തിരുവനന്തപുരം: റിക്കോർഡ് ഭൂരിപക്ഷവുമായി കെകെ ശൈലജ ടീച്ചർ മട്ടന്നൂരിൽ നിന്ന് ജയിച്ചു കയറി. ആരോഗ്യ വകുപ്പിന് ദിശാ ബോധം നൽകിയ ഈ മന്ത്രി അടുത്ത പിണറായി സർക്കാരിലുണ്ടാകുമോ? മലയാളി ആഗ്രഹിക്കുന്നത് ശൈലജ ടീച്ചർ മന്ത്രിയായി കേരളത്തെ വീണ്ടും ഭരിക്കുന്നത് കാണാനാണ്. എന്നാൽ സിപിഎമ്മിൽ ചിലർ ഇതിന് എതിരാണ്.

രണ്ടാം പിണറായി മന്ത്രിസഭയിൽ സിപിഎം മന്ത്രിമാരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒഴികെ എല്ലാവരും പുതുമുഖങ്ങളാകട്ടെ എന്ന നിർദ്ദേശം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉയർന്നതിനെച്ചൊല്ലി പാർട്ടിയിൽ കൊണ്ടുപിടിച്ച ചർച്ച നടക്കുന്നുവെന്നാണ് സൂചന. ഇത് ശൈലജ ടീച്ചറിനെ ഒഴിവാക്കാനുള്ള തന്ത്രമാണ്. കേരള രാഷ്ട്രീയത്തിൽ ശൈലജ ടീച്ചർ വടവൃക്ഷമായി വളർന്നത് സഹിക്കാനാവാതെ ചിലർ കൊടുവാളുമായി ഈ ചർച്ചകൾക്ക് നേതൃത്വം നൽകുന്നു. തെരഞ്ഞെടുപ്പിൽ പേരാവൂരോ തിരുവനന്തപുരത്തോ മത്സരിപ്പിച്ച് ടീച്ചറെ തോൽപ്പിക്കാൻ ശ്രമിച്ചവർ വീണ്ടും പാർട്ടിയിൽ സജീവമാണ്. എന്തുവന്നാലും മട്ടന്നൂർ മത്സരിക്കാൻ വേണമെന്ന ശൈലജ ടീച്ചറിന്റെ കടുംപിടിത്തമാണ് റിക്കോർഡ് ഭൂരിപക്ഷത്തിലെ ജയം ഈ ജനകീയ മന്ത്രിക്ക് നൽകിയത്.

മട്ടന്നൂർ സീറ്റിൽ മത്സരിക്കുന്നതിനെച്ചൊല്ലി നേരത്തെ നടന്ന വടംവലിയുടെ തുടർച്ചയായി മന്ത്രി കെ.കെ.ശൈലജയ്‌ക്കെതിരെ ആസൂത്രിതമായ നീക്കം കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ കണ്ണൂരിൽനിന്നുള്ള ചിലർ നടത്തിയതായാണു വിവരം. നിയമസഭാ തിരഞ്ഞെടുപ്പിലേക്കു രണ്ടു ടേം നിബന്ധന നടപ്പാക്കിയതു പരക്കെ അംഗീകരിക്കപ്പെട്ടതിനു തെളിവാണു തിരഞ്ഞെടുപ്പിലെ വൻ വിജയമെന്നും ആ മാതൃകയിൽ മന്ത്രിസഭയിലും പാർട്ടിയുടെ മന്ത്രിമാർ എല്ലാവരും പുതുമുഖങ്ങളാവട്ടെ എന്നുമായിരുന്നു ഒരു കേന്ദ്ര കമ്മിറ്റിയംഗത്തിന്റെ നിർദ്ദേശം. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇതിനെ തുണച്ചില്ല. അങ്ങനെ ആ ചർച്ച അവിടെ തീർന്നു. എന്നാൽ വീണ്ടും ഈ ചർച്ച സിപിഎമ്മിൽ തലപൊക്കുകയാണ്.

18നാണ് സിപിഎമ്മിന്റെ നേതൃയോഗങ്ങൾ. ഇതിൽ ഈ വിഷയം വീണ്ടും ചിലർ ഉയർത്തും. കെ.കെ ശൈലജയ്ക്കു പുറമെ മന്ത്രി എ.സി.മൊയ്തീനെയും ഈ വാദത്തിലൂടെ ചിലർ ഉന്നം വച്ചിരുന്നു. കടകംപള്ളി സുരേന്ദ്രനേയും വെട്ടുക ചിലരുടെ ലക്ഷ്യമാണ്. നിയമസഭയിലേക്ക് നാലാം വട്ടം തിരഞ്ഞെടുക്കപ്പെടുന്ന മൊയ്തീനും കഴിഞ്ഞ തവണ ആദ്യമായാണു മന്ത്രിയായത്. സ്ഥാനാർത്ഥിത്വത്തിലെ തലമുറമാറ്റം മന്ത്രിസഭയിലും പ്രതിഫലിക്കണമെന്നാണു സിപിഎമ്മിൽ ഉടലെടുത്തിട്ടുള്ള ധാരണ. അങ്ങനെ വന്നാൽ പല പ്രധാനികൾക്കും ഇത്തവണ മന്ത്രിസ്ഥാനം നഷ്ടമാകും. എന്നാൽ ജനകീയ മുഖമുള്ള ശൈലജയെ മുഖ്യമന്ത്രി ഒഴിവാക്കില്ലെന്നാണ് സൂചന. തുടക്കത്തിലേ വിവാദമായി ഇത് മാറുമെന്നതിനാലാണ് ഇത്.

