തിരുവനന്തപുരം: ചാരക്കേസിൽ സിബി മാത്യൂസ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാൻ സാധ്യത. ചാരക്കേസിലെ ഗൂഢാലോചനയിൽ സിബി മാത്യൂസ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്യില്ലെന്ന് ഈ ഘട്ടത്തിൽ പറയാനാകില്ലെന്നാണ് സിബിഐയുടെ നിലപാട്. തിരുവനന്തപുരം കോടതിയെ ആണ് സിബിഐ നിലപാട് അറിയിച്ചത്. സിബി മാത്യൂസിന്റെ ജാമ്യ ഹർജിക്കിടെയാണ് നിലപാട് വ്യക്തമാക്കിയത്. ഇതോടെ അറസ്റ്റിന് സാധ്യത കൂടി.

ചോദ്യം ചെയ്യലിന് അറസറ്റ് അനിവാര്യമാണോ എന്ന് കോടതി ചോദിച്ചിരുന്നു. ഈ ഘട്ടത്തിലാണ് സിബിഐ നിലപാട് അറിയിച്ചത്. നേരത്തെ തിരുനെൽവേലി കേന്ദ്രീകരിച്ച് സിബിഐ മുൻ ഉദ്യോഗസ്ഥർക്ക് നമ്പി നാരായണൻ ഭൂമി നൽകിയതിന്റെ രേഖകളാണ് പുറത്ത് വന്നിരുന്നു. ഗൂഢാലോചനയിൽ പ്രതികളായ മുൻ പൊലീസ് ഉദ്യോഗസ്ഥരാണ് രേഖകൾ പുറത്ത് വിട്ടത് . നമ്പി നാരായണൻ മകൻ ശങ്കര കുമാർ ബന്ധു പോൾ സ്വാമി എന്നിവർ നടത്തിയ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളാണിവ. 2004ലും 2008ലുമാണ് തിരുനെൽവേലി ജില്ലയിൽ ഭൂമി കൈമാറ്റങ്ങൾ നടന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ വിജയന്റെ ജാമ്യ അപേക്ഷ പരിഗണിച്ചപ്പോൾ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരാമർശിച്ചിരുന്നു. എന്നാൽ ഇത്തരം കാര്യങ്ങൾ പരിഗണിക്കേണ്ടതില്ലെന്നായിരുന്നു കേന്ദ്ര സർക്കാർ വാദം. ഐ എസ് ആർ ഒ ഗുഢാലോചന കേസിൽ മുൻ പൊലീസ് മേധാവി സിബി മാത്യൂസ്, മുൻ ഡിവൈഎസ്‌പി ജോഷ്വ എന്നിവരുടെ മുൻകൂർ ജാമ്യ അപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ പരിഗണനയിലാണ്. ഈ ഹർജിയുടെ വാദത്തിനിടെയാണ് അറസ്റ്റിനുള്ള സാധ്യത സിബിഐ വ്യക്തമാക്കുന്നത്. ഇതോടെ കേസ് പുതിയ തലത്തിൽ എത്തും.

സിബിഐ ജോയിന്റ് ഡയറക്ടറായിരുന്ന രാജീന്ദ്രനാഥ കൗൾ അടക്കമുള്ളവർക്ക് ഭൂമി നൽകിയിരിക്കുന്നത് 2004ലാണ്. ഇതേ കാലയളവിലും 2008ലും നടന്ന ഭൂമി ഇടപാടുകളുടെ രേഖകളും പുറത്തു വന്നു. ചാരക്കേസ് ആദ്യം സിബിഐക്ക് കൈമാറിയപ്പോൾ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്‌പി ഹരിവത്സന്റെ സഹോദരീ ഭർത്താവിനും മൂത്ത സഹോദരിക്കുമായി 22 ഏക്കർ, പശ്ചിമ ബംഗാളിലെ രാഷ്ട്രീയ നേതാവിന് 10.54 ഏക്കർ, കൗളിന്റെ അടുത്തബന്ധുവിന് ഒരേക്കർ, പൊതുഭരണ വകുപ്പ് ഉദ്യോഗസ്ഥന്റെ ബന്ധുവിന് 15.09 ഏക്കർ, മുൻ സിബിഐ ഡിഐജി പി. മധുസൂദനൻ നായരുടെ ബിനാമിക്ക് 18.88 ഏക്കർ വസ്തു, എന്നിങ്ങനെയാണ് തിരുനെൽവേലി ജില്ലയിൽ നടത്തിയ മറ്റു ഭൂമി ഇടപാടുകൾ.

ചാരക്കേസിൽ നിന്ന് നമ്പി നാരായണൻ ഒഴിവായത് സിബിഐ ഉദ്യോഗസ്ഥരെ ഭൂമി നൽകി സ്വാധീനിച്ചാണെന്ന വാദമാണ് പ്രതികളായ മുൻ പൊലീസ് ഉദ്യോഗസ്ഥർ ഉന്നയിക്കുന്നത്. ഗൂഢാലോചന കേസിൽ ഒന്നാം പ്രതിയായ അന്നത്തെ പേട്ട സിഐ എസ്. വിജയൻ നമ്പി നാരായണന്റെ അനധികൃത ഭൂമി ഇടപാട് ചൂണ്ടിക്കാട്ടി തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ ഹർജിക്കൊപ്പമാണ് രേഖകൾ സമർപ്പിച്ചത്. ഈ ഹർജിയിൽ വാദം പൂർത്തിയായി. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വി.ആർ. രേഖ ഈ മാസം 23ന് വിധി പറയും. ഹൈക്കോടതിയിലും ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിച്ചിട്ടുണ്ട് .

സിബിഐ പുതുതായി നടത്തുന്ന ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തിലേക്ക് നമ്പി നാരായണന്റെ ഭൂമി ഇടപാടുകൾ കൂടി കൊണ്ടുവരാനുള്ള ശ്രമമാണ് രേഖകൾ പുറത്തുവിട്ടതിന് പിന്നിൽ. ഈ ഭൂമി ഇടപാടുകൾ സിബിഐ പരിശോധിക്കുമെന്നാണ് സൂചന.