- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വൻതുക മുടക്കി ടീമിലെടുത്തത് നായകനാക്കാൻ; കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നയിക്കുക ശ്രേയസ് അയ്യർ; ടീമിനെ നയക്കുന്ന നാലാമത്തെ ഇന്ത്യൻ താരം; ഇനി ലക്ഷ്യം മൂന്നാം ഐപിഎൽ കിരീടം

കൊൽക്കത്ത: ഇന്ത്യൻ താരം ശ്രേയസ് അയ്യരെ നായകനായി നിയമിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഐപിഎൽ താരലേലത്തിൽ കോടികൾ മുടക്കി സ്വന്തമാക്കിയതിന് പിന്നാലെയാണ് പുതിയ സീസണിലേക്കുള്ള നായകനായി താരത്തെ പ്രഖ്യാപിച്ചത്. ഐപിഎൽ മെഗാ താരലേലത്തിൽ വാശിയേറിയ ലേലം വിളിക്കൊടുവിൽ 12.25 കോടി രൂപ മുടക്കിയാണ് ശ്രേയസ് അയ്യരെ കൊൽക്കത്ത ടീമിലെത്തിച്ചത്.
???? Ladies and gentlemen, boys and girls, say hello ???? to the NEW SKIPPER of the #GalaxyOfKnights
- KolkataKnightRiders (@KKRiders) February 16, 2022
অধিনায়ক #ShreyasIyer @ShreyasIyer15 #IPL2022 #KKR #AmiKKR #Cricket pic.twitter.com/veMfzRoPp2
ഡൽഹി ക്യാപ്പിറ്റൽസ് ക്യാപ്റ്റനായിരുന്നു ശ്രേയസിനെ മെഗാ താരലേലത്തിനു മുമ്പ് ഡൽഹി റിലീസ് ചെയ്യുകയായിരുന്നു. 2020 സീസണിൽ ശ്രേയസിന്റെ നേതൃത്വത്തിലാണ് ഡൽഹി ഫൈനൽ കളിച്ചത്. എന്നാൽ തൊട്ടടുത്ത സീസൺ പരിക്ക് കാരണം ശ്രേയസിന് നഷ്ടമായി. ആ സീസണിൽ ഋഷഭ് പന്തായിരുന്നു ടീമിനെ നയിച്ചത്. പന്തിന് കീഴിൽ ഡൽഹി കഴിഞ്ഞ സീസണിലും പ്ലേ ഓഫിലെത്തിയിരുന്നു.
കൊൽക്കത്ത നായകനാകുന്ന ആറാമത്തെ കളിക്കാരനും നാലാമത്തെ ഇന്ത്യൻ താരവുമാണ് അയ്യർ. സൗരവ് ഗാംഗുലി, ബ്രെണ്ടൻ മക്കല്ലം, ഗൗതം ഗംഭീർ, ദിനേശ് കാർത്തിക്, ഓയിൻ മോർഗൻ എന്നിവരാണ് കൊൽക്കത്തയെ മുമ്പ് ഐപിഎല്ലിൽ നയിച്ചവർ. ഇതിൽ ഗംഭീർ രണ്ടു തവണ കൊൽക്കത്തക്ക് കിരീടം സമ്മാനിച്ചപ്പോൾ ഓയിൻ മോർഗന് കീഴിൽ കൊൽക്കത്ത കഴിഞ്ഞ സീസണിൽ റണ്ണറപ്പുകളായി.
2015ൽ 2.6 കോടി രൂപക്ക് ഡൽഹി ടീമിലെത്തിയ അയ്യരെ 2018ലെ മെഗാതാരലേലത്തിന് മുമ്പ് ഡൽഹി നിലനിർത്തിയിരുന്നു. എന്നാൽ ഇത്തവണ മെഗാ താരലേലത്തിന് മുമ്പ് റിഷഭ് പന്ത്, പൃഥ്വി ഷാ, ആന്റിച്ച് നോർക്യ, അക്‌സർ പട്ടേൽ എന്നിവരെയാണ് ഡൽഹി നിലനിർത്തിയത്. ഇതോടെ ലേലത്തിനെത്തിയ അയ്യരെ കൊൽക്കത്ത സ്വന്തമാക്കി.
കഴിഞ്ഞ സീസണിൽ ഓയിൻ മോർഗന് കീഴിൽ ഫൈനൽ കളിച്ചെങ്കിലും ബാറ്ററെന്ന നിലയിൽ മോർഗൻ തീർത്തും പരാജയമായിരുന്നു. ഇതാണ് പുതിയ സീസണിൽ പുതിയ നായകനെ തേടാൻ കൊൽക്കത്തയെ പ്രേരിപ്പിച്ചത്. ലേലത്തിൽ ഇംഗ്ലണ്ട് നായകൻ കൂടിയായ മോർഗന് ആവശ്യക്കാരുണ്ടായിരുന്നില്ല.
ഐപിഎല്ലിൽ 87 മത്സരങ്ങളിൽ 2375 റൺസടിച്ചിട്ടുള്ള അയ്യർ 2018 മുതൽ 2022വരെയുള്ള സീസണുകളിലെല്ലാം 400 റൺസിന് മുകളിൽ സ്‌കോർ ചെയ്തിരുന്നു. 2021ലെ സീസണിൽ നേടിയ 521 റൺസാണ് ഒരു സീസണിലെ അയ്യരുടെ മികച്ച പ്രകടനം.


