ഗോൾഡ് കോസ്റ്റ്: ഗോൾഡ് കോസ്റ്റിൽ നിന്നുള്ള ഇന്ത്യയുടെ ഗോൾഡ് വാരൽ തുടരുന്നു. ഗെയിംസിന്റെ ഏഴാം ദിനം ഷൂട്ടിഷ് റേഞ്ചിൽ നിന്നാണ് ഇന്ത്യ സ്വർണം വീണ്ടും നേടി എടുത്തത്. വനിതകളുടെ ഡബിൾ ട്രാപ്പിൽ ശ്രേയസി സിങ്ങാണ് സ്വർണ നേടിയത്. ശ്രേയസിയിലൂടെ 12-ാം സ്വർണമാണ് ഇന്ത്യ നേടി എടുത്തത്. വെള്ളി നേടി ഓസ്ട്രേലിയൻ താരം എമ്മ കോക്സും ശ്രേയസിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്.

96 പോയിന്റുമായി സമനില പാലിച്ച എമ്മ കോക്‌സും ശ്രേയസിയും ഇഞ്ചോടിഞ്ച് പോരാടി. ഒടുവിൽ ശ്രേയസി മികച്ച ഫോമിലേകക് ഉയരുകയായിരുന്നു. 87 പോയിന്റ് നേടിയ സ്‌കോട്ലൻഡിന്റെ ലിൻഡ് പിയേഴ്സണാണ് വെങ്കലം. മറ്റൊരു ഇന്ത്യൻ താരമായ വർഷ വർമന് നാലാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളു. 2014ലെ കോമൺവെൽത്ത് ഗെയിംസിൽ ശ്രേയസി വെള്ളി മെഡൽ നേടിയിരുന്നു.

പുരുഷന്മാരുടെ 50 മീറ്റർ പിസ്റ്റളിൽ വെങ്കല മെഡലോടെയാണ് ഇന്ത്യ ഏഴാം ദിനത്തിന് തുടക്കം കുറിച്ചത്. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ മേരികോം ഫൈനലിലെത്തിയിട്ടുണ്ട്. പുരുഷന്മാരുടെ 52 കിലോഗ്രാം വിഭാഗത്തിൽ ഗൗരവ് സോളങ്കി, 75 കിലോഗ്രാം വിഭാഗത്തിൽ വികാസ് കൃഷ്ണൻ എന്നിവർ സെമിഫൈനലിലും ഇടം നേടി. നിലവിൽ 12 സ്വർണവും നാല് വെള്ളിയും ഏഴു വെങ്കലവുമായി മൂന്നാം സ്ഥാനത്ത് തുടരുകയാണ് ഇന്ത്യ.