- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്ര സർക്കാർ സ്ഥാപനമാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നു; ഭാരത് സേവക് സമാജിന്റെ നടത്തിപ്പ് ചീഫ് സെക്രട്ടറി അന്വേഷിക്കണം; പാവപ്പെട്ട തൊഴിൽ രഹിതരായ സ്ത്രീകളടക്കമുള്ള വലിയ ജന വിഭാഗം തട്ടിപ്പിന് ഇരകളാകാമെന്നും മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: കേന്ദ്ര സർക്കാർ സ്ഥാപനമാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രവർത്തിക്കുന്ന ഭാരത് സേവക് സമാജിന്റെ നടത്തിപ്പിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തി തക്കതായ നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.ചീഫ് സെക്രട്ടറിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവ് നൽകിയത്.
സ്വീകരിച്ച നടപടികൾ രണ്ടു മാസത്തിനകം സമർപ്പിക്കണം. കമ്മീഷന് പോലും ഇത് കേന്ദ്രസർക്കാർ സ്ഥാപനമാണെന്ന് തെറ്റിദ്ധാരണയുണ്ടാക്കി. പാവപ്പെട്ട തൊഴിൽ രഹിതരായ സ്ത്രീകളടക്കമുള്ള ഒരു വലിയ ജന വിഭാഗം ഇത്തരം സംഘടനകളുടെ പ്രവർത്തനങ്ങൾ വഴി വഞ്ചിക്കപ്പെടാൻ സാധ്യതയുണ്ടെന്നും കമ്മീഷൻ ചൂണ്ടിക്കാണിച്ചു.
2014-15 വർഷം ഭാരത് സേവക് സമാജ് നടപ്പിലാക്കിയ സംയോജിത മുട്ട ഗ്രാമം പദ്ധതിയിൽ വഞ്ചിതരായ ഒഞ്ചിയം ഗ്രാമ പഞ്ചായത്തിലെ ഗുണഭോക്താക്കൾക്ക് വേണ്ടി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. പരാതിയെ കുറിച്ച് 2018 ൽ വിജിലൻസ് അന്വേഷണത്തിന് കമ്മീഷൻ ഉത്തരവിട്ടിരുന്നു. അന്വേഷണം പൂർത്തിയാകുന്നതുവരെ ജപ്തി നടപടികൾ നിർത്തിവയ്ക്കാനും നിർദ്ദേശിച്ചിരുന്നു. ഭാരത് സേവക് സമാജ് അധികൃതരോട് ഹാജരാകാൻ കമ്മീഷൻ നിർദ്ദേശിച്ചെങ്കിലും ഹാജരായില്ല.
എന്നാൽ ഭാരത് സേവക് സമാജ് വിജിലൻസിന്റെ അന്വേഷണ പരിധിയിൽ വരുന്നതല്ലെന്നാണ് വിജിലൻസ് കമ്മീഷനെ അറിയിച്ചത്. ഇതിനിടെ മുട്ട ഗ്രാമം പദ്ധതിയുമായി ബന്ധപ്പെട്ട് റിക്കവറി നടപടികൾ ആരംഭിച്ചില്ലെങ്കിൽ ബാങ്കിന് നഷ്ടമുണ്ടാകുമെന്ന് സിന്റിക്കേറ്റ് ബാങ്ക് കമ്മീഷനെ അറിയിച്ചു.
കമ്മീഷൻ മുമ്പാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടും അതിനു തയ്യാറാകാതിരുന്ന ഭാരത് സേവക് സമാജിന്റെ വിശ്വാസ്യത പ്രതികൂട്ടിലാണെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു. സർക്കാർ സ്ഥാപനമാണെന്ന് തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുള്ള പേരുകൾ ഉപയോഗിക്കുന്ന ഇത്തരം സംഘടനകൾ ബന്ധപ്പെട്ട ചട്ടങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് ചീഫ് സെക്രട്ടറി പരിശോധിക്കണം.
അവരുടെ ഫ്രവർത്തനങ്ങളിൽ സാമൂഹിക സേവനം മാത്രമാണോ ലക്ഷ്യമെന്നും പരിശോധിക്കണം. ഇല്ലെങ്കിൽ പാവപ്പെട്ടവർ വഞ്ചിതരാവുകയും അവരുടെ സ്വസ്ഥമായ ജീവിതം താറുമാറാവുകയും ചെയ്യുമെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു. ഉത്തരവിന്റെ പകർപ്പ് സിന്റിക്കേറ്റ് ബാങ്ക് ഓർക്കാട്ടേരി ബ്രാഞ്ച് മാനേജർക്കും അയക്കും.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.