കോഴിക്കോട്: കോഴിക്കോട് - മലപ്പുറം ജില്ലകളുടെ അതിർത്തിയായ ഊർങ്ങാട്ടിരി പഞ്ചായത്തിലെ കോണ്ണൂർകണ്ടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ടാഴ്ചക്കിടെ രണ്ടു ജീവനുകൾ പൊലിഞ്ഞതിന് പിന്നിൽ വനം വകുപ്പിന്റെ അനാസ്ഥയാണെന്ന ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്തി അടിയന്തിര വിശദീകരണം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

മുഖ്യവനപാലകനും കോഴിക്കോട് ജില്ലാ വനപാലകനും രണ്ടാഴ്ചക്കകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കോണ്ണൂർക്കണ്ടി കൂത്താണിക്കാട് പ്രദേശം കാട്ടാനകളുടെ വിഹാര കേന്ദ്രമാണ്. ജീവൻ പണയം വച്ചാണ് കർഷകർ ഇവിടെ കഴിയുന്നത്. നിലമ്പൂർ വനത്തിന്റെ ഭാഗമായ പന്തീരായിരം പന്നിയാ മല വന മേഖലയിൽ നിന്നും കാട്ടാനക്കൂട്ടം കൃഷി ഭൂമിയിലെത്തി കൃഷി നാശമുണ്ടാകുന്നത് പതിവാണ്. പരിസര വാസികൾ നിരവധി തവണ വനപാലകർക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.

വനാതിർത്തിയിൽ സംരക്ഷണവേലി നിർമ്മിക്കാമെന്ന് അധികൃതർ ഉറപ്പു നൽകിയെങ്കിലും കുറച്ചു ദൂരം മാത്രമാണ് വേലി നിർമ്മിച്ചത്. കാട്ടാനകൾ കയറാതിരിക്കാൻ നാട്ടുകാർ കാടുവെട്ടി തെളിച്ചിട്ടും വനം വകുപ്പ് തിരിഞ്ഞു നോക്കിയില്ലെന്നും പരാതിയുണ്ട്. കഴിഞ്ഞ ദിവസം വടക്കേതടത്തിൽ സെബാസ്റ്റ്യനെ (60) യാണ് ആന ചവിട്ടി കൊന്നത്. സെബാസ്റ്റ്യൻ ബന്ധുവീട്ടിൽ നിന്നും ഭക്ഷണം കഴിച്ചതിനുശേഷം മലമുകളിലുള്ള തന്റെ വീട്ടിലേക്ക് പോയതാണ്. പിറ്റേന്ന് രാവിലെ മലമുകളിലെ മറ്റൊരു കർഷകനാണ് സെബാസ്റ്റ്യനെ മരിച്ച നിലയിൽ കണ്ടെത്തിയത്.തുടർന്ന് നടത്തിയ പരിശോധനയിലാണ് ആന ചവിട്ടിക്കൊന്നതായി മനസ്സിലായത്.

ഈ പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമാണ്. പ്രദേശവാസികൾ പല തവണ അധികൃതർക്ക് പരാതി നൽകുകയും പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികളായ കർഷകരുടെ പരാതി. പ്രദേശത്ത് എത്തിയ ഫോസ്റ്റ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞത് അൽപ്പ നേരം പ്രദേശത്ത് സംഘർഷാവസ്ഥയുണ്ടാക്കിയിരുന്നു. രണ്ടാഴ്ച മുമ്പ് ഓടക്കയത്ത് കടിഞ്ഞി എന്ന് പറയുന്ന ആദിവാസിയെയും ആന ചവിട്ടി കൊന്നിരുന്നു.