കണ്ണൂർ: രാഷ്ട്രീയ മതിലുകൾക്കപ്പുറം യൂത്ത് കോൺഗ്രസ്സ് നേതാവായിരുന്ന ഷുഹൈബിന്റെ കൊലപാതകത്തിനെതിരെ പ്രതികരണം പടരുന്നു. കാന്തപുരം സുന്നി വിഭാഗത്തിന്റെ എസ്.വൈ.എസ്, എസ്.എസ്. എഫ് പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന വ്യക്തിയായിരുന്നു ഷുഹൈബ്. അതുകൊണ്ടു തന്നെ കാന്തപുരം വിഭാഗത്തിന്റെ പ്രഭാഷകർ ഷുഹൈബിന്റെ ദാരുണമായ കൊലയെക്കുറിച്ച് പ്രതികരണവുമായി രംഗത്തിറങ്ങിയിട്ടുണ്ട്.

എസ്.വൈ. എസിന്റെ സ്വാന്ത്വനം പരിപാടിയിൽ പ്രധാന സംഘാടകൻ കൂടിയായിരുന്നു കൊല്ലപ്പെട്ട ഷുഹൈബ്. അതുകൊണ്ടു തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും ഷുഹൈബിന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ശേഷം മയ്യിത്ത് നമസ്‌ക്കാരത്തിന് കാന്തപുരം എ.പി. അബുബക്കർ മുസലിയാർ നേരിട്ടെത്തുകയും ചെയ്തു.

സിപിഐ.(എം). മായി ഏറെ കാലം ബാന്ധവത്തിലുള്ള കാന്തപുരം വിഭാഗം പരസ്യമായി ഈ കൊലപാതകത്തിൽ സിപിഐ.(എം) നെ എതിർത്തിട്ടില്ല. എന്നാൽ സംഘടനയ്ക്കകത്ത് പ്രതിഷേധം അലയടിക്കുകയാണ്. കണ്ണൂർ ജില്ലയിലും പ്രത്യേകിച്ചും മട്ടന്നൂർ മേഖലയിലും ശക്തമായി വേരോട്ടമുള്ള പ്രസ്ഥാനമാണ് എസ്.വൈ. എസും എസ്.എസ്.എഫും. അതുകൊണ്ടു തന്നെ ഷുഹൈബിനെ പോലെയുള്ള ഒരു പ്രവർത്തകനെ കൊലപ്പെടുത്തിയതിനെതിരെ രാത്രി കാല പ്രസംഗങ്ങളിൽ വിഷയമായിരിക്കയാണ്. കാന്തപുരം, ഷുഹൈബ് കൊലയിൽ പരസ്യമായി പ്രതികരിച്ചിട്ടില്ല.

എന്നാൽ പ്രാദേശിക തലത്തിൽ ഫൈസിമാരും സഖാഫിമാരും കൊലപാതകത്തിനെതിരെ പ്രഭാഷണങ്ങൾ നടത്തി വരുന്നുണ്ട്. അതിനു പുറമേ 'മയ്യിത്ത് നിസ്‌ക്കരിക്കാൻ ' എന്ന തലക്കെട്ടിൽ ഷുഹൈബിന്റെ ചിത്രം വെച്ച് കാന്തപുരം അബുബക്കർ മുസലിയാർ സംഘടനയുടെ പ്രാദേശിക ഘടകങ്ങൾക്ക് സന്ദേശം അയക്കുകയും ചെയ്തിട്ടുണ്ട്. അതോടെ ഷുഹൈബിന്റെ കൊലപാതകം സിപിഐ.(എം). കാന്തപുരം വിഭാഗം തമ്മിലുള്ള അകൽച്ചക്കും കാരണമായിട്ടുണ്ട്.

അമിത രാഷ്ട്രീയത്തിൽ ഇടപെടരുതെന്ന കാന്തപുരത്തിന്റെ നിലാപടിൽ ഉറച്ചു നിൽ്ക്കുന്നുണ്ടെങ്കിലും അണിയറയിൽ ഈ കൊലാപതകം സിപിഐ.(എം). നെതിരെ ചിന്തിക്കാൻ പ്രാദേശിക പ്രവർത്തകർക്ക് അവസരം ലഭിച്ചിരിക്കയാണ്. ഷുഹൈബിന്റെ കൊലയാളികളെ പിടികൂടിയാൽ കാന്തപുരം വിഭാഗത്തിന്റെ നിലപാട് പരസ്യമായി വ്യക്തമാക്കാമെന്ന വിവരമാണ് സംഘടനക്കകത്തു നിന്നും ലഭിക്കുന്നത്. കല്ക്ട്രേറ്റിനു മുന്നിലെ ഉപവാസ പന്തലിൽ ചക്കരക്കല്ലിലെ മുഹമ്മദ് ഇല്യാസ് ഫൈസി പങ്കെടുത്തു പ്രസംഗിച്ചതും ശ്രദ്ധേയമായിരുന്നു.