ജിദ്ദ: സ്വകാര്യമേഖലയിലെ തൊഴിൽ സമയം ആഴ്ചയിൽ 40 മണിക്കൂർ ആക്കി ചുരുക്കാനും ആഴ്ചയിൽ രണ്ടു ദിവസം അവധി നൽകാനും ഷൂര കൗൺസിൽ ശുപാർശ. സാധാരണ ദിവസങ്ങളിൽ ദിവസം എട്ടു മണിക്കൂർ ഡ്യൂട്ടിയും റമദാൻ മാസങ്ങളിൽ ഇത് ഏഴു മണിക്കൂർ ഡ്യൂട്ടിയുമായി ചുരുങ്ങും. റമദാൻ മാസങ്ങളിൽ ആഴ്ചയിൽ 35 മണിക്കൂർ നേരം മാത്രം സ്വകാര്യമേഖലയിലുള്ളവർ ജോലി ചെയ്താൽ മതിയാകും.

സ്വകാര്യമേഖലയിൽ ജോലി സമയം വെട്ടിക്കുറച്ചത് കൂടുതൽ സ്വദേശികളെ ഈ മേഖലയിലേക്ക് ആകർഷിക്കാൻ സാധിക്കുമെന്ന് കൗൺസിൽ വിലയിരുത്തി. നീണ്ട ജോലി സമയം മൂലം ഒട്ടേറെ സ്വദേശികൾ സ്വകാര്യമേഖലയിൽ തൊഴിൽ ചെയ്യുന്നതിന് വിസമ്മതിക്കുകയായിരുന്നുവെന്നും ചില കൗൺസിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടി.

അതേസമയം സ്വകാര്യമേഖലയിൽ ജോലി സമയം വെട്ടിച്ചുരുക്കിയത് പ്രവാസികളായിട്ടുള്ളവർക്ക് മറ്റു മേഖലകളിൽ അധിക ജോലി ചെയ്യാൻ വഴിയൊരുക്കുമെന്നും കൗൺസിലിൽ അഭിപ്രായമുയർന്നിട്ടുണ്ട്. അധിക വരുമാനമുണ്ടാക്കുന്നതിനായി വിദേശികൾ മറ്റിടങ്ങളിലും ജോലി ചെയ്യാൻ അവസരമൊരുക്കുകയാണ് ഇതുവഴിയെന്നാണ് ചിലർ അഭിപ്രായപ്പെട്ടത്.