കണ്ണൂർ: ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം സിപിഎമ്മിലെ ഉന്നതരിലേക്ക് എത്തില്ലെന്ന് ഉറപ്പാക്കാൻ കള്ളക്കളികൾ സജീവം. ജില്ലാ നേതൃത്വത്തിലേക്ക് സിബിഐയുടെ അന്വേഷണം എത്തിയാൽ പാർട്ടി വലിയ പ്രതിസന്ധിയിലേക്ക് പോകും. കോൺഗ്രസും കെ സുധാകരനും ഇത് വലിയ ആയുധമാക്കും. ഈ സാഹചര്യത്തിലാണ് തന്ത്രപരമായ നീക്കങ്ങളുമായി സജീവമാകുന്നത്. കേസിൽ അറസ്റ്റിലായ 11 പ്രവർത്തകരിൽ നാലു പേരെ മാത്രം സിപിഎമ്മിൽ നിന്നു പുറത്താക്കിയതും തന്ത്രത്തിന്റെ ഭാഗമാണ്. പ്രതികൾ നേതാക്കളിൽ ആർക്കെങ്കിലുമെതിരെ മൊഴി നൽകിയാലും അത് വൈരാഗ്യത്തിന്റെ പുറത്താണെന്ന് സ്ഥാപിക്കാൻ ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ.

കുറ്റക്കാരെ സിപിഎം സഹായിക്കുന്നില്ലെന്ന ധാരണ ഉണ്ടാക്കാൻ കൂടിയാണ് ഇത്. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തിയതും പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കിയാണ്. പിടിയിലായ 11 പേരും പ്രകടമായി സിപിഎം പ്രവർത്തകരാണ്. ഇപ്പോൾ പുറത്താക്കപ്പെട്ട നാലു പേരെക്കാൾ സജീവമായി പാർട്ടി സംഘടനാ രംഗത്തുള്ളവരാണു ബാക്കി ഏഴു പേരിൽ ചിലർ. ഇവരിൽ പാർട്ടി ഭാരവാഹികളുടെ അടുത്ത ബന്ധുക്കളും ഉൾപ്പെടുന്നു. എത്ര പേർക്ക് ഔദ്യോഗികമായി പാർട്ടി അംഗത്വം ഉണ്ടെന്നു വ്യക്തമല്ല. അംഗത്വമുള്ളവരെ എല്ലാം പുറത്താക്കിയെന്ന സന്ദേശം നൽകാനാണ് സിപിഎം ശ്രമിക്കുന്നത്. അതിനിടെ മുഖ്യപ്രതിയായ ആകാശ് തില്ലങ്കേരിയുടെ അച്ഛനുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത് വിവാദമാകുന്നുണ്ട്.

ആകാശ് തില്ലങ്കേരി പൊലീസിനോട് സിപിഎം നേതാക്കൾക്ക് ബന്ധമുണ്ടെന്ന് മൊഴി നൽകിയിരുന്നു. കാലു വെട്ടിയാൽ മതിയോ എന്ന് ചോദിച്ചപ്പോൾ കൊല്ലണമെന്ന് നേതൃത്വം നിർദ്ദേശിച്ചുവെന്നായിരുന്നു മൊഴി. ഇത് സിപിഎമ്മിനെ വെട്ടിലാക്കുന്നതാണ്. സിബിഐ അന്വേഷണത്തിൽ ഈ നിലപാട് ആവർത്തിച്ചാൽ അത് നേതൃത്വത്തിന് തിരിച്ചടിയാകും. പി ജയരാജനിലേക്ക് അന്വേഷണവും എത്തും. ഇതിനുള്ള സാഹചര്യം ഒഴിവാക്കാനാണ് ആകാശ് തില്ലങ്കേരിയുടെ അച്ഛനുമായി മുഖ്യമന്ത്രി ചർച്ച നടത്തിയതെന്നാണ് സൂചന. പാർട്ടിയെ ഒറ്റികൊടുക്കുന്ന മൊഴി സിബിഐയ്ക്ക് നൽകരുതെന്നാണ് ആവശ്യം. പാർട്ടിയിൽ നിന്നുള്ള പുറത്താക്കൽ സാങ്കേതികം മാത്രമാണ്. എല്ലാ സഹായവും ആകാശിന് സിപിഎം നൽകുമെന്നും അച്ഛനെ നേതാക്കൾ അറിയിച്ചിട്ടുണ്ട്.

