- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
40 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ ബിജെപിയും സംഘപരിവാറും എല്ലാം നൽകി; ബിഹാർ ഉപമുഖ്യമന്ത്രി സ്ഥാനത്ത് പകരക്കാരൻ എത്തുമ്പോൾ സുശീൽ കുമാർ മോദിയുടെ വാക്കുകൾ ഇങ്ങനെ; ബിഹാറിൽ ബിജെപിക്ക് കരുത്തു പകർന്ന നേതാവ് കേന്ദ്രമന്ത്രിയായേക്കും എന്നു സൂചനകൾ
പറ്റ്ന: 40 വർഷത്തെ തന്റെ രാഷ്ട്രീയ ജീവിതത്തിൽ ബിജെപിയും സംഘപരിവാറും എല്ലാം നൽകി. മറ്റേതൊരാൾക്കും ലഭിച്ചതിനെക്കാൾ കൂടുതൽ കാര്യങ്ങൾ പാർട്ടി തനിക്ക് നൽകിയിട്ടുണ്ട്. ബിഹാറിൽ ബിജെപിയെ വിജയത്തിലേക്ക് അടുപ്പിച്ച ബിജെപി നേതാവ് സുശീൽ കുമാർ മോദിയുടെ വാക്കുകളാണ് ഇത്. ഇക്കുറി ബിഹാർ ഉപമുഖ്യമന്ത്രി സ്ഥാനം സുശീൽകുമാറിന് ലഭിക്കില്ലെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു അദ്ദേഹത്തന്റെ പ്രതികരണം. അതേസമയം സുശീൽ കുമാർ മോദി കേന്ദ്ര മന്ത്രിസഭയിൽ അംഗമാകാൻ ഒരുങ്ങുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ബിഹാറിൽ തർകിഷോർ പ്രസാദ് സിംഗിനെ ബിജെപി നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തിരുന്നു. സുശീൽ കുമാർ മോദിയെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കുമെന്നും അദ്ദേഹത്തിന് പുതിയ ചുമതലകൾ നൽകാനാണ് സാദ്ധ്യതയെന്നുമായിരുന്നു വാർത്തകൾ. ഉത്തരവാദിത്വങ്ങൾ ഒഴിയാനും പാർട്ടി ഏൽപിക്കുന്ന ഏത് പുതിയ ഉത്തരവാദിത്വവും ഏറ്റെടുക്കാനും തയ്യാറാണെന്ന് സുശീൽ കുമാർ മോദി പറഞ്ഞു.
പാർട്ടി പ്രവർത്തകനെന്ന തന്റെ സ്ഥാനം ആർക്കും എടുത്തുകളയാൻ കഴിയില്ലെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി. സുശീൽ കുമാർ മോദിയുടെയും നിതീഷ് കുമാറിന്റെയും നേതൃത്വത്തിലായിരുന്നു എൻഡിഎ ബിഹാർ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. കാതിഹാറിൽ നിന്നുള്ള എംഎൽഎയാണ് തർകിഷോർ പ്രസാദ്. ബെട്ടിയയിൽ നിന്നുള്ള നിയമസഭാംഗം രേണു ദേവിയാണ് ബിജെപിയുടെ നിയമസഭാകക്ഷി ഉപനേതാവ്. തിങ്കളാഴ്ചയാണ് എൻഡിഎ മന്ത്രിസഭ ബിഹാറിൽ സത്യപ്രതിജ്ഞ ചെയ്യുക. നിതീഷ് കുമാർ തന്നെയാണ് മുഖ്യമന്ത്രി.
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ബിഹാറിന്റെ ചുമതലയുള്ള നേതാവ് ഭൂപേന്ദ്ര യാദവ്, തെരഞ്ഞെടുപ്പ് ചുമതലയുള്ള ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്ര മന്ത്രി നിത്യാനന്ദ് റായ് എന്നിവർ യോഗത്തിനുണ്ടായിരുന്നു. 243 അംഗ നിയമസഭയിൽ 125 സീറ്റുകൾ നേടിയാണ് ബിഹാറിൽ എൻ.ഡി.എ അധികാരം നിലനിർത്തിയത്.
മറുനാടന് ഡെസ്ക്