- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെഡിക്കൽ കോളേജിൽ 600 രൂപ വിലയുള്ള ചുവന്ന രക്താണുവിന് ആർസിസിയിൽ വില 1960; ഒറ്റയടിക്ക് വില വർദ്ധിപ്പിച്ചത് 15 ഇനങ്ങൾക്ക്; ക്യാൻസർ രോഗികളോടുള്ള ആർസിസിയുടെ ചൂഷണത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ; മറുനാടൻ ഇംപാക്റ്റ്
തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്ററിൽ രക്തകോശങ്ങളുടെ വില മനുഷ്യത്വരഹിതമായി വർദ്ധിപ്പിച്ച നടപടിയിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. മുൻ മെഡിക്കൽ കോളേജ് കൗൺസിലർ ജിഎസ് ശ്രീകുമാറും പൊതുപ്രവർത്തകനായ ജോസ് വൈ ദാസും സമർപ്പിച്ച പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കാണ് കേസെടുത്തത്.
ക്യാൻസർ രോഗികൾക്ക്, പ്രത്യേകിച്ച് രക്താർബുദം ബാധിച്ചവർക്ക് ചികിൽസയ്ക്കായി വളരെയധികം ആവശ്യമായ ഒരു രക്തഘടകമാണ് ചുവന്ന രക്താണുക്കൾ. 2019 ൽ കോവിഡ് തുടങ്ങുന്നതിന് മുമ്പ് ചുവന്ന രക്താണുവിന് 600 രൂപയായിരുന്നത് 2020 ൽ 1700 രൂപയായി വർദ്ധിപ്പിച്ചിരുന്നു. ഒറ്റയടിക്ക് വില കൂടിയത് മൂന്നിരട്ടിയോളമായിരുന്നു. ഈ വർഷം അത് 1960 രൂപയായി വീണ്ടും വർദ്ധിപ്പിച്ചിരിക്കുകയാണ്.
ക്യാൻസർ രോഗികൾക്ക് ഇടയ്ക്കിടെ ആവശ്യംവരുന്ന മറ്റൊരു രക്തഘടമാണ് പ്ലേറ്റ്ലെറ്റുകൾ. കീമോ തെറാപ്പി ആരംഭിച്ച് കഴിഞ്ഞാൽ പ്ലേറ്റ്ലെറ്റുകൾ അളവ് ക്രമാതീതമായി കുറയാറുണ്ട്. ചിലപ്പോൾ ഒരാഴ്ചയുടെ ദൈർഘ്യത്തിലോ മറ്റു ചിലപ്പോൾ ആഴ്ചകളുടെ ദൈർഘ്യത്തിലോ ഇത് സംഭവിക്കാം. അത് ക്രമമായി നിലനിർത്തേണ്ടി രോഗികളുടെ ജീവൻ സംരക്ഷിക്കുന്നതിന് വളരെ അത്യാവശ്യമാണ്. അതിന് വേണ്ടി ഇടയ്ക്കിടെ പ്ലേറ്റ്ലെറ്റുകൾ പുറത്തുനിന്ന് വാങ്ങേണ്ടിവരും. എന്നാൽ അത്തരം സന്ദർഭങ്ങളെ ചൂഷണം ചെയ്യുകയാണ് ആർസിസി അധികൃതർ എന്നാണ് ഉയരുന്ന പരാതി.
മുമ്പ് പ്ലേറ്റ്ലെറ്റുകളുടെ വില 7000 രൂപയായിരുന്നു. എന്നാൽ 2020 ൽ അത് 10500 ആക്കിയാണ് വർദ്ധിപ്പിച്ചത്. ഇത്തരത്തിൽ 15 ഇനങ്ങൾക്കാണ് കോവിഡിന് ശേഷം ആർസിസിയിൽ വില കൂടിയിരിക്കുന്നത്. ആർസിസിയിൽ ഇപ്പോൾ 1960 രൂപയുള്ള ചുവന്ന രക്താണു തൊട്ടടുത്തുള്ള തിരുവനന്തപുരം മെഡി.കോളേജ് ബ്ലഡ് ബാങ്കിൽ വെറും 600 രൂപയ്ക്ക് ലഭിക്കും. ജനറൽ ആശുപത്രിയിൽ അത് സൗജന്യമായിട്ടാണ് നൽകുന്നത്.
നാലാഴ്ചയ്ക്കകം വില വർദ്ധിപ്പിക്കാനുണ്ടായ സാഹചര്യം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആർസിസി ഡയറക്ടറോട് ആവശ്യപ്പെട്ടു. ആർസിസിയിലെത്തുന്ന രോഗികളിൽ ബഹുഭൂരിപക്ഷവും സ്വകാര്യചികിൽസാ കേന്ദ്രങ്ങൾ പോകുന്നതിനുള്ള സാമ്പത്തികഭദ്രതയില്ലാത്ത സാധാരണക്കാരാണ്. എന്നാൽ ഇപ്പോൾ രോഗികളെ കൊള്ളയടിക്കുന്ന സ്ഥാപനമായി ആർസിസി മാറുകയാണെന്ന് പരാതിക്കാർ ആരോപിച്ചു.
ഇവിടെയെത്തുന്ന ക്യാൻസർ ചികിൽസാസംബന്ധമായ മരുന്നുകൾക്കും മറ്റും ഒറ്റയടിക്ക് രണ്ടിരട്ടിയോളം വിലവർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. തൊട്ടടുത്തുള്ള മെഡിക്കൽ കോളേജിലേതിനേക്കാൾ ഇരട്ടിയാണ് പലതിനും വില. ജനറൽ ആശുപത്രികളിൽ സൗജന്യമായി കിട്ടുന്ന സേവനങ്ങൾക്കും വലിയ തുക കൊടുക്കേണ്ട അവസ്ഥയാണ് ഇവിടെയുള്ളത്. മുഖ്യമന്ത്രി ബോർഡ് ചെയർമാനും ആരോഗ്യമന്ത്രി വൈസ് ചെയർപേഴ്സണുമായുള്ള സ്ഥാപനമാണ് നിലാരംബരായ ജനങ്ങളെ ഇങ്ങനെ കൊള്ളയടിക്കുന്നത്.