പാർട്ടി പ്രവർത്തകർക്കു ഷുഹൈബ് വധത്തിൽ പങ്കുണ്ടെന്നു കണ്ടെത്തിയാൽ നടപടിയുണ്ടാവുമെന്നു സിപിഎം നേതൃത്വം നേരത്തേ പ്രഖ്യാപിച്ചിരുന്നതാണ്. വെള്ളിയാഴ്ച സിപിഎം ജില്ലാ ആസ്ഥാനത്തു മാധ്യമപ്രവർത്തകരെ കണ്ട ജില്ലാ സെക്രട്ടറി പി.ജയരാജൻ അക്കാര്യം ആവർത്തിച്ചതുമാണ്. പാർട്ടിക്കു പാർട്ടിയുടേതായ ഭരണഘടനയും നടപടിക്രമങ്ങളുമുണ്ട്, അവ പാലിച്ചു കൊണ്ടുള്ള നടപടിയേ ഉണ്ടാവൂ എന്നാണു ജയരാജൻ സൂചിപ്പിച്ചത്. സിപിഎം അംഗങ്ങളായ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടും പാർട്ടി നടപടിയെടുക്കാത്തത് എന്തുകൊണ്ട് എന്ന ചോദ്യത്തിന്, പൊലീസിന്റെ അന്വേഷണത്തേക്കാൾ, പാർട്ടി നടത്തുന്ന അന്വേഷണത്തിലാണു തങ്ങൾക്കു വിശ്വാസം എന്നായിരുന്നു നേരത്തേ ജില്ലാ നേതൃത്വത്തിന്റെ നിലപാട്.

പാർട്ടി നടത്തിയ അന്വേഷണം ഈ നാലു പേരെയും കുറ്റക്കാരായി കണ്ടെത്തി എന്നാണു പുറത്താക്കാനുള്ള തീരുമാനം നൽകുന്ന സൂചന. എന്നാൽ ഇക്കാര്യം സിപിഎം സ്ഥിരീകരിക്കുന്നില്ല. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി എസ്‌പി.ഷുഹൈബിനെ (30) ഫെബ്രുവരി 12ന് അർധരാത്രിയോടെയാണു എടയന്നൂർ തെരൂരിൽ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎം പുറത്താക്കിയ നാലു പേർക്കു പുറമേ കേസിൽ അറസ്റ്റിലായി ജയിലിലുള്ളവർ ഇവരാണ്: കരുവള്ളിയിലെ രജിൻരാജ് (26), മുടക്കോഴി കുരുവോട്ട് വീട്ടിൽ ജിതിൻ (23), തില്ലങ്കേരി ആലയാട് പുതിയപുരയിൽ കെ.പി.അൻവർ സാദത്ത് (23), തെരൂർ പാലയോട് കെ.രജത് (22), കെ.സഞ്ജയ് (24), കുമ്മാനത്തെ കെ.വി.സംഗീത് (27), തെരൂർ പാലയോട് കെ.ബൈജു (36).

ടി.പി.ചന്ദ്രശേഖരൻ വധക്കേസ് ഉൾപ്പെടെ പാർട്ടി പ്രവർത്തകരോ ഭാരവാഹികളോ പ്രതി ചേർക്കപ്പെട്ട സമീപകാല കേസുകളിലെല്ലാം, പാർട്ടി അന്വേഷിച്ച ശേഷം നടപടി എന്നാണു സിപിഎമ്മിന്റെ ഔദ്യോഗിക നിലപാട്. സിബിഐ അന്വേഷണത്തിൽ കൂടുതൽ പ്രതികൾ ഉണ്ടായാൽ പാർട്ടി ഇനിയും നടപടിയെടുക്കുമോ എന്ന ചോദ്യവും സജീവമായി ഉയരുന്നുണ്ട്.