നവംബർ അവസാനവാരം ഗോവയിലെ പനാജിയിൽ നടക്കുന്ന രാജ്യന്തര ചലച്ചിത്രമേളയിൽ ഇന്ത്യൻ പനോരമാ കഥേതര വിഭാഗത്തിൽ രണ്ട് മലയാള ഹ്രസ്വചിത്രങ്ങൾ. പ്രമുഖ ഡോക്യമെന്ററി സംവിധായിക ആരതി ശ്രീവാസ്ത അധ്യക്ഷയായ ജൂറിയാണ് സിനിമകൾ തെരഞ്ഞെടുത്തത്. മാദ്ധ്യമപ്രവർത്തകയും ദയാബായിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയിലൂടെ ശ്രദ്ധ നേടുകയും ചെയ്ത ഷൈനി ജേക്കബ് ബെഞ്ചമിന്റെ ഇൻ റിട്ടേൺ ജസ്റ്റ് എ ബുക്ക്, കെ ഗിരീഷ് കുമാറിന്റെ രണ്ടു കുറിപ്പുകൾ എന്നീ ചിത്രങ്ങൾ കഥേതര വിഭാഗത്തിൽ ഗോവയിൽ പ്രദർശിപ്പിക്കും. ആനകൾക്ക് നേരെയുള്ള പീഡനം ആധാരമാക്കി സംഗീത അയ്യർ സംവിധാനം ചെയ്ത ഗോഡ്‌സ് ഇൻ ഷാക്കൽസും മേളയിലുണ്ട്.

പെരുമ്പടവം ശ്രീധരന്റെ സങ്കീർത്തനം പോലെ എന്ന വിഖ്യാത കൃതിയെ ഉപജീവിച്ചൊരുക്കുന്ന സ്വതന്ത്ര ഡോക്യു ഫിക്ഷനാണ് ഷൈനി ജേക്കബ് ബെഞ്ചമിൻ സംവിധാനം ചെയ്ത ഇൻ റിട്ടേൺ ജസ്റ്റ് എ ബുക്ക്. എഴുത്തുകാരൻ സക്കറിയയാണ് ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയത്.

റഷ്യൻ താരങ്ങളായ വ്‌ളാദിമിറും ഒസ്താനയുമാണ് ഈ സിനിമയിലെ താരങ്ങൾ.ആൾക്കൂട്ടത്തിന്റെ മദപ്പാടാൽ നരകയാതന നേരിടുന്ന ഭൂമിയിലെ വലിയ മൃഗത്തിന്റെ വേദന വിവരിക്കുന്നതാണ് ഗോഡ്സ് ഇൻ ഷാക്കൽസ് എന്ന ഡോക്യുമെന്ററി. തിടമ്പേറ്റിയ ആനകളുടെ ബഹുവർണ്ണചിത്രവും ദൃശ്യങ്ങളും അതിനൊപ്പം ആനന്ദിക്കുന്ന ആൾപ്പെരുക്കത്തെയും മാത്രം പരിഗണിക്കുന്ന മാദ്ധ്യമങ്ങൾ കണ്ണയക്കാതെ പോയ ഇടങ്ങളിൽ നിന്നാണ് സംഗീത അയ്യർ ചങ്ങലക്കിട്ട ദൈവങ്ങളെ കണ്ടെടുത്തിരിക്കുന്നത്.

