തിരുവനന്തപുരം: ഐ ടി ജീവനക്കാർക്ക് വേണ്ടിയുള്ള പ്രതിധ്വനിയുടെ സർഗോത്സവമായ സൃഷ്ടിയുടെ അഞ്ചാമത് എഡിഷൻ 'സൃഷ്ടി 2018' യുടെ അവാർഡ് ദാന ചടങ്ങു ടെക്‌നോപാർക്ക് ട്രാവൻകൂർ ഹാളിൽ വച്ച് പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ ഉത്ഘാടനം ചെയ്തു. പ്രതിധ്വനി സാഹിത്യ ക്ലബ് കൺവീനർ ബിമൽരാജ് അധ്യക്ഷനായ ചടങ്ങിൽ നെസിൻ ശ്രീകുമാർ (കൺവീനർ, സൃഷ്ടി 2018) സ്വാഗതവും, ശാരി ഗൗരി (ജോയിന്റ് കൺവീനർ, സൃഷ്ടി 2018) നന്ദിയും പറഞ്ഞു.

പ്രധാന സ്‌പോൺസറായ സാന്റോയൽ ബിൽഡേഴ്സ് എം ഡി സഞ്ജുദാസ്, സൃഷ്ടി ജൂറി അംഗങ്ങളായ വി എസ് ബിന്ദു, വിനോദ് വെള്ളായണി, ബിനുലാൽ ഉണ്ണി , പ്രതിധ്വനി പ്രസിഡന്റ് വിനീത് ചന്ദ്രൻ, സെക്രട്ടറി രാജീവ് കൃഷ്ണൻ എന്നിവർ ആശംസകളർപ്പിച്ചു.

അവാർഡ് ദാന ചടങ്ങിൽ പ്രതിധ്വനിയുടെ മാഗസിൻ ആദ്യ എഡിഷൻ പ്രകാശനം കുരീപ്പുഴ ശ്രീകുമാർ നിർവഹിച്ചു. പ്രതിധ്വനി എക്‌സിക്യൂട്ടീവ് അംഗം, സ്റ്റാൻഡ്ഔട്ട് ഐ ടി സൊലൂഷനിലെ നന്ദു ടി എസ് ചിറ്റാറിന്റെ കവിതാ സമാഹാരം 'ഗൗളി' യും ചടങ്ങിൽ പ്രകാശനം ചെയ്തു. കവിത സമാഹാരം കുരീപ്പുഴ ശ്രീകുമാറിൽ നിന്നും ബിന്ദു വി എസ് ഏറ്റു വാങ്ങി.

 ഒന്നാം സമ്മാനം നേടിയവർക്ക് സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും ട്രോഫിയും പുസ്തകങ്ങളും നൽകി. മറ്റു ജേതാക്കൾക്കെല്ലാം സർട്ടിഫിക്കറ്റും ട്രോഫിയും പുസ്തകങ്ങളും നൽകി. ഇത്തവണ തമിഴ് ഭാഷ കൂടി മത്സരങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു.