യത്തിൽ വരുത്താൻ സാധിക്കുമെന്നുമാണ് കരുതുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.

ഷോർട്ട് ടേം വിസയിലെത്തുന്നവർക്ക് പിന്നീട് പെർമനന്റ് വർക്ക് വിസാ പോലെയുള്ളവയ്ക്ക് അപേക്ഷിക്കാവുന്നതാണ്. സ്‌പെഷ്യലൈസ്ഡ് ജോലികൾക്ക് ആളുകളെ നിയമിക്കാൻ എംപ്ലോയർമാരെ അനുവദിക്കുന്നതാണ് ഈ സംവിധാനമെന്ന് ഓസ്‌ട്രേലിയൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ബിസിനസ് ഗ്രൂപ്പ് ഹെഡ് കേറ്റ് കാർനെൽ അഭിപ്രായപ്പെട്ടു.

അതേസമയം ഷോർട്ട് ടേം വിസ സംവിധാനം നടപ്പാക്കുന്നതിനെതിരേ യൂണിയൻ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഓസ്‌ട്രേലിയയിലെ പ്രധാന ട്രേഡ് യൂണിയനായ ഓസ്‌ട്രേലിയൻ കൗൺസിൽ ഓഫ് ട്രേഡ് യൂണിയൻസ് ഈ സംവിധാനത്തെ ഒരു വിധത്തിലും ന്യായീകരിക്കാൻ പറ്റാത്തതാണെന്ന് പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. നിലവിൽ രാജ്യത്ത് 6.3 ശതമാനമാണ് തൊഴിലില്ലായ്മയെന്നും 14 ശതമാനത്തോളം ചെറുപ്പക്കാർ തൊഴിലില്ലാതെ ഇരിക്കുമ്പോൾ ഇത്തരത്തിൽ പുതിയ പദ്ധതികൾ നടപ്പാക്കുന്നത് അതിശയിപ്പിക്കുന്നതാണെന്നും ഓസ്‌ട്രേലിയൻ കൗൺസിൽ ഓഫ് ട്രേഡ് യൂണിയൻസ് പ്രസിഡന്റ് ജെഡ് കിയേർണി വെളിപ്പെടുത്തി.
ഓസ്‌ട്രേലിയയിലേക്ക് കൂടുതൽ ലേബർ ഫോഴ്‌സിനെ എത്തിക്കാൻ ശ്രമിക്കുന്നത് ഇവിടെയുള്ള ചെറുപ്പക്കാരോട് കാട്ടുന്ന അനീതിയാണെന്നാണ് ട്രേഡ് യൂണിയനുകൾ അഭിപ്രായപ്പെടുന്നത്. ട്രേഡ് യൂണിയനുകൾക്കൊപ്പം പ്രതിപക്ഷത്തെ ചില നേതാക്കളും ഈ പദ്ധതിക്കെതിരേ മുന്നോട്ടു വന്നിട്ടുണ്ട്.