- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാജ ചാരവൃത്തി കേസിന്റെ മാസ്റ്റർ മൈൻഡ് സിബി മാത്യു; തെളിവും രേഖയും വസ്തുതയും ഇല്ലാതെ നിയമ വിരുദ്ധ ഗൂഡലക്ഷ്യത്തിനായി തന്നെ അറസ്റ്റ് ചെയ്തത് മുൻ ഡിജിപിയുടെ നിർദ്ദേശ പ്രകാരം; പ്രതിക്ക് മുൻകൂർ ജാമ്യം നൽകരുതെന്ന് നമ്പി നാരായണൻ; സിബി മാത്യൂസ് പ്രതിസന്ധിയിലേക്ക്
തിരുവനന്തപുരം: രാജ്യത്തെ പിടിച്ചു കുലുക്കിയ ഐ എസ് ആർ ഒ വ്യാജ ചാര വൃത്തിക്കേസിന് പിന്നിലുള്ള ഉദ്യോസ്ഥരുടെ ഗൂഢാലോചനാ കേസിൽ സിബിഐയുടെ അറസ്റ്റ് ഭയന്നുള്ള നാലാം പ്രതി മുൻ അന്വേഷണ സംഘത്തലവനായ ഡി. ഐ. ജി. സിബി മാത്യുവിന്റെ മുൻകൂർ ജാമ്യ ഹർജി തള്ളണമെന്ന് നമ്പി നാരായണൻ തിരുവനന്തപുരം ജില്ലാ കോടതിയിൽ ബോധിപ്പിച്ചു.
ഇന്ത്യൻ ബഹിരാകാശ സംവിധാനത്തെയും ഐ എസ് ആർ ഒയേയും പിന്നോട്ടടിക്കാൻ കൃത്രിമമായി ചമച്ച വ്യാജ ചാര വൃത്തിക്കേസിന്റെ പിന്നിൽ പ്രവർത്തിച്ച മാസ്റ്റർ മൈൻഡ് (ബുദ്ധികേന്ദ്രം) സിബി മാത്യുവാണ്. യാതൊരു തെളിവോ രേഖയോ വസ്തുതയോ ഇല്ലാതെ ഉന്നത ഗൂഢാലോചനയെ തുടർന്ന് സിബി മാത്യുവിന്റെ നിയമവിരുദ്ധ ഗൂഢലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ സിബി മാത്യുവിന്റെ നിർദ്ദേശപ്രകാരം തന്നെ അറസ്റ്റ് ചെയ്ത് അന്യായ തടങ്കലിൽ വച്ച് പീഡിപ്പിച്ചതായും കക്ഷി ചേരൽ ഹർജിയിൽ നമ്പി നാരായണൻ ചൂണ്ടിക്കാട്ടി.
കളവായും കൃത്രിമമായും ഉണ്ടാക്കിയ ഐ എസ് ആർ ഓ ചാരക്കേസിലെ പ്രതികളായ 5 പൊലീസുദ്യോഗസ്ഥരും നിയമവിരുദ്ധമായി തന്നെ അറസ്റ്റ് ചെയ്ത് കഠിനമായി പീഡിപ്പിച്ചു. അതിനാൽ മുൻകൂർ ജാമ്യത്തിന് നാലാം പ്രതി അർഹനല്ല. സുപ്രീം കോടതി ഉത്തരവ് പ്രകാരം രജിസ്റ്റർ ചെയ്ത ഗൂഡാലോചലന കേസിൽ ഉന്നത ഗൂഢാലോചന വെളിച്ചത്തു കൊണ്ടുവരാൻ സിബി മാത്യുവിനെ കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്യേണ്ടതുണ്ട്.
മുൻ ഡിജിപിയെന്ന ഉന്നത പദവിയും പൊലീസ് സംവിധാനങ്ങളുമായുള്ള പ്രതിയുടെ തുടർച്ചയായ ബന്ധങ്ങളും കണക്കിലെടുത്ത് മുൻകൂർ ജാമ്യം തള്ളണമെന്നും മുൻകൂർ ജാമ്യഹർജിയെ എതിർത്ത് നമ്പി നാരായണൻ സമർപ്പിച്ച കക്ഷി ചേരൽ ഹർജിയിൽ ബോധിപ്പിച്ചു. ഇരയും പരാതിക്കാരനുമായ നമ്പി നാരായണനെ കേൾക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് പറഞ്ഞ ജില്ലാ ജഡ്ജി പി. കൃഷ്ണകുമാർ കക്ഷി ചേരൽ ഹർജി അനുവദിച്ച് അദ്ദേഹത്തെ കക്ഷി ചേർക്കാൻ ഉത്തരവിട്ടു. സി ബി ഐ നിലപാട് രേഖാമൂലം ഫയൽ ചെയ്യുന്നുണ്ടെന്ന് സിബിഐ സീനിയർ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് കുമാർ കോടതിയിൽ പറഞ്ഞു. വിശദമായ വാദം ജൂലൈ 7 ന് കേൾക്കും.
