ലകനായകന്റെ മകളും തെന്നിന്ത്യൻ താരറാണിയുമായ ശ്രുതിഹാസന് തിരക്കോട് തിരക്കാണ്. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമൊക്കെയായി താരറാണിക്ക് കൈ നിറയെ അവസരങ്ങളാണ്. ചിത്രങ്ങൾ കൂടിയതോടെ ചില ചിത്രങ്ങളിൽ നിന്ന് നടിക്ക് പിന്മാറേണ്ടതായും വരുന്നുണ്ട്. അടുത്തിടെ കാർത്തി നാഗാർജുന ടീമിന്റെ ചിത്രത്തിൽ നിന്ന് നടി പിന്മാറിയത് പുതിയ ചർച്ചയ്ക്ക് വഴി തെളിച്ചിരിക്കുകയാണ്.

തമിഴ് സൂപ്പർതാരം വിജയ്‌യ്ക്ക് വേണ്ടി തെലുങ്ക് സൂപ്പർതാരം നാഗാർജ്ജുനയെ വെട്ടിയെന്നാണ് പാപ്പരാസികൾ പറയുന്നത്. വിജയ് നായകനാകുന്ന പുലിയിൽ നായികയാകാൻ വേണ്ടിയാണ് ശ്രുതി നാഗാർജ്ജുനയും സൂര്യയുടെ അനുജൻ കാർത്തിയും നായകന്മാരാകുന്ന തമിഴിലും തെലുങ്കിലും ഒരുക്കുന്ന ചിത്രം ഉപേക്ഷിച്ചതെന്നാണ് അണിയറയിൽ പ്രചരിക്കുന്ന വിവരം.

അതേസമയം കൈ നിറയെ ചിത്രങ്ങളായതിനാൽ തിരക്ക് മൂലമാണ് രണ്ടു നായികമാർ വരുന്ന നാഗാർജ്ജുന കാർത്തി ചിത്രം ശ്രുതി വിട്ടതെന്നാണ് അവരുമായി അടുപ്പമുള്ളവർ പറയുന്നത്. ബോളിവുഡ് ചിത്രങ്ങളായ യാര, ഗബ്ബാർ ഈസ് ബാക്ക്, റോക്കി ഹാൻഡ്‌സം എന്നീ ചിത്രങ്ങൾക്ക് പുറമേ മഹേഷ്ബാബുവിന്റെ നായികയായി ഒരു ചിത്രം എന്നിങ്ങനെ താരത്തിന് കൈ നിറയേ അവസരങ്ങളാണ്. നാലു ഹിന്ദി ചിത്രങ്ങളിൽ മിക്കതും പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും താരം മറ്റു പ്രജക്ടുമായി ബന്ധപ്പെട്ട് തിരക്കിലാണ്.

നേരത്തേ നാഗാർജ്ജുന, കാർത്തി ചിത്രത്തിൽ കരാർ ഒപ്പുവച്ചെങ്കിലും പിന്നീട് പിന്മാറുകയാണെന്ന് താരം തന്നെ പറഞ്ഞിരുന്നു. നിലവിൽ ഷൂട്ടിംഗിന്റെ തിരക്കിലായ ശ്രുതിക്ക് ഒരു തരത്തിലും ഈ ചിത്രത്തിനായി സമയം മാറ്റി വെയ്ക്കാൻ കഴിയാതെ വരികയായിരുന്നു. വിജയും മഹേഷ്ബാബുവും ഒന്നിക്കുന്ന ചിത്രത്തിൽ നായികയായ ശ്രുതി ഈ ചിത്രത്തിന്റെ സെറ്റിലാണ് ഇപ്പോൾ. ഇതിന് പിന്നാലെ അക്ഷയ്കുമാർ നായകനായ ഗബ്ബാർ സിംഗിലേക്കാകും ശ്രുതി പോകുക.

കത്തിയിൽ ഇരട്ട വേഷത്തിലെത്തിയ ഇളയദളപതി വിജയ് പുതിയ ചിത്രമായ പുലിയിൽ മൂന്ന് വ്യത്യസ്ത വേഷങ്ങളിലായാണ് എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. ശ്രുതി ഹാസനൊപ്പം ഹൻസികയും മുൻകാല ബോളിവുഡ് താരസുന്ദരി ശ്രീദേവിയും ചിത്രത്തിൽ നായികമാരായെത്തുന്നുണ്ട്. ചിമ്പു ദേവൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. 90 കോടിയാണ് സിനിമയുടെ നിർമ്മാണ ചെലവ്. കന്നഡ സൂപ്പർ സ്റ്റാർ കിച്ച സുദീപും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇംഗ്ലീഷ് വിങ്ലീഷിന് ശേഷം ശ്രീദേവി അഭിനയിക്കുന്ന ചിത്രമാണ് പുലി. ശ്രീദേവി ഒടുവിൽ അഭിനയിച്ച തമിഴ് ചിത്രം 1986 ൽ പുറത്തിറങ്ങിയ 'നാൻ അടിമൈ ഇല്ലൈ' എന്ന ചിത്രമാണ്.