ദുബായ്: മാസങ്ങളായി കോൺസുലേറ്റിൽ പാസ്‌പോർട്ട് വിതരണത്തിൽ അനുഭവപ്പെട്ടിരുന്ന അനിശ്ചിതത്വം നീങ്ങി. ഇന്ത്യൻ കോൺസുലേറ്റിൽ ജംബോ പാസ്‌പോർട്ടുകളുടെ വിതരണത്തിന് ഏർപ്പെടുത്തിയ നിയന്ത്രണം നീക്കിയതോടെയാണ് വിതരണ അനശ്ചിതത്വത്തിന് വിരാമമായി.

ആവശ്യത്തിന് പാസ്‌പോർട്ട് ബുക്കുകൾ ലഭിക്കാത്തത് മൂലമായിരുന്നു നിയന്ത്രണം. പാസ്‌പോർട്ടുകൾ ആവശ്യമുള്ളവർക്ക് ബി.എൽ.എസ്. ഇന്റർനാഷനലിൽ അപേക്ഷകൾ സമർപ്പിക്കാമെന്നും കോൺസുലേറ്റ് പത്രക്കുറിപ്പിൽ വ്യക്തമാക്കി.

36 പേജുള്ള സാധാരണ പാസ്‌പോർട്ടുകളുടെ വിതരണമാണ് തുടക്കത്തിൽ തടസ്സപ്പെട്ടിരുന്നത്. ആവശ്യത്തിന് പാസ്‌പോർട്ട് ബുക്കുകൾ ഇന്ത്യയിൽനിന്ന് അച്ചടിച്ച് ലഭിക്കാത്തത് മൂലമായിരുന്നു ഇത്. സാധാരണ പാസ്‌പോർട്ടുകൾക്ക് പകരമായി 95 ദിർഹം അധികം ഈടാക്കിയാണ് ജംബോ പാസ്‌പോർട്ടുകൾ വിതരണം ചെയ്തിരുന്നത്. ക്രമേണ ജംബോ പാസ്‌പോർട്ടുകളുടെ ലഭ്യതയും കുറഞ്ഞു. ഇതെത്തുടർന്ന്, വിമാനജീവനക്കാർ, ട്രക്ക് ഡ്രൈവർമാർ തുടങ്ങി നിരന്തര യാത്രകൾ ആവശ്യമുള്ളവർക്ക് മാത്രമായി വിതരണം പരിമിതപ്പെടുത്തി. ചികിത്സപോലുള്ള അടിയന്തര സാഹചര്യങ്ങളിൽ യാത്ര ചെയ്യേണ്ടവർക്ക് പ്രത്യേക പരിഗണന നൽകി പാസ്‌പോർട്ടുകൾ നൽകിയിരുന്നു.

സാധാരണ പാസ്‌പോർട്ടുകൾക്ക് 341 ദിർഹവും ജംബോ പാസ്‌പോർട്ടിന് 436 ദിർഹവുമാണ് കോൺസുലേറ്റ് ഈടാക്കുന്നത്. ജൂൺ തുടക്കത്തിലാണ് സാധാരണ പാസ്‌പോർട്ടുകളുടെ വിതരണത്തിൽ തടസ്സം നേരിട്ടത്. ജൂലായ് മുതൽ ഇവയുടെ വിതരണം പഴയപോലെ പുനരാരംഭിച്ചിരുന്നെങ്കിലും ജംബോ പാസ്‌പോർട്ടുകളുടെ വിതരണം തടസ്സപ്പെടുകയായിരുന്നു.

പാസ്‌പോർട്ട് വിതരണത്തിൽ ഇന്ത്യൻ എംബസ്സിയിലും തടസ്സം നേരിട്ടിരുന്നു. സാധാരണഗതിയിൽ അപേക്ഷ നൽകി എട്ട് ദിവസത്തിനകം പാസ്‌പോർട്ടുകൾ നൽകിയിരുന്നുവെങ്കിൽ പാസ്‌പോർട്ട് ബുക്കുകളുടെ ക്ഷാമംകാരണം ആഴ്ചകളോളം കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു. പാസ്‌പോർട്ടുകൾ അടിച്ചിറക്കുന്ന നാസികിലെ ഇന്ത്യൻ സെക്യൂരിറ്റി പ്രസ്സി(ഐ.എസ്‌പി.)ൽ 'ലാമിനേറ്റഡ്' പേപ്പറുകൾക്ക് അനുഭവപ്പെട്ട ക്ഷാമമാണ് പ്രതിസന്ധിക്ക് കാരണമായത്. മേൽത്തരം ഗുണനിലവാരമുള്ള ഇവ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുകയാണ് പതിവ്.