തിരുവനന്തപുരം: ടെക്‌നോപാർക്കിലെ ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ പ്രതിധ്വനി സംഘടിപ്പിച്ച 'സൃഷ്ടി 2015' സാഹിത്യമത്സരം അതിന്റെ അവസാന ഘട്ടത്തിലേക്ക്.
ടെക്‌നോപാർക്കിലെ ജീവനക്കാർ തന്നെ രചിച്ച ഇംഗ്ലീഷിലും മലയാളത്തിലുമുള്ള  കവിതകളും, കഥകളും, ഉപന്യാസങ്ങളും  മാണ്  'സൃഷ്ടി 2015'  സാഹിത്യമത്സരത്തിലെ മത്സര വിഭാഗത്തിലേക്കു ക്ഷണിച്ചിട്ടുണ്ടായിരുന്നത്.  ഉപന്യാസ രചനയ്ക്ക് 'ഇരുപത്തി അഞ്ചു വർഷം തികയുന്ന ടെക്‌നൊപാർക്ക് ജീവനക്കാരുടെ ആശങ്കകളും പ്രത്യാശകളും'  എന്ന വിഷയം നല്കിയിരുന്നു. കഥയ്ക്കും കവിതയ്ക്കും പ്രത്യേകം വിഷയം നല്കിയിരുന്നില്ല.

ഒക്ടോബർ  പകുതി  വരെ ആയിരുന്നു മത്സരത്തിനായി  സൃഷ്ടികൾ  അയക്കേണ്ടിയിരുന്ന  അവസാന ദിവസം. 250 ഇൽ പരം രചനകളാണ് 'സൃഷ്ടി 2015' ലേക്ക് ലഭിച്ചിരുന്നത്. അതിൽ നിന്നും പ്രാഥമികമായ തിരഞ്ഞെടുക്കൽ കഴിഞ്ഞപ്പോൾ മലയാളത്തിൽ  (കഥ  42, കവിത  43, ഉപന്യാസം  6 )  85 രചനകളും ; ഇംഗ്ലീഷിൽ  ( കഥ  40, കവിത  37, ഉപന്യാസം  5 ) 82 രചനകളും മത്സരത്തിനുണ്ട്. ജഡ്ജിങ് പാനൽ തിരഞ്ഞെടുക്കുന്ന കൃതികൾക്കൊപ്പം ജീവനക്കാർ വോട്ടിങ്ങിലൂടെ തിരഞ്ഞെടുക്കുന്ന കൃതികൾക്കും സമ്മാനങ്ങൾ നല്കുന്നുണ്ട്.

മത്സരത്തിനു തിരഞ്ഞെടുത്ത സൃഷ്ടികളെ  ജീവനക്കാർക്ക്  തന്നെ വായിച്ചു തെരഞ്ഞെടുക്കുന്നതിനായി  പബ്ലിക് വോട്ടിങ്ങിനായി  പ്രതിധ്വനിയുടെ വെബ്‌സൈറ്റിൽ (http://www.prathidhwani.orgs/rishti-2015-etnries/) കൊടുത്തിട്ടുണ്ട്.  നവംബർ 12 വരെ ജീവനക്കാർക്ക് വോട്ട് ചെയ്യാം.

ചന്ദ്രമതി ചെയർപേർസൺ ആയിട്ടുള്ള  പ്രഗൽഭരായ കവികളുടെയും  എഴുത്തുകാരുടെയും ജഡ്ജിങ് പാനൽ ആണ്  ഓരോ വിഭാഗത്തിലെ ഏറ്റവും നല്ല കഥകളും കവിതകളും ഉപന്യാസങ്ങളും തെരഞ്ഞെടുക്കുന്നത്.ഗോപി കോട്ടൂർ,  P S ശ്രീകല, വിനോദ് വെള്ളായണി, സുരേഷ് കോടൂർ എന്നിവർ ജഡ്ജിങ് പാനലിലുണ്ട്.

2015 നവംബർ 16 നു ടെക്‌നോപാർക്കിലെ ട്രാവൻകൂർ ഹാളിൽ നടക്കുന്ന സമ്മാനദാന ചടങ്ങിൽ ജഡ്ജിങ് പാനൽ തെരഞ്ഞെടുത്തതും പബ്ലിക് വോട്ടിങ്ങിലൂടെ   ജീവനക്കാർ തെരഞ്ഞെടുത്തതുമായ കഥകൾക്കും കവിതകൾക്കും ഉപന്യാസങ്ങൾക്കുമുള്ള  സമ്മാനദാനം കേന്ദ്രസാഹിത്യ അക്കാദമി അവാർഡുൾപ്പെടെ നിരവധി പുരസ്‌ക്കാരങ്ങൾ കരസ്ഥമാക്കിയ 'മനുഷ്യന് ഒരു ആമുഖം' എന്ന കൃതിയുടെ രചയിതാവായ  സുഭാഷ് ചന്ദ്രൻ നിർവഹിക്കും.

ഇതു രണ്ടാമത്തെ തവണയാണ് പ്രതിധ്വനി ടെക്‌നോപാർക്ക് ജീവനക്കാർക്ക് വേണ്ടി 'സൃഷ്ടി' എന്ന പേരിൽ സാഹിത്യോത്സവം നടത്തുന്നത്.  കഥയിലും കവിതയിലും ഐ ടി ജീവനക്കാരും ഒട്ടും പിന്നിലല്ല എന്ന് തെളിയിക്കുന്നതായിരുന്നു സൃഷ്ടി 2014 ന്റെ വിജയം. മലയാളത്തിന്റെ പ്രിയ കവികളായ മധുസൂദനൻ നായരും കുരീപ്പുഴ ശ്രീകുമാറും ആയിരുന്നു സൃഷ്ടി 2014 സമാപന ചടങ്ങിന്റെ മുഖ്യാതിഥികൾ. കഴിഞ്ഞ ഒരു വർഷക്കാലത്തെ നമ്മുടെ സുഹൃത്തുക്കളുടെ  രചനകൾ വായിച്ചു വിലയിരുത്തണമെന്നു എല്ലാ  ടെക്‌നോപാർക്ക് ജീവനക്കാരോടും പ്രതിധ്വനി അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക്  ബിമൽ രാജ്   8129455958