ലോകത്തെ ഏറ്റവും വിനോദസഞ്ചാര മേളയായ വേൾഡ് ട്രാവൽ മാർട്ടിൽ മിന്നും താരമായി ഷാർജ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഡെവലപ്‌മെന്റ് അഥോറിറ്റി (ശുറൂഖ്). ഉത്തരവാദ ടൂറിസത്തിന്റെയും പൈതൃക കാഴ്ചകളുടെയും ആഡംബര സൗകര്യങ്ങളുടെയുമെല്ലാം അപൂർവ പ്രദർശനങ്ങളാണ് ശുറൂഖ് മേളയിലൊരുക്കിയത്.

പ്രവാസികളുടെയും വിദേശ സഞ്ചാരികളുടേയുമെല്ലാം മനസ്സിൽ ഇടം പിടിച്ച ഷാർജയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഷാർജ കോമേഴ്സ് ആൻഡ് ടൂറിസം അഥോറിറ്റിയുടെ നേതൃത്വത്തിലുള്ള ഷാർജ പവലിയനിലാണ് പ്രദർശിപ്പിച്ചത്. ചരിത്രകാഴ്ചകളുടെയും മരുഭൂ അനുഭവങ്ങളുടെയും സമ്മേളനമായ മെലീഹ ആർക്കിയോളജി കേന്ദ്രം, ഷാർജ നഗരത്തിലെ പച്ചത്തുരുത്തായ അൽ നൂർ ദ്വീപ്, അൽ മുൻതസ പാർക്ക് തുടങ്ങിയ കാഴ്ചകൾ മാധ്യമപ്രവർത്തകരെയും സന്ദർശകരെയും ഒരേപോലെ വിസ്മയിപ്പിച്ചു. ഷാർജയിലെ ഏറ്റവും പുതിയ വിശേഷങ്ങളായ കൽബ കിങ്ഫിഷർ ലോഡ്ജ്, അൽ ബഡായർ ഒയാസിസ് പദ്ധതി, അൽ ഫായ ലോഡ്ജ് തുടങ്ങിയ ആഡംബര വിനോദപദ്ധതികളും മേളയിൽ അവതരിപ്പിച്ചിരുന്നു. പ്രകൃതിവിഭവങ്ങളും സാംസ്‌കാരിക മൂല്യങ്ങളും മുറുകെപ്പിടിച്ചു തന്നെ ലോക വിനോദസഞ്ചാര ഭൂപടത്തിലെ തിളക്കമാർന്ന അടയാളപ്പെടുത്തലാകുന്ന ഷാർജയുടെ വിനോദസഞ്ചാര കാഴ്ചപ്പാടിന് മികച്ച പ്രതികരണങ്ങളാണ് മേളയിലുടനീളം ലഭിച്ചത്.

2021 ഓടെ പത്തു മില്യൺ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ലക്ഷ്യം വെക്കുന്ന ഷാർജയുടെ വിനോദസഞ്ചാര മേഖലയിലെ വമ്പൻ മുന്നേറ്റങ്ങളുടെ സൂചന കൂടിയാണ് വേൾഡ് ട്രാവൽ മാർട്ടിലെ ശുറൂഖിന്റെ പ്രകടനം. ഷാർജ കോമേഴ്സ് ആൻഡ് ടൂറിസം വകുപ്പിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം വിനോദസഞ്ചാര മേഖലയിൽ 7.8 ശതമാനം വളർച്ച കൈവരിക്കാൻ ഷാർജയ്ക്ക് സാധിച്ചിരുന്നു. അടുത്ത രണ്ടു വർഷത്തിനുള്ളിൽ ഇത് വീണ്ടും വർധിപ്പിക്കാനുള്ള ശ്രമങ്ങളാണ് ശുറൂഖിന്റെയടക്കം നേതൃത്വത്തിൽ നടക്കുന്നത്.

പ്രവാസി സമൂഹത്തിനും വിനോദസഞ്ചാര മേഖലയിലെ തൊഴിലന്വേഷകർക്കും ഒരുപോലെ ശുഭസൂചന നൽകുന്നതാണ് രാജ്യാന്തര വിനോദസഞ്ചാര മേഖലയിൽ ഷാർജ നടത്തുന്ന ഈ മുന്നേറ്റം. ഷാർജയിലെ കിഴക്കൻ മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വളർച്ചയും പുതിയ പദ്ധതികളും വ്യാപാരികളടക്കമുള്ള ചെറുകിട നിക്ഷേപകർക്കും പുതിയ സാധ്യതകൾ മുന്നോട്ട് വയ്ക്കുന്നുണ്ട്.