നിരവധി പേരുടെ ജീവൻ കവർന്ന കാട്ടുതീയിൽ നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിൽ നടി ശ്രുതി ഹാസൻ. കാലിഫോർണിയയിൽ കാട്ടുതീ പടരുന്നതിന് ഒരു ദിവസം മുൻപുവരെ ലോസ് ആഞ്ചൽസിലും മാലിബുവിലും താൻ ഉണ്ടായിരുന്നെന്ന് ട്വിറ്ററിലൂടെ വ്യക്തമാക്കിയ നടി താൻ സുരക്ഷിതയാണെന്നും കുറിച്ചു. ഇപ്പോൾ കാണുന്നത് വിശ്വസിക്കാനാകുന്നില്ലെന്നും അവിടെയുള്ളവർ സുരക്ഷിതരായിരിക്കട്ടെയെന്നും ശ്രുതി കുറിച്ചു

നടിയും മോഡലുമായ കിം കർദാഷിയാനെ കാലിഫോർണിയ സ്റ്റേറ്റ് അധികൃതർ വീട്ടിൽ നിന്നും ഒഴിപ്പിച്ചിരുന്നു. കാട്ടുതീ കർഡാഷിയാന്റെ വീടിനെയും ബാധിക്കുമെന്ന ഘട്ടം വന്നപ്പോഴാണ് മുൻകരുതൽ നടപടിയുടെ ഭാഗമായി ഒഴിപ്പിച്ചത്. കാലിഫോർണിയയിലെ നഗരമായ കാലബസാസിലാണ് കർഡാഷിയാന്റെ വീട് സ്ഥിതി ചെയ്യുന്നത്.

ലോക പ്രശസ്ത ഗായിക ലേഡി ഗാഗ, ഹോളിവുഡ് നടൻ റെയൻ വിൽസൺ, സംവിധായകൻ ഗ്യുലർമോ ഡെൽ ടോറോ, ഗായിക മെലിസ എതറിഡ്ജ് തുടങ്ങിയവർ കാട്ടുതീ കാരണം കാലിഫോർണിയയിലെ തങ്ങളുടെ വീടുകൾ ഒഴിഞ്ഞുപോയിരുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി പടർന്ന് പിടിക്കുന്ന കാട്ടുതീയിൽ ഇതുവരെ 25 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 35 പേരെ കാണാതായിട്ടുണ്ട്.

കാലിഫോർണിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്തമാണിത്. വൂൾസി ഫയർ എന്ന് പേരിട്ടിരിക്കുന്ന കാട്ടുതീയിൽ 70,000 ഏക്കർ കത്തി നശിക്കുകയും 6700 കെട്ടിടങ്ങളെ അഗ്‌നി വിഴുങ്ങുകയും ചെയ്തു. നിരവധി വന്യമൃഗങ്ങളും ചത്തു.