- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടപ്പാതയിൽ തുരുമ്പെടുത്ത ഗ്രില്ലുകളും പൊളിഞ്ഞ സ്ലാബുകളും; കാസർകോട് നഗരസഭക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ; പഞ്ചായത്തംഗത്തിനെ പരസ്യമായി അപമാനിച്ചുവെന്ന പരാതിയിൽ കളക്ടറോട് നേരിട്ട് ഹാജരാകാൻ നിർദ്ദേശം
കാസർകോട്: എം ജി. റോഡിന് സമീപത്തെ ഓവുചാലുകൾക്ക് മുകളിൽ സ്ഥാപിച്ച തുരുമ്പെടുത്ത ഇരുമ്പു ഗ്രില്ലുകളും പൊട്ടിപ്പൊളിഞ്ഞ കോൺക്രീറ്റ് സ്ലാബുകളും മാറ്റാത്ത കാസർകോട് നഗരസഭക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. കാസർകോട് നഗരസഭാ സെക്രട്ടറി ആവശ്യമായ അന്വേഷണങ്ങൾ നടത്തി നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ചൊവ്വാഴ്ച കാസർകോട് ഗവ. ഗസ്റ്റ് ഹൗസിൽ നടത്തിയ സിറ്റിംഗിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
നടപ്പാതയിൽ നിരവധി ഇരുമ്പു ഗ്രില്ലുകൾ സ്ഥാപിച്ചിട്ടുണ്ട്. പ്രായമായവരും കുട്ടികളും ഉപയോഗിക്കുന്ന നടപ്പാതയിൽ സൂക്ഷമതയോടെ നടന്നില്ലെങ്കിൽ അപകടം സംഭവിക്കും. ചില കോൺക്രീറ്റ് സ്ലാബുകൾ തകർന്ന അവസ്ഥയിലാണ്. സ്വകാര്യ സ്ഥാപനങ്ങൾ നടപ്പാതയിൽ നിർമ്മാണ സാമഗ്രികൾ ഇറക്കിയിടുന്നത് വഴിയാത്രക്കാർക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്.
കാസർകോട് ജില്ലാ കളക്ടർ പരസ്യമായി അപമാനിച്ചുവെന്ന കാസർകോട് ബ്ലോക്ക് പഞ്ചായത്തംഗത്തിന്റെ പരാതിയിൽ കളക്ടറോട് നേരിട്ട് ഹാജരാകാൻ കമ്മീഷൻ നിർദ്ദേശിച്ചു. ഇക്കഴിഞ്ഞ ഡിസംബറിൽ നടന്ന കളക്ടറേറ്റ് മാർച്ചിനിടയിലാണ് കളക്ടർ അപമാനിച്ചതെന്ന് ജമീല അഹമ്മദ് നൽകിയ പരാതിയിൽ പറയുന്നു. ഇതു സംബന്ധിച്ച് കളക്ടർ ഹാജരാക്കിയ മറുപടി ത്യപ്തികരമല്ലെന്ന് കമ്മീഷൻ വിലയിരുത്തി.
താൽക്കാലിക വികലാംഗ സർട്ടിഫിക്കറ്റ് സ്ഥിരപ്പെടുത്തി നൽകണമെന്ന ഫിർദൗസ് നഗർ സ്വദേശി മുഹമ്മദ് കുഞ്ഞിയുടെ പരാതിയിൽ അടിയന്തിര നടപടി സ്വീകരിക്കാൻ കമ്മീഷൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകി. തനിക്കും കുടുംബത്തിനും ജീവന് ഭീഷണിയുണ്ടെന്ന ബന്തടുക്ക സ്വദേശിനി നിർമ്മലാ പ്രഭാകരന്റെ പരാതിയിൽ സ്വീകരിച്ച നടപടികളെ കുറിച്ച് അറിയിക്കാൻ കമ്മീഷൻ കാസർകോട് എസ്പിക്ക് നിർദ്ദേശം നൽകി. 53 കേസുകൾ പരിഗണിച്ചു.