- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്യാമള മകളോട് വഴക്കുണ്ടാക്കുമായിരുന്നുവെന്ന് ആതിരയുടെ അമ്മയുടെ മൊഴി; ഒളിഞ്ഞും തെളിഞ്ഞും കൊലപാതകിയെന്ന് മുദ്രകുത്തിയതിന്റെ സമ്മർദ്ദത്തിൽ അമ്മായി അമ്മയുടേയും ആത്മഹത്യ; കല്ലമ്പലത്തെ ശ്യാമളയുടെ ആത്മഹത്യയ്ക്ക് കാരണം പൊലീസ് അറസ്റ്റ് ചെയ്യുമോ എന്ന ഭയം
കല്ലമ്പലം: മുത്താനയിൽ നവവധു ഭർതൃഗൃഹത്തിലെ ശുചിമുറിയിൽ കഴുത്തറുത്ത് മരിച്ചതിനു പിന്നാലെ ഭർതൃമാതാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നിൽ മറ്റ് ദുരൂഹതകളൊന്നും ഇല്ലെന്ന് പൊലീസ്. സമ്മർദ്ദം താങ്ങാതെയുള്ള ആത്മഹത്യയായിരുന്നു ഇതെന്നാണ് വിലയിരുത്തൽ. മുത്താന ഗുരു മുക്കിന് സമീപം സുനിതാ ഭവനിൽ പുഷ്പാംഗദന്റെ ഭാര്യ ശ്യാമള (62)യെയാണ് 26നു പുലർച്ചെ വീടിനോട് ചേർന്നുള്ള കോഴി ഫാമിൽ കണ്ടെത്തിയത്.
15നായിരുന്നു മരുമകൾ ആതിരയുടെ മരണം. തുടർന്ന് ശ്യാമളയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. മരണത്തിൽ ദുരൂഹത ആരോപിച്ച് ആതിരയുടെ ബന്ധുക്കൾ റൂറൽ എസ്പിക്ക് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ പലവിധ പ്രചരണവും നടന്നു. ഇതോടെ ശ്യാമള മാനസികമായി തളർന്നുവെന്നും ഭക്ഷണം പോലും കഴിച്ചിരുന്നില്ല എന്നും നാട്ടുകാർ പറഞ്ഞു. പിന്നീടായിരുന്നു ആത്മഹത്യ. ശ്യാമളയുടെ മറ്റ് മക്കൾ: സുനിത, സനിത. മരുമക്കൾ: ശ്യാംകുമാർ, സൈജു.
വീടിനോട് ചേർന്നുള്ള കോഴിഫാമിലായിരുന്നു ശ്യാമളയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരുമകൾ ആതിരയെ ഇക്കഴിഞ്ഞ ജനുവരി 15 ന് കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. വിവാഹം കഴിഞ്ഞ് ഒന്നര മാസം പിന്നിടുമ്പോഴായിരുന്നു കൈകളുടെ ഞരമ്പും കഴുത്തും മുറിച്ച് രക്തംവാർന്ന നിലയിൽ ആതിരയുടെ മൃതദേഹം കണ്ടത്. ഭർത്താവ് ശരത്ത് അച്ഛനൊപ്പം ആശുപത്രിയിൽ പോയിരിക്കുകയായിരുന്നു.
ആതിരയുടെ മരണം ആത്മഹത്യയെന്നായിരുന്നു പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. എന്നാൽ കൊലപാതകമെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്ത് എത്തിയിരുന്നു. ഇക്കാര്യത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ആതിരയുടെ ഭർതൃമാതാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ആതിരയുടെ മരണത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിരുന്നില്ല. ഭർത്താവുമായി ആതിരയ്ക്ക് പ്രശ്നങ്ങൾ ഇല്ലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
എന്നാൽ ഭർതൃമാതാവായ ശ്യാമള ഇടയ്ക്കിടെ വഴക്കിട്ട് വീട്ടിൽ നിന്ന് പോകാറുണ്ടായിരുന്നുവെന്ന് ആതിരയുടെ വീട്ടുകാർ ആരോപിക്കുന്നുണ്ട്. ഇത് ശ്യാമളയ്ക്ക് സമ്മർദ്ദമായി. ഇതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് വിലയിരുത്തൽ. ആതിരയുടേതുകൊലപാതകമാകാൻ വിദൂര സാധ്യത മാത്രമാണുള്ളതെന്നാണ് പൊലീസ് പറയുന്നത്.
അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ശ്യാമളയുടെ ആത്മഹത്യ. ആതിരയുടെ മരണത്തിൽ ശ്യാമളയ്ക്ക് നേരെ പലരും സംശയമുന്നയിച്ചിരുന്നു. ശ്യാമള മകളോട് വഴക്കുണ്ടാക്കുമായിരുന്നുവെന്ന് ആതിരയുടെ അമ്മ മൊഴി നൽകിയിരുന്നു. ആതിര ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും പിന്നിലെ കാരണം കണ്ടെത്തണമെന്നും ഭർതൃപിതാവും ആരോപിച്ചിരുന്നു.
നാട്ടുകാരിൽ ചിലരും ഇവർക്കെർക്കെതിരെ മൊഴി നൽകിയിരുന്നു. ഒളിഞ്ഞും തെളിഞ്ഞും പലരും കൊലപാതകിയെന്ന് മുദ്രകുത്തിയെന്നും ഇതേത്തുടർന്നുണ്ടായ മാനസികസംഘർഷത്തെ തുടർന്നാണ് ശ്യാമള ആത്മഹത്യ ചെയ്തതെന്നുമാണ് വിലയിരുത്തൽ. ആതിരയുടെ മരണത്തിൽ 15-ലധികം പേരെ ഇതിനോടകം ചോദ്യം ചെയ്തിട്ടും കൊലപാതകത്തിലേക്കോ, ആത്മഹത്യയിലേക്കോ ബന്ധിപ്പിക്കാവുന്ന ഒന്നും പൊലീസിന ലഭിച്ചിരുന്നില്ല.
മറുനാടന് മലയാളി ബ്യൂറോ