കോഴിക്കോട്: സോളാർ കേസുമായി ബന്ധപ്പെട്ട് തന്നെ ഒരാൾ ബ്ലാക്ക് മെയിൽ ചെയ്തുവെന്ന ഉമ്മൻ ചാണ്ടിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു

തന്നെ ആരാണ് ബ്ലാക്ക് മെയിൽ ചെയ്തതെന്ന് വെളിപ്പെടുത്താൻ ഉമ്മൻ ചാണ്ടി തയാറാവണം. അല്ലാത്ത പക്ഷം ഈ സംഭവം അന്വേഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ജുഡീഷൽ അന്വേഷണത്തിന് വിധേയമായ സംഭവത്തിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ എംഎൽഎയുമായ ഒരാൾ ഇത്തരം ഗുരുതരമായ വെളിപ്പെടുത്തൽ നടത്തിയിട്ടും പൊലീസ് അദ്ദേഹത്തിൽ നിന്ന് മൊഴിയെടുക്കാത്തത് എന്തുകൊണ്ടാണെന്നും സുരേന്ദ്രൻ ചോദിച്ചു.

ഭയമോ പക്ഷപാതമോ കൂടാതെ നീതി നടപ്പാക്കുമെന്നാണ് സത്യപ്രതിജ്ഞയിൽ പറയുന്നത്. എന്നാൽ, ഈ വെളിപ്പെടുത്തലിലൂടെ സത്യപ്രതിജ്ഞ ലംഘനമാണ് ഉമ്മൻ ചാണ്ടി നടത്തിയിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഉമ്മൻ ചാണ്ടിയുടെ വെളിപ്പെടുത്തൽ ക്രിമിനൽ കുറ്റമാണ്. ഇക്കാര്യത്തിൽ സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ ഇക്കാര്യത്തിൽ ബിജെപി നിയമ നടപടി സ്വീകരിക്കുമെന്ന് സുരേന്ദ്രൻ പറഞ്ഞു. ഇത് സംബന്ധിച്ച് ഡിജിപി പരാതി നൽകും. കാര്യക്ഷമമായ അന്വേഷണം ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.