ചെറുപ്പം മുതൽ റഷ്യൻ നോവലുകളുടേയും മറ്റും പരിഭാഷകൾ വായിച്ച് ശീലിച്ചതാണ് റഷ്യയെയും റഷ്യൻ ഇതിഹാസം ദെസ്തൊവിസ്‌കിയേയും കുറിച്ചുള്ള ഒരു ഡോക്യുമെന്റരി ചെയ്യാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ഷൈനി ബെഞ്ചമിൻ മറുനാടന്മലയാളിയോട് പറഞ്ഞു.ഒന്നര നൂറ്റാണ്ട് മുൻപ് ജീവിച്ചിരു്നന ദെസ്തോവിസ്‌കിയെയും അയാളുടെ പ്രണയത്തെക്കുരിച്ചുമെല്ലാം 25 വർഷങ്ങൾക്ക് മുൻപാണ് ഒരു സങ്കീർത്തനം പോലെ എന്ന കൃതിയിലൂടെ പെരുമ്പടവം ശ്രീധരമേനോൻ മലയാളികൾക്ക് മുന്നിലെത്തിച്ചത്.

ഇൻ റിട്ടേൺ ജസ്റ്റ് എ ബുക്ക് എന്ന ഡോക്യുമെന്ററി തയ്യാറാക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ സംവിധായകയുടെ മറുപടി അന്ന് റഷ്യ നേരിൽ കാണാതെയാണ് പെരുമ്പടവം ശ്രീധരൻ ദെസ്തൊവിസ്‌കിയുടെ അന്നയോടുള്ള പ്രണയത്തെക്കുറിച്ചും സെന്റ് പീറ്റേഴ്സ് ബർഗിനെക്കുറിച്ചുമെല്ലാം എഴുതിയത്. ഇന്റർനെറ്റോ സോഷ്യൽമീഡിയയോ ഒന്നു തന്നെ സജീവമല്ലാതിരുന്ന കാലഘട്ടത്തിലാണ് അദ്ദേഹം അത് എഴുതിയത്. ഇപ്പോൾ അതേ പെരുമ്പടവം ശ്രീധരമേനോൻ റഷ്യയിൽ പോകുന്നതും ദെസ്തൊവിസ്‌കി ജീവിച്ചിരുന്ന സ്ഥലത്ത് പോകുന്നതും അദ്ദേഹം ഇരുന്ന് കഥകൾ രചിച്ച കസേര ഉൾപ്പടെ കാണുന്നതുമൊക്കെയാണ്. ദെസ്തൊവിസ്‌കി ജീവിച്ചിരുന്നതും ഉപയോഗിച്ചതുമായ സ്ഥലങ്ങളും സാമഗിരികളുമാണ് ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

പെരുമ്പടവം അന്ന് സങ്കൽപ്പത്തിൽ കണ്ട സ്ഥലങ്ങൾ ഇന്ന് അദ്ദേഹം നേരിട്ട് കാണുമ്പോഴുള്ള അവസ്ഥയാണ് ചിത്രം ചർച്ച ചെയ്യുന്ന പ്രമേയം. ചിത്രത്തിൽ പെരുമ്പടവം തന്നെയാണ് അദ്ദേഹത്തിന്റെ റോൾ ചെയ്യുന്നത്.റഷ്യൻ താരങ്ങളായ വ്‌ളാദിമിറും ഒസ്താനയുമാണ് ഈ സിനിമയി ദെസ്തൊവിസ്‌കിയായും അദ്ദേഹത്തിന്റെ കാമുകി അന്നയായും എത്തുന്നത്. ചിത്രത്തിൽ മലയാളവും റഷ്യൻ ഭാഷയും സംസാരിക്കും. ചെസ്തൊവിസ്‌കിയുടേയും അന്നയുടേയും സംഭാഷണങ്ങൾ റഷ്യൻ ഭാഷയിൽ തന്നെയാണ് ചിത്രത്തിലെത്തുക. ഒരു ഡോക്യുമെന്ററിക്ക് നിർമ്മാതാവിനെ ലഭിക്കുക ന്നെത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനായ് മുന്നോട്ട് വന്ന ബേബി മാത്യു സോമതീരത്തിനോടും ഡോക്യുമെന്ററിയുടെ തിരക്കഥാകൃത്ത് പോൽ സക്കറിയയോടും വലിയ നന്ദിയാണ് തനിക്കുള്ളതെന്നും സംവിധായിക പറയുന്നു.