ലക്‌നോ: നോട്ട് പിൻവലിക്കൽ നടപടിയിൽ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയ വേളയിൽ തന്നെ പ്രസ്തുത നടപടിയിൽ ഉറച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. കള്ളപ്പണവും അഴിമതിയും ഇന്ത്യയെ നശിപ്പിച്ചുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇവയിൽ നിന്നെല്ലാം മോചിതരാകണം. രാജ്യത്തെ കൊള്ളയടിച്ചവരെ വെറുതേ വിടില്ലെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്‌ച്ച പ്രതിപക്ഷം ആഹ്വാനം ചെയ്ത ഹർത്താലിനെയും മോദി പരിഹസിച്ചു. അഴിമതി അവസാനിപ്പിക്കണോ, അതോ രാജ്യം സ്തംഭിപ്പിക്കണോ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.പിയിൽ നടന്ന ബിജെപി. പരിവർത്തൻ റാലിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഞാൻ കള്ളപ്പണവും അഴിമതിയും നിർത്താൻ ശ്രമിക്കുമ്പോൾ, ചിലർ ഭാരത് ബന്ദിന് ആഹ്വാനം ചെയ്യുന്നു, മോദി പറഞ്ഞു. കള്ളപ്പണവും അഴിമതിയും ഇന്ത്യയെ നശിപ്പിച്ചിരിക്കുകയാണ്. ഇവയിൽ നിന്നെല്ലാം രാജ്യം മോചിതമാകണം. കഷ്ടപ്പാടുകൾ നേരിട്ട്, സർക്കാരിന്റെ തീരുമാനം അംഗീകരിച്ച ജനങ്ങളെ സല്യൂട്ട് ചെയ്യുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 70 വർഷമായി രാജ്യം ഭരിച്ചു കൊള്ളയടിച്ചവരെ വെറുതെ വിടില്ലെന്നും മോദി പറഞ്ഞു.

കർഷകരുടെ ജീവിതരീതിയിൽ മാറ്റം കൊണ്ടുവന്നാൽ ഇന്ത്യയിലെ ഏറെക്കുറെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടും. കർഷകരും ഗ്രാമങ്ങളുമാണ് ഇന്ത്യയുടെ ശക്തി. ബിജെപി സർക്കാർ പൂർണമായും കർഷകർക്കും ഗ്രാമീണർക്കുമായാണ് പ്രവർത്തിക്കുന്നത്. ഞങ്ങൾ നിങ്ങളുടെ സേവകരാണ്. നിങ്ങളാണ് ഈ അധികാരം ഞങ്ങൾക്കു തന്നത്. അതിന്റെ കടം തീർക്കാനാണു ഞാൻ ഇവിടെ വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കർഷകരുടെ ക്ഷേമത്തിനായി പ്രധാന്മന്ത്രി ഫസൽ ബീമ യോജന പോലുള്ള നിരവധി പദ്ധതികൾ സർക്കാർ നടപ്പിലാക്കി. കർഷകർക്കു കൂലി നേരിട്ടു നൽകാതെ അവരുടെ ബാങ്ക് അക്കൗണ്ടുകളിലൂടെ നൽകണം. ബിജെപി സർക്കാർ അധികാരത്തിലെത്തയ ഉടൻ കർഷകർക്കു കൃത്യസമയത്തു കൂലി ലഭിക്കുന്നുണ്ടെന്നു ഉറപ്പു വരുത്തിയതായും അദ്ദേഹം അവകാശപ്പെട്ടു.

ടെക്‌നോളജി നമ്മുടെ ജീവിതത്തെ കൂടുതൽ ലളിതമാക്കി. മൊബൈൽ ഫോണുകൾ ഇന്നു ബാങ്കുകളായി മാറിക്കഴിഞ്ഞു. ജനങ്ങൾ പരമാവധി കറൻസി രഹിത ഇടപാടുകൾ നടത്താൻ ശ്രദ്ധിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. വിദ്യാഭ്യാസം കുറഞ്ഞവരും ഓൺലൈനിലൂടെ റെയിൽവേ ടിക്കറ്റ് എടുക്കുന്നു, വാട്ട്‌സാപ്പിലൂടെ സന്ദേശങ്ങളും ചിത്രങ്ങളും അയക്കുന്നു. സാങ്കേതിക വിദ്യ പുരോഗമിച്ചുവെന്നും പേഴ്‌സ് ഇല്ലാതെ എല്ലാ ഇടപാടുകളും സാധ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മൊബൈലിലെ സാങ്കേതികവിദ്യ ഉപയോഗിച്ചു പണമിടപാടുകൾ നടത്തുന്നതെങ്ങനെയെന്നു യുവാക്കൾ സാധാരണ ജനങ്ങളെ പഠിപ്പിക്കണം. കള്ളപ്പണം ഇതിലൂടെ തടയാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.