കൊച്ചി: സിപിഐ(എം) പ്രിതസ്ഥാനത്ത് നിൽക്കുന്ന കതിരൂർ മനോജ് വധക്കേസിന് പിന്നാലെ ഷുക്കൂർ കൊലക്കേസും സിബിഐയ്ക്ക്. ഹൈക്കാടതിയാണ് കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ടത്. സംസ്ഥാന സർക്കാർ വിജ്ഞാപനം ജസ്റ്റിസ് കമാൽ പാഷ ശരിവച്ചു. തുടരന്വേഷണം നടത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഷൂക്കൂറിന്റെ മാതാവ് നൽകിയ ഹർജി പരിഗണിച്ചാണ് കോടതി നടപടി. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും മനസാക്ഷിയെ ഞെട്ടിച്ച കേസാണിതെന്നും ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു. സിപിഐ(എം) ജില്ലാ സെക്രട്ടറി പി. ജയരാജൻ, ടി.വി രാജേഷ് എംഎൽഎ എന്നിവർ കേസിൽ പ്രതികളാണ്.

കേസ് സിബിഐക്ക് വിട്ടുകൊണ്ട് സർക്കാർ ഉത്തരവിറങ്ങിയെങ്കിലും ഏറ്റെടുക്കാൻ സിബിഐ വിസമ്മതിച്ചിരുന്നു. ഇതിനെ കോടതി വിമർശിച്ചു. സിബിഐക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും പ്രതിസന്ധിഘട്ടങ്ങളിൽ കണ്ണകടയ്ക്കാതെ കേസ് അന്വേഷിക്കുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു. ഷുക്കൂറിന്റെ മാതാവിന്റെ കണ്ണുനീർ കാണാതിരിക്കാൻ കഴിയില്ല. സ്വയം പ്രഖ്യാപിത ഗുണ്ടകൾ അഴിഞ്ഞാടുന്നു. ഇതു കണ്ടുനിൽക്കാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെയും കോടതി രൂക്ഷമായി വിമർശിച്ചു. രാഷ്ട്രീയ ഇടപെടൽ കാരണം അന്വേഷണം വഴിമുട്ടിയതായി സർക്കാർ കോടതിയെ അറിയിച്ചു. കേസിൽ അന്വേഷണം ശരിയായ രീതിയിൽ നടത്താൻ കഴിഞ്ഞില്ലെന്ന് സർക്കാർ കോടതിയിൽ സമ്മതിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെയും കോടതി രൂക്ഷമായി വിമർശിച്ചു.

പ്രതികളായ പി. ജയരാജനും ടി.വി. രാജേഷിനുമെതിരെ എന്തുകൊണ്ടു ഗൂഢാലോചന കുറ്റം നിലനിന്നില്ല എന്നതു ഗൗരവമായി കാണണം. സംസ്ഥാന പൊലീസിന് ഇവർ ഉൾപ്പെട്ട പാർട്ടിയുടെ ഭീഷണിയും സമ്മർദ്ദ തന്ത്രങ്ങളും ഉണ്ടായിരുന്നിരിക്കാമെന്നു കരുതണം. ഇത്തരം സ്വയം പ്രഖ്യാപിത രാജാക്കന്മാർ ക്രിമിനൽ നീതിനിർവ്വഹണ സംവിധാനത്തെ തകിടം മറിക്കുന്നത് അനുവദിക്കാനാവില്ലെന്നു ഷുക്കൂറിന്റെ അമ്മ അത്തിക്ക നൽകിയ ഹർജി അനുവദിച്ചുകൊണ്ടു ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു. നിലവിൽ ജയരാജനും രാജേഷിനുമെതിരെ പ്രേരണാകുറ്റം മാത്രമാണ് ചുമത്തിയത്.

എന്നാൽ, ഗൂഢാലോചന കുറ്റവും വരണമെന്ന് സംസ്ഥാന പൊലീസ് മേധാവി റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നാണ് കേസ് സിബിഐക്ക് വിടാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ, കേസ് ഏറ്റെടുക്കാൻ സിബിഐ വിസമ്മതിച്ചു. ഇതേ തുടർന്ന് ഷുക്കൂറിന്റെ മാതാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സിപിഎമ്മിന് ഏറെ തിരിച്ചടിയാണ് ഈ കേസ്. ജയരാജനെയും രാജേഷിനെയും ശ്രമിക്കാൻ പൊലീസിലെ അന്വേഷണ സംഘം ശ്രമിച്ചുവെന്നു സംശയം ഹൈക്കോടതി ഉയർത്തുന്നു. അതുകൊണ്ട് തന്നെ സിബിഐ അന്വേഷണം വരുമ്പോൾ ഇവരും പ്രതിസന്ധിയിലാകും.

കേസ് ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ രാവിലെയാണു കോടതിയിൽ അറിയിച്ചത്. എന്നാൽ, കേസിലെ പ്രതികളായ സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനേയും ടി.വി.രാജേഷ് എംഎൽഎയേയും രക്ഷിക്കാൻ അന്വേഷണ സംഘം ശ്രമിച്ചുവെന്ന് കരുതേണ്ടിയിരിക്കുന്നുവെന്ന് നിരീക്ഷിച്ച ശേഷമാണ് അന്വേഷണം സിബിഐയെത്തന്നെ ഏൽപ്പിക്കാൻ ഹൈക്കോടതി തീരുമാനിച്ചത്. ഈ നിരീക്ഷണമാണ് സിപിഎമ്മിന് തിരിച്ചടിയാകുന്നത്. 2012 ഫെബ്രുവരി 20നാണ് സിപിഐ(എം) ശക്തികേന്ദ്രമായ ചെറുകുന്ന് കീഴറയിൽ ഷുക്കൂർ കൊല്ലപ്പെട്ടത്. എം.എസ്.എഫ് പ്രാദേശിക നേതാവായിരുന്നു ഷുക്കൂർ.

ഇയാൾ കൊലചെയ്യപ്പെട്ട ദിവസം പട്ടുവത്ത് വച്ച് ജയരാജനും ടി.വി.രാജേഷും സഞ്ചരിച്ച വാഹനത്തിനു നേരെ ആക്രമണം ഉണ്ടായിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയതെന്നാണ് കേസ്. ക്രിക്കറ്റ് കളിക്കിടെ പരുക്കേറ്റ സുഹൃത്തിനെ ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്ന ഷുക്കൂറിനെ സിപിഐ(എം) പ്രവർത്തകർ തടഞ്ഞുവച്ച ശേഷം നേതാക്കളുടെ നിർദ്ദേശപ്രകാരം കൊലപ്പെടുത്തുകയായിരുന്നുവെന്നാണു ആരോപണം്. പാർട്ടിക്കോടതി തീരുമാനപ്രകാരമാണു കൊല നടത്തിയതെന്ന വാദം വിവാദങ്ങളുമുണ്ടാക്കി. പി. ജയരാജൻ, ടി.വി. രാജേഷ് എന്നിവരുൾപ്പെടെ 33 പേരാണു കുറ്റപത്രത്തിലെ പ്രതിപ്പട്ടികയിലുള്ളത്. ഒരാൾ പിന്നീടു മരിച്ചു.