- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകൾക്കൊപ്പമുള്ള ബുള്ളറ്റിൽ കശ്മീർ യാത്രക്ക് അനുമതി വാങ്ങിയില്ല; അദ്ധ്യാപികയ്ക്കു കാരണം കാണിക്കൽ നോട്ടിസ്; പയ്യന്നൂർ എഇഒ പ്രധാന അദ്ധ്യാപിക വഴി അനീഷയ്ക്കും നോട്ടിസ് അയച്ചത് പത്രവാർത്തയുടെ അടിസ്ഥാനത്തിൽ; യാത്ര കൃത്യവിലോപവും അച്ചടക്ക ലംഘനവുമാണെന്നും ഷോക്കോസ് നോട്ടിസിൽ
കണ്ണൂർ: കേരളത്തിൽ നിന്നും കാശ്മീർ വരയുള്ള യാത്ര നടത്തിയ അദ്ധ്യാപികയ്ക്ക് വിദ്യാഭ്യാസ വകുപ്പിന്റെ നോട്ടീസ്. കാനായി നോർത്ത് യുപി സ്കൂൾ അദ്ധ്യാപിക കെ അനീഷയ്ക്കാണ് ഷോക്കോസ് നോട്ടിസ് അയച്ചത്. അനുമതി വാങ്ങാതെയാണ് അനീഷ യാത്ര നടത്തിയതെന്ന് കാണിച്ചാണ് നോട്ടീസ്. 19ന്റെ പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് പയ്യന്നൂർ എഇഒ പ്രധാന അദ്ധ്യാപിക വഴി അനീഷയ്ക്കും നോട്ടിസ് അയച്ചത്. സംസ്ഥാനം വിട്ടു പോകാൻ ഡിപ്പാർട്മെന്റ് അനുവാദം വാങ്ങേണ്ടതുണ്ടെന്ന സർവീസ് റൂൾ പാലിച്ചില്ലെന്നാണ് ഇതിൽ പറയുന്നത്. യാത്ര കൃത്യവിലോപവും അച്ചടക്ക ലംഘനവുമാണെന്നും ഷോക്കോസ് നോട്ടിസിൽ പറയുന്നു. എന്തെങ്കിലും ബോധ്യപ്പെടുത്താനുണ്ടെങ്കിൽ രണ്ട് ദിവസത്തിനകം രേഖാമൂലം അറിയിക്കണമെന്നാണ് നോട്ടിസിൽ അറിയിച്ചിട്ടുള്ളത്.
അദ്ധ്യാപിക യാത്രയിലായതിനാൽ പ്രധാന അദ്ധ്യാപികയ്ക്ക് നോട്ടിസ് നൽകാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം വീട്ടിൽ തിരിച്ചെത്തിയ അദ്ധ്യാപിക ക്വാറന്റീനിലാണ്. കോവിഡ് പരിശോധനയിൽ നെഗറ്റീവായതിനാൽ അടുത്ത ദിവസം സ്കൂളിൽ ചെന്ന് അദ്ധ്യാപിക നോട്ടിസ് കൈപ്പറ്റും. പ്രധാനഅദ്ധ്യാപിക ഇക്കാര്യം അദ്ധ്യാപികയെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ഇതൊരു നടപടിക്രമത്തിന്റെ ഭാഗമായി മാത്രമാണ് നോട്ടിസ് അയച്ചതെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം.
വിവാഹ വാർഷികത്തിനു ഭർത്താവ് മധുസൂദനൻ ബുള്ളറ്റ് ബൈക്ക് സമ്മാനമായി നൽകിയപ്പോഴാണ് അനീഷ ബൈക്ക് യാത്രയെ കുറിച്ച് പ്ലാൻ ചെയ്തത്. ബൈക്കിൽ കശ്മീരിലേക്കുള്ള യാത്രയ്ക്കു കൂട്ടായി മകൾ മധുരിമയുമുണ്ട്. കാനായി നോർത്ത് യുപി സ്കൂൾ അദ്ധ്യാപികയാണ് മണിയറ സ്വദേശി അനീഷ. മകൾ പയ്യന്നൂർ കോളജ് രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിനി മധുരിമ. യാത്രകൾ ഇഷ്ടപ്പെടുന്ന അനീഷയ്ക്ക് കഴിഞ്ഞ വർഷം വിവാഹ വാർഷികത്തിനാണ് മധുസൂദനൻ ബൈക്ക് സമ്മാനിച്ചത്. അന്നേ മനസ്സിലുണ്ട് കശ്മീർ യാത്ര.
ആദ്യം പരീക്ഷണ ഓട്ടമായിരുന്നു, മൈസൂരുവിലേക്ക്. ഇതു വിജയിച്ചതോടെ അമ്മയും മകളും ചേർന്നു ഗൂഗിൾ മാപ്പിൽ കശ്മീരിലേക്കുള്ള റൂട്ട് പിടിച്ചു. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ കഴിഞ്ഞ വർഷം യാത്ര മാറ്റിവച്ചു. ആ യാത്രയാണ് 14ന് പെരുമ്പ ദേശീയ പാതയിൽ നിന്നു തുടങ്ങിയത്. ഹയർ സെക്കൻഡറി സ്കൂൾ ജില്ലാ കോഓർഡിനേറ്റർ ടി.വി.വിനോദ് ഫ്ളാഗ് ഓഫ് ചെയ്തു. ദിവസം 200 250 കിലോമീറ്ററാണു യാത്ര. പൂർണ പിന്തുണയുമായി മധുസൂദനനും മകൻ മധു കിരണുമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