കണ്ണൂർ: പ്രവാസിയായിരുന്ന പി.ബി. ഷുഹൈബ് ബന്ധുക്കൾക്കും നാട്ടുകാർക്കുമൊപ്പം കഴിയാൻ ആഗ്രഹിച്ചാണ് നാട്ടിൽ ചെറിയൊരു കമ്പനി തുടങ്ങിയത്. ആ കമ്പനിയുടെ മാനേജിങ് പാർട്ടനറാണ് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ്സ് കീഴല്ലൂർ മണ്ഡലം പ്രസിഡണ്ട് ഷുഹൈബ്. പ്രായമാകുന്ന ഉപ്പ മുഹമ്മദിനും ഉമ്മ റംലക്കും സഹോദരിമാർക്കും മരുക്കൾക്കുമെല്ലാം തുണയായി നാട്ടിൽ കഴിയുകയായിരുന്നു. അതിനിടെ പൊതു പ്രവർത്തനത്തിൽ സജീവമായ ഇടപെടലും. നാട്ടിലെ ഏത് ചടങ്ങിനും സഹോദരിമാരുടെ മക്കളുടെ കൈപിടിച്ച് ഷുഹൈബ് എത്താറുണ്ട്.

ഷമീമ, ഷർമിന, സുമയ്യ എന്നീ മൂന്ന് സഹോദരിമാരാണ് ഷുഹൈബിനുള്ളത്. നാട്ടിൽ ഏത് കാരുണ്യ പ്രവർത്തനത്തിനും മതവും രാഷ്ട്രീയവും നോക്കാതെ ഷുഹൈബ് ഇറങ്ങി തിരിക്കും. അതുകൊണ്ടു തന്നെ ഷുഹൈബിന് ഒട്ടേറെ സുഹൃത്ത് വലയവുമുണ്ട്. മികച്ച സംഘടനാ പാടവം കൊണ്ട് ആരേയും ആകർഷിക്കും. കോൺഗ്രസ്സിന്റെ പ്രവാസി കൂട്ടായ്മയിൽ പ്രധാന പങ്കാളിത്തം വഹിക്കുന്നുണ്ട്. അവരുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് ഷുഹൈബ് ഇറങ്ങി തിരിക്കുന്നതു കൊണ്ടു തന്നെ പ്രവാസികളുടെ ഇടയിലും ഷുഹൈബ് സ്‌നേഹധനനായ നേതാവായിരുന്നു.

എടന്നൂരിലെ നിരാശ്രയയായ വയോധിക മീത്തെ പാലത്തും കുന്നിൽ ദേവിയമ്മക്ക് വീട് പണിയുന്നതിന്റെ പ്രവർത്തിക്ക് ചുക്കാൻ പിടിക്കുന്നതും ഷുഹൈബ് തന്നെ. കോൺക്രീറ്റിങിനുവേണ്ടി അടുത്ത ദിവസം 70 ചാക്ക് സിമന്റ് സൗജന്യമായി എത്തിച്ചതും ഷുഹൈബിന്റെ പ്രവർത്തന മികവിന് ഉദാഹരണമാണ്. ഷുഹൈബിന്റെ അഭ്യർത്ഥന പ്രകാരം വാട്‌സാപ്പ് വഴി സഹായങ്ങൾ എത്തിക്കുന്നതും പതിവായിരുന്നു. ആലംബഹീനർക്ക് സൗജന്യ സേവനത്തിനായി കനിവ് ചാരിറ്റബിൾ ട്രസ്റ്റ് ആഭിമുഖ്യത്തിൽ ആംബുലൻസ് സർവ്വീസുൾപ്പെടെ ഏർപ്പെടുത്തിയതും ഷുഹൈബിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മയായിരുന്നു. ഷുഹൈബിന്റെ മരണത്തോടെ നഷ്ടമായത് നാടിനും വീടിനുമുള്ള ആശ്രയമാണ്.

അതിനിടെ കൊലപാതകത്തിൽ സിപിഎമ്മിനെതിരേ വിമർശനങ്ങളുയരുന്ന സാഹചര്യത്തിൽ ഷുഹൈബ് ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നുവെന്ന് സാമൂഹികമാധ്യമങ്ങളിലൂടെ സിപിഎം കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായി പൊതുസമൂഹത്തിന് ഭീഷണിയായി മാറിയ ഷുഹൈബിനെ കാപ്പ ചുമത്തി നാടുകടത്താൻ പൊലീസ് നടപടികൾ ആരംഭിച്ചിരുന്നു. ഇതിനു മുന്നോടിയായി ക്രിമിനൽ നടപടിച്ചട്ടം പ്രകാരം മട്ടന്നൂർ പൊലീസ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചുമട്ടുതൊഴിലാളികളെ വധിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായി രണ്ടാഴ്ച കണ്ണൂർ സെൻട്രൽ ജയിലിലായിരുന്നു തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രചരണം .

