- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വോട്ടർ പട്ടികയിൽ വ്യാജവോട്ടർമാരെ ഉൾപ്പെടുത്തിയില്ല; ഉത്തർപ്രദേശിൽ ബൂത്ത് ലെവൽ ഓഫീസറെ മർദ്ദിച്ചുകൊന്നു
ലക്നൗ: വോട്ടർ പട്ടികയിൽ 'വ്യാജ വോട്ടർമാരെ'ഉൾപ്പെടുത്താൻ വിസ്സമിതിച്ച ബൂത്ത് ലെവൽ ഓഫീസറെ മർദിച്ച് കൊലപ്പെടുത്തി. സൂരജ്പൽ വർമ്മ എന്ന നാൽപ്പത്തിയഞ്ചുകാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ മകനാണ് ആരോപണവുമായി രംഗത്തെത്തിയത്. യുവാവിന്റെ പരാതിയിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു
പഞ്ചായത്ത് തെരഞ്ഞടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനത്ത് കബൂൽപുർ ഗ്രാമത്തിലാണ് സ്കൂൾ ഇൻസ്ട്രക്ടറായി ജോലി ചെയ്തുവരുന്ന സൂരജ്പാലിനെ ബൂത്ത് ഓഫീസറായി നിയമിച്ചത്. ബർഖേഡ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഈ പ്രദേശത്ത് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തെ പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ; ഗ്രാമത്തിലെ പതിവ് പ്രശ്നക്കാരനായ പല്ലവ് ജയ്സ്വാൾ എന്നയാൾ ബിഎൽഒ ആയ സൂരജ്പാലിനെ കാണാനെത്തിയിരുന്നു.
വ്യാജ വോട്ടർമാരെയും പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ സൂരജ്പാൽ നിരസിച്ചതോടെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തു.മർദനമേറ്റ ഓഫീസർ അബോധാവസ്ഥയിലായതോടെ ജസ്വാൾ അവിടെ നിന്നും കടന്നു കളഞ്ഞു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ മകൻ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു.
എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് അനുസരിച്ച് ശരീരത്തിൽ പരിക്കുകളൊന്നും കാണാനായില്ലെന്നാണ് എസ് പി ജയ് പ്രകാശ് അറിയിച്ചത്. സൂരജ്പാൽ പെട്ടെന്ന് അസുഖബാധിതനായെന്നും ആശുപത്രിയിൽ കൊണ്ടു പോകുന്നവഴി മരണം സംഭവിക്കുകയായിരുന്നു എന്നുമാണ് എസ് പിയുടെ വാക്കുകൾ. എങ്കിലും മകൻ നൽകിയ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.