ശൈലജയ്ക്കു പുറമെ എം വിഗോവിന്ദൻ, കെ.രാധാകൃഷ്ണൻ, പി.രാജീവ്, കെ.എൻ.ബാലഗോപാൽ എന്നിവർ മന്ത്രിസഭയിൽ ഉണ്ടാകുമെന്ന് ഏതാണ്ടുറപ്പാണ്. വി.ശിവൻകുട്ടി, വി.എൻ.വാസവൻ, പി.പി.ചിത്തരഞ്ജൻ, സജി ചെറിയാൻ, പി.നന്ദകുമാർ, സി.എച്ച്.കുഞ്ഞമ്പു, വീണാ ജോർജ്, എം.ബി.രാജേഷ്, കാനത്തിൽ ജമീല, ആർ.ബിന്ദു, എ.എൻ.ഷംസീർ, കെ.ടി.ജലീൽ എന്നീ പേരുകളും പരിഗണനയിലുണ്ട്. ഇവരിൽ ഒരാൾ സ്പീക്കർ ആകാനാണു സാധ്യത.

ശൈലജയെ കോൺഗ്രസിലെ വി എസ്.ശിവകുമാറിനെതിരെ തിരുവനന്തപുരം മണ്ഡലത്തിൽ മത്സരിപ്പിക്കണമെന്ന നിർദ്ദേശവുമായി നേരത്തെ രംഗത്തു വന്ന അതേ ഗ്രൂപ്പാണ് ശൈലജയെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാനും കളിക്കുന്നത്. എന്നാൽ ടീച്ചർ വഴങ്ങിയില്ല. മട്ടന്നൂർ ചോദിച്ചു വാങ്ങി. ഈ സീറ്റിൽ മുൻ മന്ത്രി ഇ.പി.ജയരാജന് 2016ൽ കിട്ടിയ ഭൂരിപക്ഷത്തേക്കാൾ പതിനേഴായിരത്തിൽപ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണു ശൈലജ ഇക്കുറി തിരഞ്ഞെടുക്കപ്പെട്ടത്.

അടുത്ത എൽ.ഡി.എഫ്. സർക്കാരിൽ ജനതാദളി(എസ്)നു ലഭിക്കുന്ന മന്ത്രിസ്ഥാനം പങ്കിടാൻ ധാരണ. ആദ്യ ടേമിൽ ആരു മന്ത്രിയാകണമെന്ന തർക്കമാണ് ഇപ്പോൾ നിലനിൽക്കുന്നത്. നാലു സീറ്റിലാണ് പാർട്ടി സ്ഥാനാർത്ഥികൾ മത്സരിച്ചതെങ്കിലും മന്ത്രി കെ. കൃഷ്ണൻകുട്ടിയും മുന്മന്ത്രി മാത്യു ടി. തോമസുമാണ് ഇത്തവണ ജയിച്ചത്. നീലലോഹിതദാസൻ നാടാർ കോവളത്തും ജോസ് തെറ്റയിൽ അങ്കമാലിയിലും പരാജയപ്പെട്ടു. തുടർഭരണത്തിലേക്കു പോകുന്ന സർക്കാരിൽ മന്ത്രിയായി ആദ്യ ടേമിൽതന്നെ തുടരണമെന്ന അഭിപ്രായമാണ് കൃഷ്ണൻകുട്ടിക്ക്. പിണറായി വിജയനൊപ്പം ആദ്യ രണ്ടര വർഷം ഭരിക്കാൻ അവസരം നൽകണമെന്നും അതുകഴിഞ്ഞാൽ സ്ഥാനമൊഴിയാമെന്നുമാണ് കൃഷ്ണൻകുട്ടി മൂന്നോട്ടുവച്ച നിർദ്ദേശം.

ഇനി മത്സരരംഗത്തേക്കില്ലെന്നും രണ്ടര കൊല്ലം കഴിഞ്ഞാൽ സാധാരണ പാർട്ടി പ്രവർത്തകനായി നിൽക്കുമെന്നും അദ്ദേഹം മറുവിഭാഗത്തെ അറിയിച്ചതായാണ് വിവരം. എന്നാൽ, ആദ്യ ടേമിൽത്തന്നെ മന്ത്രിയാക്കണമെന്ന നിലപാടിലാണ് സംസ്ഥാന പ്രസിഡന്റ്കൂടിയായ മാത്യു ടി. തോമസ്. രണ്ടര വർഷം കഴിഞ്ഞാൽ കൃഷ്ണൻകുട്ടിക്ക് ബാറ്റൺ കൈമാറാമെന്ന് അദ്ദേഹം പറയുന്നു. നാളെ വൈകിട്ട് മൂന്നിന് ജനതാദൾ-എസ് സംസ്ഥാന കമ്മിറ്റി യോഗം ഓൺലൈനായി നടക്കുന്നുണ്ട്. മന്ത്രിമാരുടെ കാര്യത്തിൽ ചർച്ച നടക്കുമെങ്കിലും അന്തിമ തീരുമാനം ദേവെഗൗഡയുടെതായിരിക്കും.

കഴിഞ്ഞ പിണറായി മന്ത്രിസഭയിലും ആദ്യഘട്ടത്തിൽ മാത്യു ടി. തോമസ് അംഗമായിരുന്നു. പിന്നീട് അദ്ദേഹം കെ. കൃഷ്ണൻകുട്ടിക്ക് സ്ഥാനം കൈമാറുകയായിരുന്നു. ആദ്യ ടേമിൽ മാത്യു ടി. തോമസ് മന്ത്രിയായാൽ സംസ്ഥാന പ്രസിഡന്റ് സ്ഥാനം മറ്റൊരാർക്കു കൈമാറിയേക്കും.