ഗൂഢാലോചന കേസന്വേഷിക്കുന്ന ഡൽഹി പ്രത്യേക സി ബി ഐ സംഘം തിങ്കളാഴ്ച തലസ്ഥാനത്തെത്തി. നമ്പി നാരായണന്റെ മൊഴിയെടുത്തു. പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് തയ്യാറെടുപ്പ് ആരംഭിച്ചതായി സൂചനയുണ്ട്. ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയെ പിന്നോട്ടടിക്കാൻ ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞരെ സംശയനിഴലിൽ നിർത്തി ഇന്ത്യൻ ക്രയോജനിക് സാങ്കേതിക വിദ്യ അട്ടിമറിക്കാൻ കേരള പൊലീസ് ശ്രമിച്ചതിന്റെ ഫലമായി മെനഞ്ഞെടുത്ത കള്ളക്കേസാണ് വ്യാജ ചാരക്കേസ്.
ചാരക്കേസ് കാരണം ഇന്ത്യൻ ബഹിരാകാശ മേഖല വളർച്ച മുരടിച്ച നിലയിലായി. മാലി സ്വദേശിനി മറിയം റഷീദയെ വിസാ കാലാവധി തീരാൻ 5 ദിവസം ബാക്കി നിൽക്കെ തമ്പാനൂർ ഹൊറൈസൺ ഹോട്ടലിൽ നിന്ന് പൊക്കിയത് കേരളാ പൊലീസ് സംഘമാണ്. എഫ് ഐ ആർ (ക്രൈം) പോലും രജിസ്റ്റർ ചെയ്യാതെ 5 ദിവസം അന്യായ തടങ്കലിൽ വച്ച് പീഡിപ്പിച്ച ശേഷം വിസാ കാലാവധി തീർന്നിട്ടും കേരളത്തിൽ തങ്ങിയതായി വരുത്തി ഫോറിനേഴ്സ് ആക്റ്റ് പ്രകാരം വ്യാജ കേസെടുത്ത് തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയതായും സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് ജയിൻ കമ്മിറ്റി കണ്ടെത്തി.
കമ്മിറ്റി സുപ്രീം കോടതിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ഇക്കാര്യങ്ങൾ അക്കമിട്ട് നിരത്തിയിട്ടുള്ളതായി അറിയുന്നു. 5,000 രൂപ പെറ്റിയടിച്ച് തീരാവുന്ന കേസിനെ കേരളാ പൊലീസ് അന്നത്തെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ഹബീബുള്ളയെക്കൊണ്ട് കോടതിയിൽ ജാമ്യഹർജിയെ ശക്തമായി എതിർത്തു. തുടർന്ന് കോടതി പ്രതിയുടെ ജാമ്യഹർജി തള്ളി റിമാന്റ് ചെയ്യുകയായിരുന്നു. തുടർന്നാണ് തുമ്പ ഐ എസ് ആർ. ഒ ശാസ്ത്രജ്ഞരായ നമ്പി നാരായണനെയും ശശികുമാറിനെയും ചേർത്ത് മസാല ചേർത്ത ചാരക്കഥ മെനഞ്ഞത്. കേരളാ പൊലീസിന്റെ ഭാവനയിൽ വിരിഞ്ഞ സാങ്കൽപ്പിക അപസർപ്പക കഥകൾ മെനഞ്ഞ് പത്ര ദൃശ്യമാധ്യമങ്ങൾക്ക് നൽകി ആഘോഷമാക്കി.
കേരളാ പൊലീസ് ഉദ്യോഗസ്ഥർ കേസന്വേഷണത്തിന്റെ പേരിൽ മാധ്യമ ശ്രദ്ധ നേടുകയായിരുന്നു ഉദ്ദേശ്യമെന്ന ആരോപണവുമുയർന്നിട്ടുണ്ട്. സിബിഐയുടെ നിലപാടറിയിക്കാൻ സിബിഐ സീനിയർ പബ്ലിക് പ്രോസിക്യൂട്ടർ സമയം തേടിയിരുന്നു. തുടർന്ന് ജൂലൈ 1 ന് ഹർജി പരിഗണിക്കാനായി ജില്ലാ ജഡ്ജി പി. കൃ ഷ്ണകുമാർ മാറ്റുകയായിരുന്നു. ഹർജി ചൊവ്വാഴ്ച പരിഗണിക്കും വരെ അറസ്റ്റ് തടയണമെന്ന പ്രതിയുടെ അപേക്ഷയിൽ ചൊവ്വാഴ്ച വരെ പ്രതിയെ അറസ്റ്റ് ചെയ്യരുതെന്ന താൽക്കാലിക നിർദ്ദേശം നൽകിയിരുന്നു. തന്നെ സി ബി ഐ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ പീഡിപ്പിക്കാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ സി ബി ഐ അറസ്റ്റ് ചെയ്യുന്ന പക്ഷം ഉടൻ തന്നെ ജാമ്യത്തിൽ വിട്ടയക്കാൻ സി ബി ഐ ക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ടാണ് പ്രതി മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചത്.
മറുനാടന് മലയാളി ബ്യൂറോ