അതേ സമയം ഇത്തരം പ്രചരണങ്ങളോട് സമൂഹ മാധ്യമങ്ങളിൽ അനുകൂലമായും വിമർശിച്ചും പ്രതികരണങ്ങളുണ്ടാകുന്നുണ്ട്. കാപ്പ ചുമത്തപ്പെട്ട പൊതുപ്രവർത്തകർ മുഴുവൻ കൊല്ലപ്പെടേണ്ടവരാണെന്നാണോ സിപിഎമ്മിന്റെ അഭിപ്രായമെന്ന് ചിലർ ചോദിക്കുന്നു. ഷുഹൈബിന്റെ കൊലപാതകം സിപിഎമ്മിന്റെ മേൽ കെട്ടിവെക്കാൻ ആസൂത്രിത ശ്രമം നടക്കുന്നതായാണ് ചിലർ പറയുന്നത്. ആഴ്ചകൾക്കു മുൻപ് കണ്ണൂരിൽ എസ്.ഡി.പി.ഐ.ക്കാർ കൊലപ്പെടുത്തിയ ആർ.എസ്.എസ്. പ്രവർത്തകൻ ശ്യാമപ്രസാദിന്റെ കൊലപാതകവും ഇത്തരത്തിൽ സിപിഎമ്മിനുമേൽ ആരോപിക്കാൻ ശ്രമമുണ്ടായെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ ഷുഹൈബിന്റെ കൊലയിലും ഇടപെടലുകളും ചർച്ചകളും തുടരുകയാണ്.

അതിനിടെ ഷുഹൈബിന്റെ കൊലപാതകം വ്യക്തമായ ആസൂത്രണത്തോടെയാണ് നടന്നതെന്നാണ് വിലയിരുത്തൽ. കാറിലെത്തിയ നാലംഗ അക്രമിസംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് റോഡരികിലെ തട്ടുകടയിൽ ചായകുടിക്കുകയായിരുന്ന ഷുഹൈബിനെ വെട്ടിപ്പരിക്കേൽപ്പിച്ചത്. ഇരുകാലുകൾക്കും ആഴത്തിൽ വെട്ടേറ്റ ഇദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകരായ റിയാസ്(36), പള്ളിപ്പറമ്പത്ത് നൗഷാദ്(28) എന്നിവർക്കും അക്രമത്തിൽ പരിക്കേറ്റു. ഷുഹൈബിന്റെ ശരീരത്തിൽ 37 വെട്ടുണ്ടായിരുന്നു.

ദൃക്‌സാക്ഷികൾ നൽകിയ വിവരമനുസരിച്ച് നാലാളുടെ പേരിൽ പൊലീസ് കേസെടുത്തു. പ്രതികൾ സിപിഎം. പ്രവർത്തകരാണെന്ന് കരുതുന്നതായി മട്ടന്നൂർ സിഐ എ.വി.ജോൺ പറഞ്ഞു. പൊലീസ് അന്വേഷണം ഊർജിതമാക്കി. തിങ്കളാഴ്ച രാത്രി വൈകിയായിരുന്നു അക്രമം. നമ്പർ പതിക്കാത്ത കാറിൽ മുഖംമറച്ചാണ് അക്രമികളെത്തിയതെന്ന് പറയുന്നു. ശബ്ദംകേട്ട് ഓടിയെത്താൻ ശ്രമിച്ച പരിസരത്തുണ്ടായവർക്കുനേരേയും ബോംബെറിഞ്ഞു. മൂന്നുതവണയാണ് ബോംബെറിഞ്ഞത്. ബോംബിന്റെ ചീളുകൾ തെറിച്ച് രണ്ടുപേർക്ക് ചെറിയ പരിക്കേറ്റു. കഴിഞ്ഞ 12-ന് എടയന്നൂരിൽ സിപിഎം.-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് റിമാൻഡിലായിരുന്ന ഷുഹൈബ് ഏതാനും ദിവസങ്ങൾക്കുമുമ്പാണ് പുറത്തിറങ്ങിയത്. നേരത്തേ ഷുഹൈബിനുനേരേ സിപിഎം. പ്രവർത്തകർ വധഭീഷണിമുഴക്കി പ്രകടനം നടത്തിയിരുന്നതായി കോൺഗ്രസ് നേതാക്കൾ പറയുന്നു.