തിരുവനന്തപുരം: ടെക്നോപാർക്കിലെ ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ പ്രതിധ്വനി ടെക്നോപാർക്കിനുള്ളിൽ സംഘടിപ്പിക്കുന്ന ടെക്കികളുടെ കലാ സാഹിത്യ മത്സരമായ സൃഷ്ടി 2016 ഇൽ രചനകൾ സമർപ്പിക്കുവാനുള്ള അവസാന ദിവസം ഒക്ടോബർ 15 ആയി ദീർഘിപ്പിച്ചു. 50 ൽ പരം കമ്പനികളിൽ നിന്നായി 200 ല്പരം രചനകൾ ഇതിനകം തന്നെ ലഭിച്ചു കഴിഞ്ഞിട്ടുണ്ട്.

മുൻ കാലങ്ങളിലെ മത്സരങ്ങളിൽ നിന്നും വ്യത്യസ്ഥമായി ഇത്തവണ സൃഷ്ടിയിൽ കഥാ, കവിത, ലേഖന മത്സരങ്ങൾക്കൊപ്പം കാർട്ടൂൺ, പെൻസിൽ ഡ്രായിങ് മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ഒക്ടോബർ 22 ശനിയാഴ്ച ടെക്നോപാർക്കിനുള്ളിൽ വച്ചായിരിക്കും കാർട്ടൂൺ, പെൻസിൽ ഡ്രായിങ് മത്സരങ്ങൾ നടക്കുക.ഈ മത്സങ്ങൾക്കായി പേര് രജിസ്റ്റർ ചെയ്തവരെ മത്സരത്തിന്റെ വിശദ വിവരങ്ങൾ ഇ മെയിൽ മുഖേന അറിയിക്കുന്നതായിരിക്കും.

ഒക്ടോബർ 15 നകം ലഭിക്കുന്ന രചനകൾ കേന്ദ്ര - സംസ്ഥാന അക്കാഡമി അവാർഡുകൾ നേടിയ പ്രശസ്ത സാഹിത്യകാരൻ സക്കറിയ അദ്ധ്യക്ഷനായുള്ള ജൂറിയുടെ ആധികാരികമായ വിലയിരുത്തലിനായി സമർപ്പിക്കുന്നതാണ്. ഓരോ വിഭാഗത്തിനുമായി നിശ്ചയിച്ചിട്ടുള്ള ജഡ്ജിങ് പാനൽ താഴെപ്പറയുന്ന പ്രകാരമായിരിക്കും,

മലയാളം ചെറുകഥ: എം. രാജീവ് കുമാർ [ആകാശവാണി തിരുവനന്തപുരം]

ഇംഗ്ലീഷ് ചെറുകഥ: സക്കറിയ ( കേന്ദ്ര - സംസ്ഥാന അക്കാഡമി അവാർഡുകൾ നേടിയ സാഹിത്യകാരൻ )

മലയാളം കവിത: വിനോദ് വെള്ളായണി ( പ്രശസ്ത യുവ കവി )

ഇംഗ്ലീഷ് കവിത: ഗോപി കോട്ടൂർ ( പ്രശസ്ത ഇന്ത്യൻ ഇംഗ്ലീഷ് കവി )

മലയാളം ലേഖനം: പ്രതാപ് വി ആർ [മലയാള മനോരമ]

ഇംഗ്ലീഷ് ലേഖനം: ഭവാനി ചീരാത് ( ദി ഹിന്ദു )

കാർട്ടൂൺ: ടി. കെ. സുജിത് [കാർട്ടൂണിസ്‌റ്, കേരള കൗമുദി]

പെൻസിൽ ഡ്രായിങ്: പ്രൊഫ. മനോജ് [ഫൈൻ ആർട്‌സ് കോളേജ്]


ഒക്ടോബർ 22 മുതൽ രചനകൾ പ്രതിധ്വനിയുടെ വെബ് പേജിലും ഫേസ്‌ബുക് പേജിലും പ്രസിദ്ധികരിക്കുകയും അന്ന് മുതൽ വായനക്കാർക്ക് റീഡേഴ്‌സ് ചോയ്സ് അവാർഡിനായി പ്രസ്തുത രചനകളെ വിലയിരുത്തുവാൻ അവസരമുണ്ടായിരിക്കുകയും ചെയ്യുന്നതാണ്. സമ്മാനാർഹമായ രചനകൾക്ക് നവംബർ ആദ്യ വാരം ടെക്നോപാർക്കിനുള്ളിലെ ട്രാവൻകൂർ ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ വച്ച് കാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും അടക്കമുള്ള പുരസ്‌കാരങ്ങൾ സമ്മാനിക്കുന്നതാണ്.