കൊച്ചി: സിപിഎമ്മിനെ പ്രതിരോധത്തിലാക്കി ഷുക്കൂർ വധക്കേസിലെ കോടതി ഇടപെടൽ. ഷുക്കൂർ വധക്കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട സിംഗിൾബെഞ്ച് വിധിക്കെതിരെ സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനും ടി വി രാജേഷ് എംഎൽഎയും നൽകിയ ഹർജി ഹൈക്കോടതി തള്ളിയതാണ് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയത്.

ഇരുവരേയും ഉൾപ്പെടുത്തി സിബിഐക്ക് അന്വേഷണം നടത്താമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നൽകിയ അപ്പീലിലാണ് സിപിഐഎം നേതാക്കൾക്ക് തിരിച്ചടി നേരിട്ടത്. സിബിഐ അന്വേഷണത്തിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് അപ്പീൽ നൽകി.

ഷുക്കൂർ വധക്കേസിൽ ഇരുവരേയും പ്രതിയാക്കി സിബിഐക്ക് അന്വേഷണം തടുരാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അറിയിച്ചു. മുസ്ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂർ കൊല്ലപ്പെട്ട കേസിൽ സിബിഐ അന്വേഷണം ആരംഭിച്ചിരുന്നു. സിബിഐ തിരുവനന്തപുരം യൂണിറ്റിൽ നിന്നുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. ഷൂക്കൂറിന്റ വീട്ടിലെത്തിയ സംഘം നേരത്തെ ഉമ്മയോടും മറ്റു ബന്ധുക്കളോടും വിവരങ്ങൾ അന്വേഷിക്കുകയും മൊഴിയെടുക്കുകയും ചെയ്തിരുന്നു.

2012 ഫെബ്രുവരി 20 കണ്ണപുരം കീഴറയിലെ വള്ളുവൻ കടവിനടുത്ത് വച്ചാണ് ഷൂക്കൂർ കൊല്ലപ്പെടുന്നത്. രണ്ടര മണിക്കൂറോളം ബന്ദിയാക്കി വച്ച ശേഷമാണ് കണ്ണൂരിലെ തളിപ്പറമ്പ് പട്ടുവത്തെ അരിയിൽ സ്വദേശിയും എം.എസ്.എഫിന്റെ പ്രാദേശിക നേതാവുമായ അബ്ദുൽ ഷുക്കൂറിനെ കൊലപ്പെടുത്തിയത്. കൂടെയുണ്ടായിരുന്ന സക്കറിയക്ക് ഗുരുതരമായി പരിക്കേൽക്കുകയുമുണ്ടായി.