വാർസോ: കോവിഡ് വാക്‌സിനുകൾക്ക് നന്ദി പറയണമെന്നും 2022 അവസാനത്തോടെ ലോകം പൂർണമായും സാധാരണ നിലയിലേക്ക് മടങ്ങണമെന്നും ബിൽഗേറ്റ്‌സ്. ഒരു പോളിഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു മൈക്രോസോഫ്റ്റ് സ്ഥാപകൻ തന്റെ വീക്ഷണം വ്യക്തമാക്കിയത്.

ഇത് അവിശ്വസിനീയമായ ഒരു ദുരന്തമാണ്. പ്രതിരോധ വാക്‌സിനുകൾ ഉണ്ട് എന്നത് മാത്രമാണ് നല്ല വാർത്ത- ബിൽഗേറ്റ്‌സ് പറഞ്ഞു. 2014 ൽ മൈക്രോസോഫ്റ്റ് ചെയർമാൻ സ്ഥാനത്ത് നിന്ന് രാജി വെച്ച ബിൽഗേറ്റ്‌സ് തന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി 1.75 ബില്യൺ അമേരിക്കൻ ഡോളർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നൽകിയിരുന്നു.

രോഗം കണ്ടെത്തി പന്ത്രണ്ട് മാസത്തിനകം അതിന് പ്രതിവിധിയായി വാക്‌സിൻ കണ്ടെത്തി എന്നത് വളരെ വലിയ കാര്യമാണെന്ന് ബിൽഗേ‌റ്റ്സ് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഗവേഷണ രംഗത്തെ മികവാണത്. പക്ഷെ മറ്റ് തരത്തിലുള‌ള മരുന്നുകൾ വികസിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. കോവിഡ് വാക്‌സിനുകൾ ലോകത്തെ സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിലാണ് ആദ്യം ലഭിക്കുക. സാമ്പത്തികമായി പിന്നിലുള‌ള രാജ്യത്ത് വാക്‌സിൻ ലഭിക്കുക വളരെ മെല്ലെയാകും.