മുംബൈ: ബോളിവുഡിൽ ഇത് സ്‌പോട്‌സ് സിനിമകളുട സമയമാണ്. ദേശീയ തലത്തിൽ ശ്രദ്ധ നേടിയ പ്രമുഖ താരങ്ങളുടെ ജീവിതകഥയെ ആസ്പദമാക്കിയുള്ള ചിത്രങ്ങൾ ഇതിനോടകം ഇറങ്ങിക്കഴിഞ്ഞു. ധോണിയും മിൽഖാ സിംഗിന്റെയും മേരി കോമിന്റെയുമൊക്കെ ജീവിതം സിനിമയായി. സച്ചിന്റെ ജീവിതകഥയുമായുള്ള സിനിമ അണിയറയിലാണ്. ഇതിനിടെയാണ് മറ്റൊരു പ്രമുഖ കായികതാരത്തിന്റെ ജീവിതവും സിനിമയാകാൻ ഒരുങ്ങുന്നത്. സൈനയായി ബോളിവുഡ് താരം ശ്രദ്ധ കപൂറാണ് എത്തുന്നത്. അമോൽ ഗുപ്തയാണ് സൈനയുടെ ജീവിതം സിനിമയായി സംവിധാനം ചെയ്യുന്നത്.

ജീവിതത്തിൽ ഒരിക്കലെങ്കിലും ബാഡ്മിന്റൺ കളിക്കാത്ത പെൺകുട്ടികളില്ലെന്നും സൈനയുടെ ജീവിതം അവതരിപ്പിക്കാൻ കിട്ടിയ അവസരത്തെ താൻ ഭാഗ്യമായാണ് കാണുന്നതെന്നും ശ്രദ്ധ കപൂർ അഭിപ്രായപ്പെട്ടു. സൈന ലോക ഒന്നാം നമ്പർ ബാഡ്മിന്റൺ താരം മാത്രമല്ലെന്നും അവർ യൂത്ത് ഐക്കൺ ആണെന്നും ശ്രദ്ധ കൂട്ടിച്ചേർത്തു.

അതേസമയം സിനിമയെപ്പറ്റി താൻ അറിഞ്ഞിരുന്നുവെന്നും പ്രധാന കഥാപാത്രത്തെ അവതിരിപ്പിക്കാൻ ശ്രദ്ധയെ തെരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്നും സൈന നെഹ് വാൾ പ്രതികരിച്ചു. ശ്രദ്ധ വളരെ പ്രതിഭയുള്ളയാളാണ് ,വളരെ കഠിനാധ്വാനം ചെയ്യുന്ന വ്യക്തിയാണ്. തന്റെ റോൾ അവർ നീതിയോടെ കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷയുണ്ടെന്നും സൈന കൂട്ടിച്ചേർത്തു.

നേരത്തെ ദീപിക പദുക്കോൺ സൈനയെ അവതരിപ്പിക്കുമെന്ന് വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ ദീപിക ഈ ചിത്രത്തിൽ നിന്ന് പിന്മാറിയിരുന്നു. നിലവിൽ ദാവൂദ് അബ്രാഹിമിന്റെ സഹോദരിയുടെ ജീവിതകഥയായ ഹസീനയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ശ്രദ്ധയിപ്പോൾ. ഹസീനയുടെ ചിത്രം പൂർത്തിയാകുന്നതോടെ അമോൽ ഗുപ്ത ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.